നടി രേവതിയെ മലയാളികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്താന്‍ വലിയ ആമുഖത്തിന്റെ ആവശ്യമില്ല. ബുദ്ധിയും കഴിവും ഒരുപോലെ ചേര്‍ന്ന വളരെ കുറച്ച് നടിമാരില്‍ ഒരാളായ രേവതിയുടെ സ്വകാര്യ ജീവിതം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുള്ളതാണ്. സിനിമയില്‍ വന്ന് നാലാം വര്‍ഷമാണ് രേവതി ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അന്ന് വെറും 20 വയസ് മാത്രമായിരുന്നു പ്രായം. നടനും സംവിധായകനും സിനിമാറ്റോഗ്രാഫറുമൊക്കെയായ ഒത്ത ശരീരവും പൊക്കവും സൗന്ദര്യവുമുള്ള സുരേഷ് ചന്ദ്ര മേനോന്‍ രേവതിയുടെ മനസു കീഴടക്കുകയായിരുന്നു. വിവാഹം കഴിക്കുമ്പോള്‍ 29കാരനായിരുന്നു സുരേഷ് ചന്ദ്ര മേനോന്‍. ഭാര്യയുടെ സിനിമാ കരിയറിന് യാതൊരു തടസങ്ങളോ നിബന്ധനകളോ ഏര്‍പ്പെടുത്തിയിരുന്നില്ല സുരേഷ് ചന്ദ്ര മേനോന്‍. അതുകൊണ്ടു തന്നെയാണ്, കിലുക്കവും ദേവാസുരവും അടക്കമുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ രേവതിയ്ക്ക് കഴിവു തെളിയിക്കാന്‍ കഴിഞ്ഞത്.
ഇന്ത്യന്‍ ആര്‍മിയില്‍ മേജറായിരുന്ന കേളുണ്ണിയുടെയും ലളിതയുടെയും മകളായി കൊച്ചിക്കാരിയായാണ് രേവതി ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയിലാണ്. ആശാ കേളുണ്ണി നായര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. ഏഴാം വയസ് മുതല്‍ നൃത്തം പഠിച്ച് അരങ്ങേറ്റം നടത്തിയ ആശ സ്‌കൂളില്‍ പഠിക്കവേ ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. ഷോയ്ക്കിടെ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍ക്ക് ആശയുടെ മുഖവും ഭാവങ്ങളും ആകര്‍ഷകമായി തോന്നുകയും അദ്ദേഹം ഒരു സോളോ ഫോട്ടോയെടുത്ത് തമിഴിലെ ഒരു ജനപ്രിയ മാസികയുടെ കവര്‍ പേജിനായി അയച്ചുകൊടുത്തു. അവര്‍ അത് വലിയ പ്രാധാന്യത്തോടെ അച്ചടിച്ചു.
ഈ മാസികയുടെ മുഖചിത്രം കണ്ടാണ് ഭാരതിരാജ 'മണ്‍വാസനൈ' എന്ന പടത്തിലേക്ക് രാജ ആശയെ വിളിച്ചു വരുത്തി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. ഭാരതിരാജയാണ് രേവതി എന്ന പേര് നല്‍കിയതും. പിന്നീട് മലയാളത്തില്‍ കാറ്റത്തെ കിളിക്കൂടും. തുടര്‍ന്ന് അതിവേഗമാണ് തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയത്. ഒരേ സമയം മികച്ച നടിയും ബോക്‌സ്ഓഫിസ് ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുളള നായികയുമായി. ഈ തിളക്കങ്ങള്‍ക്കിടെയാണ് 20ാം വയസില്‍ സുരേഷ് മേനോനെ വിവാഹം കഴിച്ചത്. നല്ല സുഹൃത്തുക്കളും നല്ല ദമ്പതികളുമായിരുന്നു അവര്‍. ഒരേ രംഗത്തുളളവര്‍ എന്ന നിലയില്‍ പരസ്പരം മനസിലാക്കാന്‍ കഴിയുന്ന രണ്ടുപേര്‍. എന്നാല്‍ ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഭാര്യാഭര്‍ത്താക്കന്‍മാരായി തുടരാനാവില്ലെന്നും തമ്മില്‍ പിരിയുകയാണെന്നും അവര്‍ പരസ്യമായി പ്രഖ്യാപിച്ചു. അതിന്റെ കാര്യകാരണങ്ങള്‍ ആരോടും വെളിപ്പെടുത്തിയതുമില്ല. അതേ സമയം വിവാഹമോചിതരായ ശേഷവും നല്ല സുഹൃത്തുക്കളായി തുടര്‍ന്നു.
2002 മുതല്‍ ഇരുവരും അകന്നു ജീവിക്കുകയായിരുന്നു. വിത്യസ്ത കോടതികളിലായി ഇരുവരും വിവാഹമോചന ഹര്‍ജികള്‍ സമര്‍പ്പിച്ചപ്പോള്‍ 10 വര്‍ഷമായി അകന്നു കഴിയുകയാണെന്ന് കണ്ടെത്തിയപ്പോള്‍ മ്യൂച്വല്‍ ഡിവോഴ്സിലേക്ക് കാര്യങ്ങളെത്തിയിരുന്നു. തുടര്‍ന്ന് 2013ലാണ് തനിക്ക് 5 വയസ്സുളള മകളുണ്ടെന്ന് രേവതി പ്രഖ്യാപിച്ചത്. രേവതി ഐവിഎഫ് ചികിത്സയിലൂടെയാണ് മകള്‍ക്ക് ജന്മം നല്‍കിയത്. ഭര്‍ത്താവ് സുരേഷ് മേനോനുമായുള്ള ഡിവോഴ്‌സിന് പിന്നാലെയാണ് ഒരു കുഞ്ഞെന്ന സ്വപ്നത്തിലേക്ക് രേവതി എത്തിയത്. 2002ല്‍ ആയിരുന്നു രേവതിയും സുരേഷും വേര്‍പിരിയുന്നത്. ആദ്യം ഒരു കുട്ടിയെ ദത്തെടുക്കാന്‍ ആയിരുന്നു രേവതിയുടെ തീരുമാനം എന്നാല്‍ അത് നടക്കാതെ വന്നതോടെയാണ്, കുഞ്ഞെന്ന സ്വപ്നം ഐ വി എഫ് ലൂടെ രേവതി നേടുന്നത്.
തന്റെ 48ാം പിറന്നാള്‍ ദിനത്തില്‍ ആണ് രേവതി തന്റെ ജീവന്റെ ജീവനായ മകളെ ലോകത്തിന് പരിചയപ്പെടുത്തിയത്. എന്തുകൊണ്ട് സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷമായതിന്റെ കാരണം പങ്കുവച്ച കൂട്ടത്തില്‍ ആണ് മകളെയും പരിചയപ്പെടുത്തുന്നത്.