വിഴിഞ്ഞത്ത് യുവാവിനെ റോഡിലിട്ട് മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ പ്രതികരിച്ച് നടി അനുശ്രീ. ലഹരിയുടെ മറവില്‍ നടക്കുന്ന ഇത്തരം തെമ്മാടിത്തരങ്ങള്‍ക്കെതിരെ നിയമം എവിടെയെന്ന് താരം ചോദിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടി തന്റെ രോഷം പങ്കുവെച്ചത്.
'വിഴിഞ്ഞം സംഭവത്തിലെ വീഡിയോ ഇപ്പോള്‍ കാണാനിടയായി. എന്താണ് ഇവിടെ നടക്കുന്നത്? ആര്‍ക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയാണ്. തല്ലിയാലും കൊന്നാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ചെയ്യുന്നവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ഇതൊക്കെ ഇത്ര ലാഘവത്തോടെ നടക്കുന്നത്. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങള്‍? ആര്‍ക്ക് വേണ്ടിയാണിവ? കഷ്ടം തന്നെ. കള്ളും കഞ്ചാവും അടിച്ചുകയറ്റി കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങള്‍... ദൈവത്തിന്റെ സ്വന്തം നാട്!' - അനുശ്രീ കുറിച്ചു.
മുക്കോലയിലെ ബാറിന് സമീപം ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് സുമന്‍ എന്ന യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. റോഡിലിട്ട് സുമനെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗത്തെത്തുടര്‍ന്നുള്ള തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.