തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ജൂലിയുടെ വിയോഗത്തിന് ഒരു മാസം തികയുമ്പോള്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടി അനുശ്രീ. അവസാന ശ്വാസം വരെ ജൂലി ഹൃദയത്തിലുണ്ടാകുമെന്നും വാക്കുകള്‍ക്ക് അതീതമായി മിസ്സ് ചെയ്യുന്നുവെന്നും അനുശ്രീ
മലയാള സിനിമയില്‍ നാടന്‍ കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ മോഡേണ്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് അനുശ്രീ. തന്റെ അഭിനയവിശേഷങ്ങള്‍ക്കൊപ്പം വ്യക്തിജീവിതത്തിലെ സുപ്രധാന കാര്യങ്ങളും വളര്‍ത്തുമൃഗങ്ങളോടുള്ള സ്‌നേഹവുമെല്ലാം അനുശ്രീ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ജൂലിയുടെ വേര്‍പാടിന്റെ ഒരു മാസം തികയുമ്പോള്‍ അനുശ്രീ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ആരാധകരുടെ കണ്ണ് നനയിക്കുകയാണ്. കുടുംബാംഗത്തെപ്പോലെ കൂടെയുണ്ടായിരുന്ന ജൂലിയുടെ അസാന്നിധ്യം നല്‍കുന്ന നോവ് അനുശ്രീയുടെ വാക്കുകളില്‍ വ്യക്തമാണ്.
'കഴിഞ്ഞ മാസം, കൃത്യം ഇതേ സമയത്താണ് ജൂലിക്കുട്ടീ നീ ഞങ്ങളെ വിട്ടുപിരിഞ്ഞത്. നീയില്ലാതെ ഒരു മാസം കടന്നുപോയി. എന്റെ അവസാന ശ്വാസം വരെ നീ എന്നും എന്റെ ഹൃദയത്തിലുണ്ടാകും. ഞങ്ങള്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു ജൂലിക്കുട്ടാ... ഞങ്ങള്‍ നിന്നെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു. ഓരോ നിമിഷവും, ഓരോ മിനിറ്റിലും ഞങ്ങള്‍ നിന്നെ ഓര്‍ക്കുന്നു. നിന്റെ സാന്നിധ്യം, നിന്റെ സ്‌നേഹം, നിന്നോടൊപ്പമുള്ളതെല്ലാം... നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതുവരെ വിട ജൂലിക്കുട്ടീ... വാക്കുകള്‍ കൊണ്ട് പറഞ്ഞുതീര്‍ക്കാന്‍ കഴിയുന്നതിലും ഏറെ നിന്നെ മിസ്സ് ചെയ്യുന്നു. മിസ്സ് യു പൊന്നേ....'