നരഹത്യ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നടന്‍ അല്ലു അര്‍ജുന് പൊലീസ് നോട്ടിസ്. ചൊവാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടിസ് അയച്ചത്. കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹൈക്കോടതി അല്ലു അര്‍ജുന്‍ ജാമ്യം നല്‍കിയിരുന്നു.
ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരുക്കേല്‍ക്കുകയും ചികിത്സ്യയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തിരുന്നു. പിന്നാലെ അല്ലു അര്‍ജുനെ വീട്ടിലെത്തി പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നാലെ ജാമ്യം ലഭിച്ച് അദ്ദേഹം പുറത്തിറങ്ങുകയും ചെയ്തിരുന്നു.
തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതിനു തിയറ്റര്‍ ഉടമകള്‍, അല്ലു അര്‍ജുന്‍, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്.
അതേസമയം അല്ലു അര്‍ജുനെതിരെ ഗുരുതര ആരോപണങ്ങളാണ് പൊലീസ് ഉന്നയിക്കുന്നത്. പ്രീമയര്‍ ഷോക്കിടെ സ്ത്രീ മരിച്ച വിവരം പോലീസ് അറിയിച്ചില്ലെന്ന നടന്റെ വാദം കള്ളമാണെന്ന് തെലങ്കാന പോലീസ് പറഞ്ഞു. അല്ലു അര്‍ജുന്‍ എത്തിയ സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
ഷോ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അല്ലു അര്‍ജുന്‍ ഡിസിപിക്കൊപ്പം പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം അറിയിച്ചു. തിയേറ്ററില്‍ നിന്ന് ഉടന്‍ മടങ്ങണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അനുകൂല പ്രതികരണം അല്ലാത്തതിനാല്‍ എസിപി നേരിട്ട് നടനോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഷോ പൂര്‍ത്തിയാകും വരെ തിയേറ്ററില്‍ തുടരുമെന്നായിരുന്നു അല്ലു അര്‍ജുന്റെ മറുപടി. തുടര്‍ന്ന് എസിപി ഡിസിപിയെ ബാല്‍ക്കണയിലേക്ക് വിളിച്ചുകൊണ്ടുവന്ന് നടനെ പുറത്തിറക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇതിനിടെ വീടിന് നേരെ ആക്രമണം ഉണ്ടായതോടെ ജൂബിലി ഹില്‍സിലെ വീട് വിട്ട് മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്റെ കുടുംബം. ആക്രമണം നടക്കുമ്പോള്‍ നടന്‍ വീട്ടിലുണ്ടായിരുന്നില്ല. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം സ്‌നേഹവും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കാറില്‍ കയറി പോവുകയായിരുന്നു. അല്ലുവിന്റെ വീട്ടില്‍ നിന്ന് കുട്ടികളുമായി കാറ് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതികരണവുമായി നടന്റെ അച്ഛന്‍ അല്ലു അരവിന്ദ് എത്തി. ''ഇന്ന് ഞങ്ങളുടെ വീട്ടില്‍ നടന്നത് എന്താണ് എന്ന് എല്ലാവരും കണ്ടു. ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട സമയമാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. പൊലീസ് അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.'
'വീടിന് നേരെ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളെ ആരും പ്രോത്സാഹിപ്പിക്കരുത്'' എന്നാണ് അല്ലു അരവിന്ദ് പറഞ്ഞത്. അതേസമയം, ഇന്നലെയാണ് നടന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. പുഷ്പ 2 റിലീസ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടാണ് ഒരു സംഘം വീട് ആക്രമിച്ചത്.
ഉസ്മാനിയ സര്‍വകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗേറ്റ് ചാടിക്കടന്ന സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് വീട് അതിക്രമിച്ചു കയറിയത്. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.