ഭര്‍ത്താവ് ആര്‍.ജെ. അമനുമായുള്ള വിവാഹമോചനത്തിന് കാരണം ബിഗ് ബോസ് റിയാലിറ്റി ഷോ അല്ലെന്ന് നടി വീണാ നായര്‍. വ്യക്തിപരമായ കാരണങ്ങളാണ് തങ്ങളുടെ വേര്‍പിരിയലിലേക്ക് നയിച്ചതെന്ന് വീണ വ്യക്തമാക്കി. ബിഗ് ബോസ് ഷോയാണ് ഇവരുടെ ബന്ധം തകര്‍ത്തതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സജീവമായിരിക്കെയാണ് വീണയുടെ ഈ പ്രതികരണം.
'ഞങ്ങള്‍ പിരിയാന്‍ കാരണം ബിഗ് ബോസ് അല്ല. ഷോയില്‍ താന്‍ പറഞ്ഞ ചില കാര്യങ്ങളുടെ പേരില്‍ ബന്ധം വേര്‍പെടുത്തുന്നത്ര മോശം സ്വഭാവക്കാരനല്ല അമന്‍. അദ്ദേഹം ഒരു മാന്യനും നല്ല മനുഷ്യനുമാണ്,' വീണ പറഞ്ഞു. അമനോട് തനിക്ക് ഇപ്പോഴും വലിയ സ്‌നേഹമുണ്ടെന്നും, എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാരായി മുന്നോട്ട് പോകാന്‍ സാധിക്കുമായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവാഹം കഴിക്കുമ്പോള്‍ ആരും വിവാഹമോചനം ലക്ഷ്യമിടുന്നില്ലെന്നും, സ്‌നേഹിച്ചും സ്വപ്നങ്ങള്‍ കണ്ടുമാണ് ഓരോ വിവാഹവും നടക്കുന്നതെന്നും വീണ ഓര്‍മ്മിപ്പിച്ചു. ഭാവിയില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളും മറ്റ് കാര്യങ്ങളും കാരണം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാമെങ്കിലും, ഇഷ്ടപ്പെട്ട ഒരാളെ വേണ്ടെന്ന് വെക്കുന്നതിലെ വിഷമത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്നും വീണ വ്യക്തമാക്കി.
ഭാവിയില്‍ നമ്മുടെ പ്രശ്‌നവും തലയിലെഴുത്തും കൊണ്ട് പ്രശ്‌നങ്ങളുണ്ടാകുന്നു. പക്ഷേ ലൈഫില്‍ ഇഷ്ടപ്പെട്ട് ഒരാളെ വേണ്ടെന്ന തീരുമാനത്തില്‍ എത്തുന്നുണ്ടെങ്കില്‍ നമ്മള്‍ എത്രമാത്രം വിഷമിച്ചിട്ടുണ്ടാകും. ഞാനിപ്പോള്‍ കരഞ്ഞാല്‍, 'ഓ നിന്റെ കരച്ചിലൊക്കെ ഞങ്ങള്‍ ബി?ഗ് ബോസില്‍ കണ്ടതാ' എന്നെ പറയൂ. ഈ പറയുന്നതൊന്നും ഇപ്പോഴെന്നെ ലവലേശം ബാധിക്കില്ലെന്നും താരം വ്യക്തമാക്കി.
അടുത്തിടെയാണ് ആര്‍.ജെ. അമന്‍ രണ്ടാമതും വിവാഹിതനായത്. വിവാഹപ്രായത്തെക്കുറിച്ചും വീണ തന്റെ കാഴ്ചപ്പാട് പങ്കുവെച്ചു. 'ഒരുപക്ഷേ ഇപ്പോള്‍ വിവാഹം നടന്നിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ദയവായി 30 വയസ്സൊക്കെ ആകുമ്പോഴേ വിവാഹം കഴിക്കാവൂ എന്ന് അറിയാവുന്നവരോട് ഞാന്‍ പറയാറുണ്ട്. ചില കാര്യങ്ങളില്‍ പക്വതയും വകതിരിവും വരാന്‍ അത്രയും സമയമെടുക്കും,' വീണ കൂട്ടിച്ചേര്‍ത്തു. തന്റെ ജീവിതത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.