വിവാഹബന്ധത്തെക്കുറിച്ചും ജീവിത പങ്കാളിത്തത്തെക്കുറിച്ചുമുള്ള തന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തി പ്രശസ്ത ബോളിവുഡ് താരം പൂജ ബേദി. പങ്കാളിയായ മാണിക് കോണ്‍ട്രാക്ടറുമായി വിവാഹനിശ്ചയം കഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയായെങ്കിലും, ഇനി മറ്റൊരു വിവാഹത്തിന് തനിക്ക് പദ്ധതിയില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൂജ വ്യക്തമാക്കി.
പൂര്‍ണ്ണമായും പരമ്പരാഗതമായ വിവാഹ സങ്കല്‍പ്പങ്ങളില്‍ വിശ്വസിച്ചിരുന്ന തനിക്ക് ജീവിതാനുഭവങ്ങളാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് താരം പറഞ്ഞു. മാണിക് കോണ്‍ട്രാക്ടറുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ്. എപ്പോഴാണ് വിവാഹം എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ ഇനി വിവാഹം കഴിക്കുന്നില്ലെന്നാണ് താന്‍ മറുപടി നല്‍കാറുള്ളതെന്ന് പൂജ കൂട്ടിച്ചേര്‍ത്തു. ഒരാള്‍ മോതിരം അണിയിച്ച് ഒപ്പം ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതിലും, പങ്കാളിയായും ഭര്‍ത്താവായും കുഞ്ഞുങ്ങളുടെ പിതാവായും ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്ന ഉറപ്പുനല്‍കുന്നതിലുമാണ് കാര്യം. ആ പ്രതിബദ്ധത (commitment) മാത്രം മതിയാകും, അതിനപ്പുറം ഔദ്യോഗിക വിവാഹത്തിന്റെ ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.
നിയമപരമായ വിവാഹത്തില്‍ ഏര്‍പ്പെടാതിരിക്കുന്നത് സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ സഹായിക്കുമെന്നും താരം ചൂണ്ടിക്കാട്ടി. താന്‍ ഒരു തവണ വിവാഹവും വിവാഹമോചനവും കഴിഞ്ഞ വ്യക്തിയാണെന്നും രണ്ടു മക്കളുണ്ടെന്നും പൂജ ഓര്‍മ്മിപ്പിച്ചു. മാണിക്കിന്റെ കാര്യവും സമാനമാണ്. വേറെ വിവാഹം കഴിക്കാതിരുന്നാല്‍ സ്വത്തുക്കളുടെ കാര്യങ്ങളില്‍ വലിയ സൗകര്യമുണ്ട്. തന്റെ സ്വത്തുക്കള്‍ തന്റെ മക്കള്‍ക്കും അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കും ലഭിക്കും. രണ്ടുപേരും സ്വന്തമായി സമ്പാദിക്കുന്നവരും സാമ്പത്തികമായി സ്വതന്ത്രരുമായതിനാല്‍ പരസ്പരം സാമ്പത്തിക സുരക്ഷിതത്വത്തിനായി ആശ്രയിക്കേണ്ടതില്ലെന്ന് പൂജ വ്യക്തമാക്കി.
ഇരു കുടുംബങ്ങളും തമ്മില്‍ വളരെ നല്ല അടുപ്പത്തിലാണെന്നും മക്കള്‍ക്ക് മാണിക്കിനെ വളരെ ഇഷ്ടമാണെന്നും പൂജ പറഞ്ഞു. തന്റെ മുന്‍ ഭര്‍ത്താവ് ഫര്‍ഹാന്‍ ഫര്‍ണിച്ചര്‍വാലയുമായി 2003-ലാണ് പൂജ വേര്‍പിരിഞ്ഞത്. ബോളിവുഡ് നടി അലയ എഫ്, ഉമര്‍ ഫര്‍ണിച്ചര്‍വാല എന്നിവരാണ് മക്കള്‍. 2019-ലായിരുന്നു പൂജ ബേദിയുടെയും മാണിക് കോണ്‍ട്രാക്ടറുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.