Latest News

സ്റ്റാര്‍ സിംഗറില്‍ മൊട്ടിട്ട പ്രണയം;വീട്ടുകാരെ എതിര്‍ത്ത് വിവാഹവും; സ്റ്റാര്‍ സിംഗറിലെ അഞ്ജു ജോസഫിന്റെ ദാമ്പത്യം തകര്‍ന്ന കഥ

Malayalilife
 സ്റ്റാര്‍ സിംഗറില്‍ മൊട്ടിട്ട പ്രണയം;വീട്ടുകാരെ എതിര്‍ത്ത് വിവാഹവും; സ്റ്റാര്‍ സിംഗറിലെ അഞ്ജു ജോസഫിന്റെ ദാമ്പത്യം തകര്‍ന്ന കഥ

സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഞ്ജു ജോസഫ്. മനോഹരമായ പാട്ടും നിഷ്‌കളങ്കമായ ചിരിയുമായി വേദിയില്‍ നിറഞ്ഞ അഞ്ജു ആ ഷോയ്ക്ക് ശേഷം അനുഭവിച്ചത് സമാനതകളില്ലാത്ത ജീവിത പ്രശ്നങ്ങളായിരുന്നു. എല്ലാവരെയും പോലെ തന്നെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള ചുവടുവെപ്പാകും ഈ ഷോയെന്ന് കരുതി വന്ന ഗായികയായിരുന്നു അഞ്ജുവും. എന്നാല്‍ ഷോയില്‍ നിന്നും പുറത്തായതിനു ശേഷം അഞ്ജുവിനെ തേടിയെത്തിയത്, സ്റ്റാര്‍ സിംഗറിലൂടെ നേടിയ പ്രശസ്തി മാറ്റിവച്ചാല്‍ ബാക്കി മുഴുവന്‍ നിരാശകളും തകര്‍ച്ചകളും ആയിരുന്നു.

കോട്ടയം കാഞ്ഞിരപ്പള്ളിക്കാരിയാണ് അഞ്ജു ജോസഫ്. ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4ലാണ് അഞ്ജു മത്സരാര്‍ത്ഥിയായി എത്തിയത്. ഷോയില്‍ നിന്നും പുറത്തായെങ്കിലും ഗന്ധര്‍വ്വ സംഗീതം എന്ന റിയാലിറ്റി ഷോയില്‍ നിന്നും തേര്‍ഡ് റണ്ണറാപ്പായിരുന്നു അഞ്ജു. 2007ലെ സ്റ്റാര്‍ സിംഗറില്‍ വച്ചാണ് അഞ്ജുവും ഷോ പ്രൊഡ്യൂസറായിരുന്ന അനൂപ് ജോണും പരിചയപ്പെട്ടത്. തുടര്‍ന്ന് അഞ്ചു വര്‍ഷത്തോളം നീണ്ട പ്രണയമായിരുന്നു. അതിനിടെ സംഗീതത്തിനൊപ്പം പഠനവും മുന്നോട്ടു കൊണ്ടു പോയ അഞ്ജു ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ എംഎ നേടുകയും ചെയ്തു. എങ്കിലും സിനിമയില്‍ പാടുക എന്നതു തന്നെയായിരുന്നു അഞ്ജുവിന്റെ സ്വപ്നം. റിയാലിറ്റി ഷോയിലൂടെ അഞ്ജുവിനെ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങുകയും വിദേശത്തും നാട്ടിലുമായി നിരവധി അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു.

