നടിയും ജനപ്രിയ സോഷ്യല് മീഡിയ ഇന്ഫ്ലുവന്സറുമായ അഹാന കൃഷ്ണയുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള് സോഷ്യല് മീഡിയയില് പ്രധാന ചര്ച്ചാവിഷയം. സിനിമാറ്റോഗ്രാഫര് നിമിഷ് രവിയുമായുള്ള അഹാനയുടെ വിവാഹം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില് ആഘോഷമായാണ് നടന്നത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും വിവാഹദിനം വരെ നിമിഷ് തന്റെ അടുത്ത സുഹൃത്താണെന്ന് മാത്രമായിരുന്നു അഹാന ആരാധകരോട് പറഞ്ഞിരുന്നത്.
കണ്ണഞ്ചിക്കുന്ന പരമ്പരാഗത ബ്രൈഡല് ലുക്കിലാണ് അഹാന വിവാഹ മണ്ഡപത്തിലെത്തിയത്. 'എംലോഫ്റ്റ്' ഡിസൈന് ചെയ്ത പ്രത്യേക ചുവപ്പ് നിറത്തിലുള്ള പരമ്പരാഗത സാരിയാണ് താരം ധരിച്ചത്. വരുംതലമുറയ്ക്ക് പോലും അഭിമാനത്തോടെ കൈമാറാന് കഴിയുന്ന അത്രയും പ്രിയപ്പെട്ട സാരിയാണിതെന്നാണ് സ്വന്തം വസ്ത്രത്തെക്കുറിച്ച് അഹാന പ്രതികരിച്ചത്.
പ്രത്യേക ചുവപ്പ് നിറത്തിലുള്ള സാരി വേണമെന്ന നിര്ബന്ധം അഹാനയ്ക്കു ണ്ടായിരുന്നു. ഡിസൈനര് ജോയല് ജേക്കബ് മാത്യുവാണ് അഹാനയുടെ സ്വപ്ന സാരി തയ്യാറാക്കിയത്.ട്രയലുകള്ക്കും പലതരം നിര്ദ്ദേശങ്ങള്ക്കും ഒടുവിലാണ് അഹാന ആഗ്രഹിച്ച ഡിസൈനിലേക്ക് എത്തിയത്.
വിവാഹച്ചടങ്ങില് അഹാനയുടെ സഹോദരിമാരുടെ ലുക്കിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര് കാത്തിരുന്നത്. എന്നാല് വധുവിനേക്കാള് ഇളയ സഹോദരി ഹന്സിക കൃഷ്ണയുടെ ലുക്കാണ് ഇത്തവണ ഏവരുടെയും ശ്രദ്ധ നേടിയത്. മഞ്ഞ നിറത്തിലുള്ള വസ്ത്രവും ലളിതമായ മേക്കപ്പും സ്റ്റൈലിംഗുമായി എത്തിയ ഹന്സികയുടെ ലുക്ക് വധുവിനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നുവെന്നാണ് സോഷ്യല് മീഡിയയുടെ വിലയിരുത്തല്.
മറ്റ് സഹോദരിമാരായ ദിയയുടെയും ഇഷാനിയുടെയും ലുക്കുകള്ക്ക് സോഷ്യല് മീഡിയയില് മിശ്രപ്രതികരണമാണ് ലഭിച്ചത്. പച്ച സാരിയും സ്വന്തം സ്ഥാപനമായ 'ഓ ബെ ഓസി'യുടെ ആഭരണങ്ങളും ധരിച്ചെത്തിയ ദിയയുടെ സ്റ്റൈലിംഗില് പിഴവ് സംഭവിച്ചെന്നും പരസ്യത്തിനെന്നപോലെ ആഭരണങ്ങള് വാരിയണിഞ്ഞെന്നും വിമര്ശനമുയര്ന്നു. അതേസമയം പരമ്പരാഗത വസ്ത്രത്തിലാണെത്തിയതെങ്കിലും എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും ഇഷാനിയുടെ ലുക്കില് ഉണ്ടായിരുന്നില്ലെന്നും ആരാധകര് ചൂണ്ടിക്കാണിക്കുന്നു.
മികച്ച ഫാഷന് സെന്സുള്ള അഹാനയുടെയും ഹന്സികയുടെയും പുതിയ സ്റ്റൈലിംഗ് തരംഗമായതോടെ, ഇനി വിവാഹ വ്ലോഗുകള്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്. മുന്പ് ദിയയുടെ വിവാഹ സമയത്ത് ഇറങ്ങിയ വ്ലോഗുകള് യൂട്യൂബില് വലിയ ഹിറ്റായി മാറിയിരുന്നു, അതിനാല് തന്നെ അഹാനയുടെ യൂട്യൂബ് ചാനലില് നിന്നുള്ള ചിത്രീകരണ ദൃശ്യങ്ങള്ക്കായി വലിയ ആവേശത്തോടെയാണ് സോഷ്യല് മീഡിയ കാത്തിരിക്കുന്നത്.