ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് ഐശ്വര്യ രാജേഷ്. മികച്ച കഥാപാത്രങ്ങളിലൂടെ ഒട്ടേറെ ആരാധകരെ സമ്പാദിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചൊക്കെ മുമ്പ് താരം പ്രതികരണങ്ങള്‍ നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഇ്‌പ്പോളിതാ അടുത്തിടെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് നടി നടത്തിയ പ്രതികരണമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ആര്‍ത്തവമുളള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥയുണ്ടാകില്ലെന്നും അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണെന്നും നമ്മള്‍ എന്ത് കഴിക്കണം, എന്ത് ചെയ്യണം എന്നത് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച ചോദ്യത്തിനാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
മലയാളത്തില്‍ നിന്ന് തമിഴിലേക്ക് റീമേക്ക് ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ. ദൈവത്തിന്റെ കണ്ണില്‍ ആണെന്നോ പെണ്ണെന്ന വിത്യാസമില്ലെന്നും അതുപോലെ സ്ത്രീകളുടെ ജീവിതം അടുക്കളയില്‍ അവസാനിക്കാനുളളതല്ലെന്നും അവരുടെ കഴിവുകള്‍ പ്രകടമാക്കാനുളളതാണെന്നും ഐശ്വര്യ പറഞ്ഞു.
ദൈവത്തിന് സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും ആളുകള്‍ ക്ഷേത്രത്തിലെത്തുന്നതിന് ഒരു മാനദണ്ഡവും വെച്ചിട്ടില്ലെന്നും ഇതെല്ലാം മനുഷ്യരുണ്ടാക്കി ചട്ടങ്ങളാണെന്നും ശബരിമല മാത്രമല്ല ഒരു ക്ഷേത്രത്തിലും സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ ദൈവത്തിന് എതിര്‍പ്പുണ്ടാകില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.