സ്വത്ത് തട്ടിയെടുത്തെന്ന സഹോദരിയായ നടി രാധയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മറുപടിയുമായി നടി അംബികയും സഹോദരനും രംഗത്ത്. തന്റെ അറിവില്ലാതെ ചെന്നൈയിലെ എആര്‍എസ് ഗാര്‍ഡന്‍ രാധ വില്‍ക്കാന്‍ ശ്രമിച്ചെന്നും സ്വര്‍ണം തട്ടിയെടുത്തെന്നും അംബിക വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു. ചെക്ക് കേസില്‍ രാധയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുമ്പോഴാണ് അവര്‍ പരാതിയുമായി എത്തിയതെന്ന് അംബിക പറഞ്ഞു.
രാധയുടെ ഭര്‍ത്താവാണ് നീക്കങ്ങള്‍ക്ക് പിന്നില്‍. കോടികള്‍ വിലമതിക്കുന്ന ചെന്നൈയിലെ എആര്‍എസ് ഗാര്‍ഡന്‍സ് തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തനിക്കു കൂടി അവകാശപ്പെട്ട ഭൂമിയാണത്. എആര്‍എസ് എന്ന പേരുമാറ്റി പുതിയ പേരിട്ടത് വളരെ വിഷമിപ്പിച്ചു. വീടും ഓഡിറ്റോറിയവും എല്ലാം ഹോട്ടല്‍ ആക്കാനാണ് രാധയും കുടുംബവും ശ്രമിക്കുന്നത്. നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്നതിനാലാണ് ആരെയും ഇക്കാര്യം അറിയിക്കാത്തത്. വീട്ടിലെ കാര്യങ്ങള്‍ വീട്ടില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് രാധ ആരോപണവുമായി എത്തിയതെന്നും അംബിക പറഞ്ഞു.
തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും 50 സെന്റ് ഭൂമിയും സ്വര്‍ണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു. തന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തര്‍ക്കപരിഹാരത്തിനായി രാധ ചെക്കുകള്‍ കൈമാറിയെന്നും ഇത് മറച്ചുവെച്ചാണ് തനിക്കെതിരായ വ്യാജ ആരോപണമെന്നും അംബിക പറഞ്ഞു. ചെന്നൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. അംബികയ്‌ക്കെതിരേ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരിയും നടിയുമായ രാധ രംഗത്തെത്തിയിരുന്നു. അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുന കുഞ്ഞന്‍ നായര്‍ക്കുമെതിരേയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ നേരിട്ടെത്തി രാധ പരാതി നല്‍കിയത്.
അംബികയും സഹോദരനും ചേര്‍ന്ന് തന്റെ ചെക്കുകള്‍ ദുരുപയോഗം ചെയ്ത് അക്കൗണ്ടില്‍നിന്ന് 46 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ചെക്ക് ബൗണ്‍സ് ആയ താനാണ് പരാതി നല്‍കേണ്ടത്. അതിനു പകരം ചെക്ക് നല്‍കിയ രാധയാണോ പരാതിപ്പെടേണ്ടതെന്ന് അംബിക ചോദിച്ചു. മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് രാധ തനിക്ക് ചെക്ക് തന്നത്. ഒരു സഹോദരി അങ്ങനെ ചെയ്യാമോ? ഒന്നര വര്‍ഷമായി കോടികളുടെ ചെക്ക് ആരെങ്കിലും സൂക്ഷിക്കുമോ? ഇങ്ങനെ ചെയ്യുമ്പോള്‍ തന്നോട് ഒരു വാക്ക് പറയാമായിരുന്നു എന്നും വിതുമ്പിക്കരഞ്ഞ് അംബിക പറഞ്ഞു.
ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് ഒരുകാലത്ത് തിളങ്ങിനിന്ന സഹോദരിമാരായ അംബികയും രാധയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങളും ആരോപണങ്ങളും സിനിമാ ലോകത്തെയും ആരാധകരെയും ഒരേപോലെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളോളം പ്രേക്ഷകരുടെ പ്രിയപ്പെട്ട സഹോദരിമാരായി തിളങ്ങിയ ഇരുവരും ചേര്‍ന്ന് പ്രശസ്തിയുടെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍ ഒരു മൂവി സ്റ്റുഡിയോ സ്വന്തമാക്കുന്നത്. പിന്നീട് 2013-ല്‍ ഈ സ്റ്റുഡിയോ ഒരു ഹോട്ടല്‍ സമുച്ചയമാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വത്തിന്റെയും പണത്തിന്റെയും പേരില്‍ ഇരുവര്‍ക്കുമിടയില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുന കുഞ്ഞന്‍ നായര്‍ക്കുമെതിരെ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതിയുമായി നടി രാധ ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയതോടെയാണ് വിഷയത്തിന്റെ തുടക്കം. തന്റെ അറിവോ സമ്മതമോ ഇല്ലാതെ വീട്ടില്‍ നിന്നും കൈക്കലാക്കിയ ചെക്ക് സഹോദരന്‍ മല്ലികാര്‍ജുന കുഞ്ചന്‍ നായരും അംബികയും ചേര്‍ന്ന് നിയമവിരുദ്ധമായി ഉപയോഗിച്ച് 46 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് രാധ ആരോപിക്കുന്നത്. കൂടാതെ സ്വത്ത് സംബന്ധമായ രേഖകളും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തന്നെ തടയുന്നു എന്നും രാധ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തന്റെ പരാതിയെക്കുറിച്ച് രാധ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. 'എ.ആര്‍.എസ്. ഗാര്‍ഡന്‍' എന്ന തന്റെ സ്റ്റുഡിയോയുടെ പേരിലുള്ള ചെക്കാണ് തട്ടിയെടുത്തതെന്നും സ്റ്റുഡിയോ നടത്തിപ്പുകള്‍ക്കായുള്ള ദൈനംദിന ചെലവുകള്‍ക്കായാണ് ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ വീട്ടില്‍ സൂക്ഷിച്ചു വെച്ചിരുന്നതെന്നും രാധ പറഞ്ഞു. 46 കോടി രൂപ പിന്‍വലിക്കാനായിരുന്നു അംബികയുടെയും സഹോദരന്റെയും ശ്രമം. എന്നാല്‍, ബാങ്കില്‍നിന്ന് എസ്.എം.എസ്. സന്ദേശം ലഭിച്ച ഉടന്‍ ഇടപാടു നിര്‍ത്തുവെക്കാന്‍ നിര്‍ദേശം നല്‍കിയതിനാലാണ് പണം നഷ്ടപ്പെടാതിരുന്നത്. അംബികയും സഹോദരനും ചേര്‍ന്ന് ഗൂഢാലോചനയിലൂടെ പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും രാധ ആരോപിച്ചിരുന്നു. എന്നാല്‍, രാധയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് നടിയും സഹോദരിയുമായ അംബികയും സഹോദരനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി രംഗത്തെത്തി. ചെന്നൈയിലും തിരുവനന്തപുരത്തുമായി നടന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ അംബിക തന്റെ ഭാഗം വ്യക്തമാക്കി.
തന്നെ വഞ്ചിച്ചത് സഹോദരി രാധയാണെന്നും തന്റെ 50 സെന്റ് ഭൂമിയും സ്വര്‍ണമടക്കമുള്ള വസ്തുക്കളും തട്ടിയെടുത്തെന്നും അംബിക ആരോപിച്ചു. തന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും തര്‍ക്കപരിഹാരത്തിനായി രാധ തന്നെയാണ് ചെക്കുകള്‍ കൈമാറിയതെന്നും അംബിക പറഞ്ഞു. ഇത് മറച്ചുവെച്ചാണ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. കുടുംബത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നതിലെ വിഷമം പങ്കുവെച്ചുകൊണ്ടാണ് അംബിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു തുടങ്ങിയത്. 'കുടുംബത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ ഇങ്ങനെ വന്ന് പറയുന്നതില്‍ എനിക്ക് ഒട്ടും താത്പര്യമില്ല. അത്രമേല്‍ സ്നേഹത്തോടെ കഴിഞ്ഞ ഞങ്ങളുടെ കുടുംബം ഇങ്ങനെ ആവണമെങ്കില്‍ അതിന്റെ ഒരേ ഒരു കാരണം പണം മാത്രമാണ്. കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്ന കാര്യമായതിനാലാണ് ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാന്‍ സാധിക്കാത്തത്. ഒരൊറ്റ കാര്യം വ്യക്തമാക്കാം, എആര്‍എസ് എന്ന ഞങ്ങളുടെ പ്രോപ്പര്‍ട്ടി വില്‍ക്കുന്നില്ല. അതിന് സാധിക്കില്ല. ആരെങ്കിലും ശ്രമിച്ചാല്‍ അതിന് ഞാന്‍ സമ്മതിക്കുകയുമില്ല,' എന്ന് അംബിക പറഞ്ഞു.
