മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ശ്രദ്ധേയനായ് സിദ്ധു പനക്കല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പഴയ ഓര്‍മ്മകള്‍ പങ്കിടുന്നത് പതിവാണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സിനിമയിലെ അണിയറ വിശേഷങ്ങളൊക്കെ കുറിക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ ഗായകന്‍ എംജി ശ്രീകുമാറും താനും വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ പറയുകയാണ് സിദ്ധു പനക്കല്‍
സംവിധായകന്‍ ഡെന്നിസ് ജോസഫിന്റെ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് എഴുതിയ കുറിപ്പിലാണ് ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഓര്‍മ്മകള്‍ സിദ്ധു പനയ്ക്കല്‍ പങ്കിട്ടത്.
''സുപ്രസിദ്ധ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് സാറിന്റെ മകനാണ് എന്റെ കൂടെയുള്ള ഇദ്ദേഹം. 'ഒറ്റക്കൊമ്പന്‍' സിനിമയുടെ സംവിധായകന്‍ മാത്യുസ് തോമസിനെ കാണാന്‍ വന്നതാണ്. ഡെന്നീസ് ജോസഫ് സാറിന്റെ കൂടെ ഞാന്‍ അധികം സിനിമകളൊന്നും ചെയ്തിട്ടില്ല. ആദ്യം വര്‍ക്ക് ചെയ്യുന്ന സിനിമ 'അപ്പു' ആണ്. അദ്ദേഹം സംവിധാനം ചെയ്ത സിനിമ. ആ കാലത്താണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. മദ്രാസ് മഹാലിംഗപുരത്തെ ബ്രൗണ്‍ സ്റ്റോണ്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു അന്ന് ഞങ്ങള്‍ താമസം. സെവന്‍ ആര്‍ട്‌സിന്റെ ഗസ്റ്റ് ഹൗസ് ആണത്. അവിടെത്തന്നെയായിരുന്നു ഡെന്നീസ് ജോസഫ് സാറും 'അപ്പു' സിനിമയുടെ പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും താമസിച്ചത്.
മുരളി എന്നൊരു കുക്കുണ്ടായിരുന്നു അന്ന് ഗസ്റ്റ് ഹൗസില്‍. വളരെ പ്രസിദ്ധമാണ് മുരളിയുടെ ഭക്ഷണം. ഒരുപാട് സിനിമാക്കാര്‍ മുരളിയുടെ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഗസ്റ്റ് ഹൗസില്‍ വരും. അന്ന് പ്രിയദര്‍ശന്‍ സാറിനും ബ്രൗണ്‍ സ്റ്റോണില്‍ ഫ്‌ലാറ്റ് ഉണ്ട്. സാറിനെ സന്ദര്‍ശിക്കാന്‍ വരുന്ന എംജി ശ്രീകുമാര്‍ ചേട്ടനും ഇടയ്ക്ക് ഞങ്ങളുടെ ഫ്‌ലാറ്റില്‍ വരാറുണ്ട്. സൂപ്പര്‍ ഹിറ്റ് എന്ന് തോന്നുന്ന പാട്ടുകള്‍ പാടിയ ദിവസമാണ് അദ്ദേഹം വരുന്നതെങ്കില്‍ ഞങ്ങള്‍ക്ക് അതിന്റെ കുറച്ചു വരികള്‍ പാടിത്തരും.
'അപ്പു'വിന്റെ ഷൂട്ടിംഗ് അടൂര്‍ ആയിരുന്നു കൂടുതല്‍. 'കൂത്തമ്പലത്തില്‍ വച്ചോ കുറുമൊഴിക്കുന്നില്‍ വച്ചോ കുപ്പിവള ചിരിച്ചുടഞ്ഞു...', 'ഒരിക്കല്‍ നീ ചിരിച്ചാല്‍....' തുടങ്ങിയ ഗാനങ്ങള്‍ 'അപ്പു'വിലേതാണ്. ഇളയരാജയുടെ അസിസ്റ്റന്റ് ആയ സുന്ദരരാജന്‍ ആയിരുന്നു ആ ഗാനങ്ങളുടെ സംഗീതസംവിധായകന്‍.
ഒരു അപകടത്തില്‍ നിന്ന് ഞാനും ശ്രീക്കുട്ടേട്ടനും രക്ഷപ്പെട്ട കഥയും കൂടിയുണ്ട് അപ്പുവിന് പിന്നില്‍. കൂത്തമ്പലത്തില്‍ എന്ന പാട്ടുപാടി കഴിഞ്ഞതിനു ശേഷം ഞാനും ശ്രീക്കുട്ടേട്ടനും കൂടി എ വി എം ആര്‍ ആര്‍ തിയേറ്ററില്‍ നിന്ന് മഹാലിംഗപുരത്തുള്ള ബ്രൗണ്‍ സ്റ്റോണ്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോകാന്‍ സെവന്‍ ആര്‍ട്‌സ് അയക്കുന്ന വണ്ടിയും കാത്തു നില്‍ക്കുകയാണ്. വണ്ടി ട്രാഫിക്കല്‍ കുടുങ്ങിയോ എന്തോ കുറച്ചു ലേറ്റ് ആയി.
