Latest News

പ്രശസ്ത ഗായകന്റെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി ഡേറ്റിംഗ് ആപ്പിലൂടെ പ്രണയം; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായി ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ച്; 16 പേര്‍ക്കെതിരെ എഫ്ഐആര്‍; സത്യം തുറന്നുപറഞ്ഞ് 'നാട്ടു നാട്ടു' ഗായകന്‍! 

Malayalilife
 പ്രശസ്ത ഗായകന്റെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി ഡേറ്റിംഗ് ആപ്പിലൂടെ പ്രണയം; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായി ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ച്; 16 പേര്‍ക്കെതിരെ എഫ്ഐആര്‍; സത്യം തുറന്നുപറഞ്ഞ് 'നാട്ടു നാട്ടു' ഗായകന്‍! 

വിശാഖപട്ടണം സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ വ്യക്തത വരുത്തിയും പ്രതികരണമറിയിച്ചും പ്രശസ്ത തെലുങ്ക് ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ച് രംഗത്തെത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള എം.വി.പി കോളനി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് പിന്നീട് വിശാഖപട്ടണം വനിതാ പോലീസിന് അന്വേഷണത്തിനായി കൈമാറുകയായിരുന്നു. 

എസ്.എസ്. രാജമൗലിയുടെ ആഗോള പ്രശസ്തമായ 'ആര്‍.ആര്‍.ആര്‍' എന്ന ചിത്രത്തിലെ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഗായകനാണ് രാഹുല്‍ സിപ്ലിഗഞ്ച്. കൂടാതെ തെലുങ്ക് ബിഗ് ബോസ് സീസണ്‍ 3 ജേതാവ് കൂടിയായ രാഹുല്‍ സിപ്ലിഗഞ്ചിനെതിരെ കേസ് വന്നത് സിനിമാ-സംഗീത ലോകത്ത് വലിയ ചര്‍ച്ചയായി മാറി. 

കഴിഞ്ഞ വര്‍ഷം 'ബംബിള്‍' ഡേറ്റിംഗ് ആപ്പിലൂടെയാണ് പരാതിക്കാരിയും കേസിലെ ഒന്നാം പ്രതിയായ കര്‍പ്പുരപു രാഹുല്‍ റെഡ്ഡിയും തമ്മില്‍ പരിചയപ്പെടുന്നത്. ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ചിന്റെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് രാഹുല്‍ റെഡ്ഡി തന്നോട് അടുത്തതെന്നാണ് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. 

വിവാഹവാഗ്ദാനം നല്‍കി രാഹുല്‍ റെഡ്ഡി തന്നെ പീഡിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. പിന്നീട് രാഹുല്‍ റെഡ്ഡിയുടെ കുടുംബാംഗങ്ങള്‍ തങ്ങള്‍ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും തനിക്കെതിരെ ഭീഷണി ഉയര്‍ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. രാഹുല്‍ റെഡ്ഡി തനിക്കെതിരെ ഭീഷണി മുഴക്കിയതായും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്തതായും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. 

ഇത് തന്റെ വ്യക്തിജീവിതത്തെയും മാനത്തെയും കഠിനമായി ബാധിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ച് തന്നോട് ഒരു വീഡിയോ പ്രസ്താവന നല്‍കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകള്‍ പ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ സിപ്ലിഗഞ്ച്, ഭാര്യ ഹരിണ്യ റെഡ്ഡി, രാഹുല്‍ റെഡ്ഡി എന്നിവരുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് 16 പേര്‍ക്കെതിരെയാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് വിശാഖപട്ടണം പോലീസ് ഔദ്യോഗികമായി അറിയിച്ചു. 

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തനിക്കെതിരെ കേസെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് രാഹുല്‍ സിപ്ലിഗഞ്ച് തുറന്നുപറഞ്ഞത്. കേസിലെ ഒന്നാം പ്രതിയായ രാഹുല്‍ റെഡ്ഡി തന്റെ ഭാര്യ ഹരിണ്യ റെഡ്ഡിയുടെ ബന്ധുവാണെന്ന് ഗായകന്‍ സ്ഥിരീകരിച്ചു.  പരാതിക്കാരിയും രാഹുല്‍ റെഡ്ഡിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇരുവരും തമ്മിലുണ്ടായ വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണ് പോലീസില്‍ പരാതിപ്പെടുന്നതിലേക്ക് നയിച്ചതെന്നും രാഹുല്‍ സിപ്ലിഗഞ്ച് അവകാശപ്പെട്ടു. 

നിലവില്‍ പോലീസുമായി താന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിക്കാരിയും രാഹുല്‍ റെഡ്ഡിയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും, നിലവില്‍ ഇരുവിഭാഗവും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടുണ്ടെന്ന് ഗായകന്‍ അവകാശപ്പെട്ടു. ഒരു അഭിഭാഷകനാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും പോലീസിനും മാധ്യമങ്ങള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തി നല്‍കി തന്നെ കേസില്‍ കുടുക്കിയതെന്നുമാണ് രാഹുല്‍ സിപ്ലിഗഞ്ചിന്റെ വിശദീകരണം.

rahul sipligunj issues clarification

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES