മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ചാക്കോ ബോബന്റെ എല്ലാ വിശേഷങ്ങളും സ്വന്തം കുടുംബത്തിലെ ഒരാളുടേത് എന്ന പോലെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ചാക്കോച്ചന്റെ കുടുംബത്തിലെ എല്ലാവരും അതുകൊണ്ട് തന്നെ മലയാളികൾക്ക് പ്രീയപ്പെട്ടവർ തന്നെയാണ്. ചോക്കോച്ചൻ ഇന്ന് അമ്മ മോളിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. അമ്മയുടെ ജന്മദിന ആഘോഷത്തിന്റെ ഫോട്ടോകളും വിഡിയോകളും ഇതിനോടകം തന്നെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
നാലുവർഷം കൂടുമ്പോൾ അതായത് ലീപ് ഡേ ദിവസമായ ഫെബ്രുവരി 29 ആണ് ചാക്കോച്ചന്റെ അമ്മയുടെ ജന്മദിനം. അതുകൊണ്ട് തന്നെ ചാക്കോച്ചനും കുടുംബവും അമ്മയുടെ ജന്മദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. അമ്മയ്ക്ക് ഇപ്പോൾ മധുര പതിനേഴ് ആണെന്നും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. 1956 ഫെബ്രുവരി 29 ന് ആണ് ചാക്കോച്ചന്റെ അമ്മ മോളി ജനിക്കുന്നത്. ഇന്ന് ചാക്കോച്ചന്റെ സ്വന്തം അമ്മാഞ്ഞി 68 ആം ജന്മദിനം ആണ് മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം ആഘോഷിക്കുന്നത്.
"അമ്മയ്ക്ക് വയസ്സാവാറില്ല, ഉദയ കുടുംബം അതിന്റെ ഉയർച്ചകളും താഴ്ചകളും തരണം ചെയ്ത് ഇപ്പോൾ നിലനിൽക്കുന്നുണ്ട് എങ്കിൽ അതിന്റെ മൂലക്കല്ല് എന്റെ അമ്മയാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും ചിരിച്ച മുഖത്തോടെ നേരിടുന്ന ഒരാൾ നമ്മുടെ കുടുംബത്തിൽ ഉണ്ടെങ്കിൽ അത് ഒരു എക്‌സാമ്പിൾ ആക്കിയെടുത്ത് നമ്മുക്ക് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കും. എന്റെ അമ്മ, ആ രീതിയിൽ അമ്മ എനിക്ക് റോൾ മോഡലാണ്" എന്നാണ് ചാക്കോച്ചൻ അമ്മയെ കുറിച്ച് പറയാറുള്ളത്.