വിത്ത് ലവ്' എന്ന തമിഴ് ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലെ തന്റെ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അനശ്വര രാജന്‍. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. 'സാധാരണയായി ഇത്തരം വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ തെറ്റായ ഈ പ്രചാരണം കണ്ടപ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല,' അനശ്വര കുറിച്ചു.
ഏകദേശം ഇരുപത് മിനിറ്റോളം നീണ്ടുനിന്ന തമാശ നിറഞ്ഞ ഒരു അഭിമുഖത്തില്‍ വളരെ ലഘുവായി താന്‍ പറഞ്ഞ വാക്കുകള്‍ അടര്‍ത്തിയെടുത്ത്, ഗുരുതര സ്വഭാവമുള്ള പ്രസ്താവനയായി അവതരിപ്പിച്ചത് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഇത് മാധ്യമപ്രവര്‍ത്തനമല്ലെന്നും അവര്‍ ആരോപിച്ചു.
'വാര്‍ത്തയില്‍ എന്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിക്കുകയാണ്. ഇത് കേവലം ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ്. ഞാന്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയുന്നത് എന്നെ വിഷമിപ്പിച്ചു,' അനശ്വര കൂട്ടിച്ചേര്‍ത്തു. 'ചിത്രത്തിന്റെ സെറ്റില്‍ മറ്റുള്ളവരുമായി വൈബ് സെറ്റാകാന്‍ മണ്ടിയെപ്പോലെ അഭിനയിച്ചു' എന്ന തരത്തിലുള്ള ഒരു വാര്‍ത്താകാര്‍ഡിന്റെ ചിത്രം പങ്കുവെച്ചായിരുന്നു നടിയുടെ പ്രതികരണം.
നവാഗതനായ മദന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'വിത്ത് ലവ്' ഒരു റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. പുതിയ കാലഘട്ടത്തിലെ യുവത്വത്തിന്റെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകന്‍ അബിഷന്‍ ജീവിന്താണ് ഈ ചിത്രത്തിലെ നായകന്‍. ഫെബ്രുവരി ആറിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.