ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിതുറക്കുന്നതിനിടെ ചിരിയും ചിന്തയും ഉണര്‍ത്തുന്ന പുതിയ റീലുമായി ഇന്‍ഫ്‌ലുവന്‍സറും നടനുമായ അഖില്‍ എന്‍ആര്‍ഡി രംഗത്ത്. 'ചിരിച്ചേ ചിരിച്ചേ' എന്ന അടിക്കുറിപ്പോടെയാണ് അഖില്‍ തന്റെ പുതിയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ റീല്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി മാറി.
ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങിലേക്ക് ഫോട്ടോഗ്രാഫറായ മറ്റൊരു സുഹൃത്തിനെ ക്ഷണിക്കാന്‍ എത്തുന്നതാണ് റീലിന്റെ പ്രമേയം. ചടങ്ങിലേക്ക് വരാമെന്ന് ഏല്‍ക്കുമ്പോള്‍, 'വരുമ്പോള്‍ ക്യാമറ കൂടി കൊണ്ടുവരണം' എന്ന് സുഹൃത്ത് ആവശ്യപ്പെടുന്നു. അതായത്, ചടങ്ങില്‍ സുഹൃത്തിന്റെ സാന്നിധ്യത്തേക്കാള്‍ ഉപരി അദ്ദേഹത്തിന്റെ ക്യാമറ മാത്രമാണ് ആവശ്യപ്പെടുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് വീഡിയോയിലൂടെ തമാശരൂപേണ അവതരിപ്പിക്കുന്നത്. ഒടുവില്‍ 'ചിരിച്ചേ ചിരിച്ചേ' എന്ന് പറഞ്ഞ് ഒരു ചെറുചിരിയോടെയാണ് അഖില്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
വ്യക്തിജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് അഖില്‍ പുതിയ റീലുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ദാമ്പത്യജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളില്‍ ഇതുവരെയും പരസ്യ പ്രതികരണത്തിന് അഖില്‍ തയ്യാറായിരുന്നില്ല. വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു റീല്‍ പങ്കുവയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വീഡിയോയ്ക്ക് താഴെ വലിയ പിന്തുണയുമായി ആരാധകരും സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ളവര്‍ കമന്റ് ബോക്‌സില്‍ എത്തുന്നുണ്ട്. നടന്‍ കാളിദാസ് ജയറാം, ഗായിക ഹനാന്‍ ഷാ, ഇന്‍ഫ്‌ലുവന്‍സര്‍മാരായ ദിയ കൃഷ്ണ, അപര്‍ണ തോമസ് തുടങ്ങി നിരവധി പ്രമുഖരാണ് അഖിലിന് പിന്തുണയുമായി രംഗത്തെത്തിയത്.
തങ്ങളുടെ സ്‌നേഹവും ഐക്യദാര്‍ഢ്യവും അറിയിച്ചുകൊണ്ട് കമന്റുകളുടെ പ്രവാഹമാണ് പോസ്റ്റിന് താഴെയുള്ളത്. അഖിലിന് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന വന്‍ ജനപ്രീതി തെളിയിക്കുന്നതാണ് ഈ റീലിന്റെ വ്യൂസ്. പോസ്റ്റ് ചെയ്ത് വെറും ഒരു മണിക്കൂറിനകം തന്നെ 5 മില്യണിലധികം (50 ലക്ഷം) ആളുകളാണ് ഈ വീഡിയോ കണ്ടത്.ഇപ്പോള്‍ ഏകദേശം 20 മില്യണ്‍ കാഴ്ചക്കാര്‍ ആയിട്ടുണ്ട്. പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ട ഇന്‍ഫ്‌ലുവന്‍സറെ ചേര്‍ത്തുപിടിക്കുന്ന കാഴ്ചയ്ക്കാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.