അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി. പുഷ്പ2; ദ് റൂള്‍ എന്ന ചിത്രത്തില്‍ എടുത്ത ഒരു രംഗത്തിന്റെ പേരിലാണ് താരത്തിനെതിരെ പുതിയ പരാതി നല്‍കിയിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്കെതിരെയും താരത്തിനെതിരെയും കോണ്‍ഗ്രസ് നേതാവും തെലങ്കാന എംഎല്‍എയുമായ തീന്‍മാര്‍ മല്ലണ്ണയാണ് പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ വിവാദ രംഗത്തിന്റെ പേരില്‍ സംവിധായകന്‍ സുകുമാര്‍, നടന്‍ അല്ലു അര്‍ജുന്‍, പ്രൊഡക്ഷന്‍ ടീം എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞായറാഴ്ച നല്‍കിയ പരാതി.
ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ നോക്കി നില്‍ക്കെ അല്ലു അര്‍ജുന്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന ഒരു സീനുണ്ട്. ഇതിനെതിരെയാണ് പരാതി. മര്യാദയില്ലാത്ത സീനാണിത്, ബഹുമാനം എന്നൊന്ന് ഇല്ലാത്തത്. നിയമപാലകരുടെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സീന്‍. ഇത് എങ്ങനെ അംഗീകരിക്കാനാകും എന്നാണ് കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പേരില്‍ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറിനും നിര്‍മാതാക്കള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്നാണ് മല്ലണ്ണയുടെ ആവശ്യം.
തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ കേസ് നടക്കുമ്പോഴാണ് അല്ലു അര്‍ജുനെതിരെ പുതിയ പരാതി. കേസുമായി ബന്ധപ്പെട്ട് താരത്തെ അറസ്റ്റ് ചെയ്‌തെങ്കിലും തെലങ്കാന ഹൈകോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയും കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കുകയും ചെയ്തു. ഞായറാഴ്ച ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ നടന്റെ വസതി അടിച്ചു തകര്‍ത്തതോടെ വിവാദം രൂക്ഷമായി.
ഒസ്മാനിയ യൂനിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും മരിച്ച സ്ത്രീക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ന് അല്ലുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.