അപ്പോള്‍ ശ്രീക്കുട്ടേട്ടന്‍ പറഞ്ഞു നമുക്ക് ഒരു ഓട്ടോയില്‍ പോയാല്‍ എന്താ. അങ്ങനെ ഞാനും ശ്രീക്കുട്ടേട്ടനും ഒരു ഓട്ടോ വിളിച്ച് ബ്രൗണ്‍ സ്റ്റോണിലേക്ക് പുറപ്പെട്ടു. വടപളനി പോലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ ഉള്ള നൂറടി റോഡില്‍ വച്ച് ഒരു അപകടത്തില്‍ നിന്ന് ഞാനും ശ്രീക്കുട്ടേട്ടനും തലനാരിഴക്ക് രക്ഷപ്പെട്ടു. അശോക് നഗര്‍ ഭാഗത്ത് നിന്ന് അണ്ണാ നഗര്‍ ഭാഗത്തേക്ക് ഉള്ള സിഗ്‌നല്‍ ഓണ്‍ ആയി കിടക്കുകയാണ്. വണ്ടികള്‍ ശരവേഗത്തില്‍ പാഞ്ഞുപോകുന്നുണ്ട്. ആ ഭാഗത്തേക്കുള്ള സിഗ്‌നല്‍ ഓഫ് ആവുകയും കോടമ്പക്കം സൈഡിലേക്കുള്ള സിഗ്‌നല്‍ ഓണ്‍ ആവുകയും ചെയ്തു. ഞങ്ങളുടെ ഓട്ടോയാണ് ഏറ്റവും ഫ്രണ്ടില്‍ കിടക്കുന്നത്, ഞങ്ങളുടെ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുത്തു. ആ സമയത്ത് അശോക് നഗര്‍ ഭാഗത്തുനിന്ന് ചീറിപ്പാഞ്ഞു വന്ന ബസ് ഞങ്ങളുടെ ഓട്ടോയെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ കടന്നുപോയി. റോഡില്‍ നിന്ന അവരെല്ലാം ഉറക്കെ നിലവിളിച്ചു. ബസ് ഓട്ടോയെ ഇടിച്ചുതെറിപ്പിച്ചു എന്നാണ് എല്ലാവരും കരുതിയത്.
സിഗ്‌നല്‍ ഗ്രീനില്‍ നിന്ന് യെല്ലോയിലേക്കും യെല്ലോയില്‍ നിന്നും റെഡ് ലേക്കും മാറുമ്പോള്‍ അവസാനം നിമിഷം സിഗ്‌നലില്‍ പെടാതിരിക്കാന്‍ ചില ഡ്രൈവര്‍മാര്‍ കാണിക്കുന്ന അതിസാഹസികത ഇല്ലേ അതാണ് ഇവിടെയും സംഭവിച്ചത്. ദൈവം ഞങ്ങളുടെ കൂടെ ഉള്ളതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെട്ടു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ശ്വാസം നേരെവീഴാന്‍ കുറെ സമയം എടുത്തു. ഡെന്നിസ് സാറിനെയും അപ്പുവിനെയും കുറിച്ച് ഓര്‍ത്ത്‌പ്പോള്‍ ഇത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അദ്ദേഹത്തിന്റെ തിരക്കഥയില്‍ 'ആകാശദൂത്'. അവസാനം ഞാന്‍ വര്‍ക്ക് ചെയ്ത ഡെന്നീസ് സാറിന്റെ തിരക്കഥ കന്യാകുമാരി എക്‌സ്പ്രസ് എന്ന സുരേഷ് ഗോപി ചേട്ടന്റെ സിനിമയായിരുന്നു.
ടി എസ് സുരേഷ് ബാബു ചേട്ടനായിരുന്നു സംവിധാനം. ഞാന്‍ ഫേസ്ബുക്കില്‍ എഴുതുന്ന പോസ്റ്റുകള്‍ക്ക് സ്ഥിരമായി കമന്റ് ഇടുന്ന ആളായിരുന്നു ഡെന്നീസ് സാര്‍. എത്രയോ സൂപ്പര്‍ ഡ്യൂപ്പര്‍ഹീറ്റ് സിനിമകളുടെ എഴുത്തുകാരനാണ് അദ്ദേഹം. കലാകാരന്മാര്‍ മറഞ്ഞു പോയാലും അവര്‍ ഇവിടെ ചെയ്തു വെച്ചു പോയ കലാരൂപങ്ങള്‍ അനശ്വരമായി തന്നെ നില്‍ക്കും.....'' എന്നാണ് സിദ്ധു പനയ്ക്കല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പതിവു പോലെ ഈ ത്രോബാക്ക് മെമ്മറിയുടെ താഴെയും അനവധി നിരവധി കമന്റുകള്‍ ആരാധകര്‍ കുറിക്കുന്നുണ്ട്.