കേരളാ പോലീസിനെ 'യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോകള്‍' എന്ന് വിശേഷിപ്പിച്ച് നടി മീനാക്ഷി അനൂപ് രംഗത്ത്. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് മീനാക്ഷി, പോലീസിന്റെ സാന്നിധ്യം അപരിചിതമായ വഴികളില്‍ നല്‍കുന്ന ആശ്വാസത്തെയും സുരക്ഷിതത്വത്തെയും കുറിച്ച് എടുത്തുപറഞ്ഞത്. തന്റെ മനസ്സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ സ്ഥാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമകളിലേതുപോലെ റീടേക്കുകളോ ഡ്യൂപ്പോ ഇല്ലാത്ത യഥാര്‍ത്ഥ ജീവിതത്തിലെ നായകന്മാരാണ് പോലീസുകാരെന്ന് മീനാക്ഷി പറയുന്നു. രാത്രിയാത്രകളില്‍, പ്രത്യേകിച്ച് പരിചയമില്ലാത്ത വഴികളില്‍ ഒരു പോലീസ് ജീപ്പ് കാണുമ്പോള്‍, 'ഭയപ്പെടേണ്ട, ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ട്' എന്ന് അവര്‍ പറയാതെ പറയുന്നതായി തോന്നാറുണ്ടെന്ന് നടി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. രാത്രികളില്‍ പോലീസ് ഉറങ്ങാതിരിക്കുന്നത് സാധാരണക്കാര്‍ക്ക് സുഖമായി ഉറങ്ങാന്‍ വേണ്ടിയാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
ക്രിസ്മസ്, പെരുന്നാള്‍, ഓണം, പുതുവര്‍ഷം തുടങ്ങിയ ആഘോഷവേളകളില്‍ ഡ്യൂട്ടിയിലായിരിക്കുന്ന പോലീസുകാരെ അവരുടെ വീടുകളിലെ മാതാപിതാക്കളും മക്കളും സഹോദരങ്ങളും മിസ്സ് ചെയ്യുന്നുണ്ടാകുമെന്നും മീനാക്ഷി വികാരപരമായി കുറിച്ചു. ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമായാല്‍ കേരളാ പോലീസ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനോട് പോലും കിടപിടിക്കുമെന്നും നടി അഭിപ്രായപ്പെട്ടു.