ചെക്ക് മോഷ്ടിച്ചു എന്ന ആരോപണത്തിന് അംബിക ശക്തമായ ഭാഷയിലാണ് മറുപടി നല്‍കിയത്. 'ചെക്ക് നല്‍കിയിട്ട് മോഷ്ടിച്ചെന്ന് പറയാന്‍ പറ്റുമോ? പണം തട്ടിയെടുത്തുവെന്ന ആരോപണത്തില്‍... വാസ്തവത്തില്‍ ഞാനാണ് പറ്റിക്കപ്പെട്ടത്. ഞാനാണ് പരാതി കൊടുക്കേണ്ടത്. പക്ഷെ ഞാനത് ചെയ്യില്ല,' എന്ന് അംബിക വ്യക്തമാക്കി. സിനിമാ രംഗത്തെ തുടക്കകാലത്തെയും അധ്വാനത്തെയും കുറിച്ച് അംബിക തുടര്‍ന്നു സംസാരിച്ചു. 'ഞാന്‍ തുടങ്ങിവെച്ചതാണ് ഇതെല്ലാം. അംബികയുടെ അനിയത്തി എന്ന നിലയിലാണ് രാധയ്ക്ക് സിനിമയിലേക്ക് അവസരം കിട്ടിയത്. സമ്പാദിച്ചു തുടങ്ങിയതും ഞാനാണ്. അത് എത്രയാണ് എങ്ങനെയാണ് എന്നതൊക്കെ രാധ മറന്നാലും ഇന്‍ഡസ്ട്രിയിലുള്ള പലര്‍ക്കും അതൊക്കെ അറിയാം. മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാവാത്ത ഒരേ ഒരു സാധനം പണമാണ്,' എന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.
മുന്‍കാലങ്ങളിലെ തങ്ങളുടെ ഊഷ്മളമായ സഹോദരീബന്ധത്തെ വിതുമ്പലോടെയാണ് അംബിക ഓര്‍ത്തെടുത്തത്. 'ഒരു കാലത്തില്‍ സഹോദരിമാര്‍ എന്നാല്‍ അങ്ങനെ വേണമെന്ന് പറഞ്ഞിരുന്നു ഞങ്ങളെ കുറിച്ച്. ഒരേ പോലെ ഡ്രസ്സൊക്കെയിട്ടാണ് ഞങ്ങള്‍ നടന്നുകൊണ്ടിരുന്നത്. ഓണത്തിന് അച്ഛന്‍ ഹൈദരബാദില്‍ നിന്ന് വരുമ്പോള്‍ മൂന്ന് പേര്‍ക്കും വേറെ വേറെ നിറത്തിലുള്ള ഒരുപോലെയുള്ള പട്ട് പാവാടകള്‍ കൊണ്ടുതരുമായിരുന്നു. സഹോദരിമാര്‍ രണ്ട് പേരും എടുത്തതിന് ശേഷമാണ് ഞാന്‍ എടുക്കുന്നത്,' എന്ന് അംബിക വികാരഭരിതയായി പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ഉണ്ടായ ഈ അകല്‍ച്ചയെക്കുറിച്ച് അംബിക സംസാരം അവസാനിപ്പിച്ചത് പ്രാര്‍ത്ഥനയിലും ദൈവത്തിലുമുള്ള വിശ്വാസം പങ്കുവെച്ചുകൊണ്ടാണ്.
'അത്രയധികം സ്നേഹത്തോടെ കഴിഞ്ഞ ഞങ്ങളുടെ ഇടയില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം പണം മാത്രമാണ്. എനിക്കതില്‍ പ്രശ്നമില്ല. ഞാന്‍ അത്രയധികം ദൈവത്തെ വിശ്വസിക്കുന്നു. ഞാന്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ എന്നെ വിട്ടുകൊടുക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്. പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക ശക്തിയാണ്. ദയവ് ചെയ്ത് ഇതിനെ കുറിച്ച് അറിയാത്തവര്‍ കണ്ടതും കേട്ടതും പറഞ്ഞ് പ്രചരിപ്പിക്കരുത് എന്ന് മാത്രമാണ് എനിക്ക് അപേക്ഷിക്കാനുള്ളത്,' എന്ന് അംബിക പറഞ്ഞു നിര്‍ത്തി.