എന്നാല്‍ എക്കാലവും ആഗ്രഹിച്ചതു പോലെ സിനിമയിലേക്ക് ആരും വിളിച്ചില്ല. അവസാനം അവസരം ചോദിച്ചു നടക്കാന്‍ തുടങ്ങി. അപ്പോഴാണ് ശബ്ദം കൊള്ളില്ല എന്ന കമന്റുകളടക്കം വന്നു തുടങ്ങിയത്. അതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് പാടാന്‍ പോലും ധൈര്യമില്ലാതെയായി. അങ്ങനെയിരിക്കെയാണ് 2011ല്‍ 'ഡോക്ടര്‍ ലവ്' എന്ന ചിത്രത്തില്‍ പാടി സിനിമയില്‍ തുടക്കം കുറിച്ചത്. 'ലൂക്ക'യില്‍ 'ഒരേ കാറ്റില്‍...' എന്ന പാട്ടും തെലുങ്കിലും അവസരം ലഭിച്ചു. സിനിമയില്‍ പത്തിലധികം പാട്ടുകളും കുറച്ച് കവര്‍ സോങ്ങുകളും ചെയ്തിരിക്കവേയാണ് വീട്ടുകാരുടെ ചെറിയ എതിര്‍പ്പ് ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം മറികടന്ന് 2013ല്‍ അഞ്ജുവും അനൂപും വിവാഹിതരായത്. അഞ്ചു വര്‍ഷത്തിലധികം ഇരുവരും ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നു. പക്ഷെ, പിന്നീട് ആ ദാമ്പത്യം തകര്‍ച്ചയുടെ വക്കിലേക്കാണ് എത്തിയത്. പിന്നാലെ വിവാഹമോചനവും സംഭവിച്ചു.

ഇതോടെ ആകെ തകര്‍ന്നു പോവുകയായിരുന്നു അഞ്ജു. പിന്നീട് ജീവിതത്തിലും കരിയറിലുമെല്ലാം തോറ്റുപോയി എന്ന ചിന്തയായി. രണ്ടു തവണ ഡിപ്രഷന്‍ അടക്കം പല പ്രശ്നങ്ങളും അനുഭവിക്കുകയും ചെയ്തു. അതിനിടയിലും ഷോ ചെയ്യുന്നുണ്ടായിരുന്നു. ഷോയ്ക്ക് പോകുന്ന ദിവസം രാവിലെ ഇരുന്ന് കരയും. അല്ലെങ്കില്‍ സ്റ്റേജില്‍ കയറുന്നതിന് മുന്നേ ഇരുന്ന് കരയും. പ്രശ്നങ്ങള്‍ പുറത്തു കാണിക്കാതെയാണ് പെര്‍ഫോം ചെയ്തുകൊണ്ടിരുന്നത്. ആ സമയത്ത് അഞ്ജു ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്ന നാളുകളായിരുന്നു കടന്നു പോയിരുന്നത്.

ഒന്ന് രണ്ടുമാസം ഉറക്കമില്ലാതെ ഇരുന്ന് കരഞ്ഞ കാലമായിരുന്നു. അതില്‍ നിന്നും എങ്ങനെ കയറി വരണമെന്ന് പോലും അറിയില്ലായിരുന്നു. പിന്നീട് സുഹൃത്തുക്കളുടേയും തെറാപ്പിസ്റ്റുകളുടേയും സഹായത്താലാണ് സാധാരണ ജീവിതത്തിലേക്ക് അഞ്ജു തിരിച്ചു വന്നത്. ആ വേദനകളെയെല്ലാം മറികടന്ന ശേഷമാണ് അഞ്ജു സ്വന്തമായൊരു ബാന്‍ഡ് ആരംഭിച്ച് ഇന്‍ഡിപെന്‍ഡന്റ് മ്യുസിഷ്യനായി മാറിയത്. അതിനെല്ലാത്തിനും സഹായിച്ചത് തെറാപ്പിയാണ്. അതുപോലെ പലയിടങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടതും മാറ്റിനിര്‍ത്തപ്പെട്ടതുമാണ് കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകുവാനും സഹായിച്ചത്. ഇന്ന് തന്റെ സന്തോഷത്തിന് വേണ്ടിയാണ് താന്‍ ജീവിക്കുന്നത്. ജീവിതത്തില്‍ സെല്‍ഫ് ലവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും അഞ്ജു ജോസഫ് പറഞ്ഞു.

സ്റ്റാര്‍ മാജിക് എന്ന സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ ഷോയുടെ പ്രൊഡ്യൂസറാണ് അനൂപ് ജോണ്‍ ഇപ്പോള്‍.


 

Read more topics: # അഞ്ജു ജോസഫ്.
anju josaph about real Life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES