സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകുമോ? ചിലർ അത് തുറന്ന് പറയില്ലെന്ന് മാത്രം. ഞാൻ ചെറുപ്പത്തിൽ തന്നെ പറഞ്ഞിരുന്നു എനിക്ക് അഭിനയിക്കണമെന്ന്.എന്നാൽ സജീവമായത് വിവാഹത്തിന് ശേഷവുമായിരുന്നു എന്ന് അനുസിത്താര. സിനിമ അതൊരിക്കലും സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അനു. മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പരാമർശം
'വിവാഹത്തിന് ശേഷമാണ് സിനിമയിൽ സജീവമാകുന്നത്. വിഷ്ണുവേട്ടന്റെയും (ഭർത്താവ് വിഷ്ണു) കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്. എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടൻ വരും. ടി.വിയിൽ എന്റെ ഒരു ചെറിയ പരസ്യം വന്നാൽ പോലും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും വിടാതെ കാണും.'
സലീം അഹമ്മദ് സംവിധാനം ചെയ്ത 'ആൻഡ് ദ ഓസ്‌കാർ ഗോസ് ടു' എന്ന ചിത്രത്തെക്കുറിച്ചും അനു സിതാര മനസ്സു തുറന്നു. 'സലീമിക്കയെപ്പോലെയുള്ള (സലീം അഹമ്മദ്) സംവിധായകർ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ പിന്നെ ഒന്നും ആലോചിക്കേണ്ട കാര്യമില്ല. ഓസ്‌കാർ ഗോസ് ടു.. എന്ന ചിത്രം സിനിമയിലെത്താൻ കഷ്ടപ്പെടുന്ന ഒരുപാട് പേരുടെ കഥയാണ്. എന്റെ ജീവിതവുമായി, അല്ലെങ്കിൽ എന്റെ സുഹൃത്തുക്കളുടെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഈ ചിത്രം സംസാരിക്കുന്നുണ്ട്.'
മറ്റു നടിമാരിൽ നിന്ന് അനുവിന് ഒരു പ്രത്യേകതയുണ്ട്. എല്ലാവരും സിനിമയിലെത്തിയതിനുശേഷം വിവാഹിതരാകുമ്പോൾ അനു വിവാഹത്തിന് ശേഷമാണ് സിനിമയിലെത്തിയത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് അനുവിന്റെ ഭർത്താവ്.പ്ലസ് ടുവിൽ പഠിക്കുന്നതിനിടയിൽ തുടങ്ങിയ പ്രണയം 20മാത്തെ വയസ്സിൽ വിവാഹത്തിലെത്തുകയായിരുന്നു. ദിലീപ് നായകനായ ശുഭരാത്രിയാണ് അനു സിതാരയുടെ ഏറ്റവും പുതിയ റിലീസ്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന മാമാങ്കം എന്ന ചിത്രത്തിലാണ് അനു സിതാര ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എം.പ്ദമകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.