Latest News

'കോകിലയുടെ ചെറുപ്പം മുതലുള്ള ആഗ്രഹം; ഒരു വര്‍ഷമായി നല്ല ഭക്ഷണം നല്ല നേരത്ത് ഉറങ്ങുന്നു; സ്വന്തക്കാരി കൂടിയായ കോകിലയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള കാരണം പറഞ്ഞ് ബാല; ബാലയുടെ വിവാഹത്തിന് അമ്പലത്തില്‍ തൊഴുതിറങ്ങിയ ചിത്രവുമായി അമൃതയും

Malayalilife
'കോകിലയുടെ ചെറുപ്പം മുതലുള്ള ആഗ്രഹം; ഒരു വര്‍ഷമായി നല്ല ഭക്ഷണം നല്ല നേരത്ത് ഉറങ്ങുന്നു; സ്വന്തക്കാരി കൂടിയായ കോകിലയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള കാരണം പറഞ്ഞ് ബാല; ബാലയുടെ വിവാഹത്തിന് അമ്പലത്തില്‍ തൊഴുതിറങ്ങിയ ചിത്രവുമായി അമൃതയും

കാത്തിരിപ്പിനൊടുവില്‍ നടന്‍ ബാല നാലാം വിവാഹത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് രാവിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു നടന്റെ താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഏതാനും മാധ്യമങ്ങളേയും മാത്രമാണ് വിവാഹം അറിയിച്ചത്. നടന്റെ ക്ഷണം സ്വീകരിച്ചെത്തിയ അതിഥികള്‍ക്കു മുന്നില്‍ വച്ചായിരുന്നു വിവാഹം നടന്നത്. എല്ലാവരും കരുതിയിരുന്നതു പോലെ തന്നെ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടനൊപ്പം വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയെ തന്നെയാണ് നടന്‍ വിവാഹം കഴിച്ചത്. ബാലയുടെ അടുത്ത ബന്ധുവാണ് ഈ പെണ്‍കുട്ടി. 

മാമന്റെ മകളായ കോകിലയെയാണ് ബാല നാലാം വിവാഹം കഴിച്ചിരിക്കുന്നത്. മഞ്ഞയില്‍ പര്‍പ്പിള്‍ കളര്‍ ബോര്‍ഡറുള്ള പട്ടുസാരി ചുറ്റി മുല്ലപ്പൂ ചൂടി സുന്ദരിയായാണ് കോകില വധുവായി ഒരുങ്ങിയെത്തിയത്. നിറയെ സ്വര്‍ണാഭരണങ്ങളും ധരിച്ചിരുന്നു. ബാലയുടെ കൈകോര്‍ത്തു പിടിച്ച് ക്ഷേത്രത്തിലേക്കെത്തിയ ഇവര്‍ ക്ഷേത്രത്തിനകത്തേക്ക് കയറുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നടന്റെ നാലാം വിവാഹ വിശേഷങ്ങള്‍ കൂടുതല്‍ തിരക്കുകയാണ് ആരാധകര്‍. 

കരള്‍ ട്രാന്‍സ്പാന്റേഷന്‍ കഴിഞ്ഞപ്പോള്‍ ഒരു തുണ വേണമെന്ന് തോന്നിയെന്നും അതിനാലാണ് വീണ്ടും വിവാഹിതനായതെന്നും ബാല പറഞ്ഞു.എന്റെ ബന്ധു തന്നെയാണ് ഇപ്പോള്‍ ജീവിതസഖിയായി വന്നിട്ടുള്ളത്. അതിനാല്‍ ആത്മവിശ്വാസമുണ്ട്. നിങ്ങള്‍ക്ക് ഞങ്ങളെ അനുഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ അനുഗ്രഹിക്കുക എന്നും ബാല പറഞ്ഞിരുന്നു. വിവാഹ ശേഷമായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു ബാല. വിവാഹത്തിന് വന്നവരോടെല്ലാം നന്ദി പറഞ്ഞിരുന്നു. അഭിഭാഷകയും ബാലയെക്കുറിച്ച് സംസാരിച്ചിരുന്നു.

ശാരീരികമായി അത്ര നല്ല അവസ്ഥയിലല്ല അമ്മ. ഈ വിവാഹത്തില്‍ പങ്കെടുക്കാന്‍ അമ്മ വരാത്തതിന് കാരണം അതാണ്. അമ്മ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് എന്റെ വിവാഹം. കോകിലയ്ക്ക് ചെറുപ്പം മുതലേ തന്നെ എന്നെ ഇഷ്ടമായിരുന്നു. വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഞങ്ങള്‍ രണ്ടാളും നല്ല സന്തോഷത്തിലാണ്. മനസിനും നല്ല സമാധാനമുണ്ടെന്നും ബാല പറഞ്ഞിരുന്നു. കോകിലയ്ക്ക് മലയാളം അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

താന്‍ വീണ്ടും വിവാഹം കഴിക്കുമെന്നും അതില്‍ കുഞ്ഞുങ്ങളുണ്ടാകുമെന്നും എന്റെ 250 കോടിയുടെ സ്വത്ത് ആര്‍ക്കു പോകണമെന്ന് ഞാന്‍ തീരുമാനിക്കും എന്നും കഴിഞ്ഞ ദിവസം നടന്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കുടുംബക്കാരുടെ ആശീര്‍വാദത്തോടെ നടന്റെ അടുത്ത ബന്ധു തന്നെയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരിക്കുന്നത്. 250 കോടി രൂപയുടെ സ്വത്തുക്കളാണ് ബാലയ്ക്കുള്ളത്. മറ്റാരെയെങ്കിലും വിവാഹം കഴിച്ചാല്‍ ഈ സ്വത്തുക്കള്‍ മറ്റു വഴികളിലേക്ക് പോകും എന്നതിനാലാണ് സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ വീട്ടുകാര്‍ പെണ്ണിനെ കണ്ടെത്തിയതും വിവാഹം കഴിപ്പിച്ചതും. 

അമൃതാ സുരേഷിനെ വിവാഹം കഴിക്കുന്നതിനു മുമ്പായിരുന്നു ആദ്യ വിവാഹം. കര്‍ണാടക ബാംഗ്ലൂര്‍ സ്വദേശിനിയായ ചന്ദന സദാശിവ റെഡ്ഡിയാറിനെയാണ് ബാല ആദ്യം വിവാഹം കഴിച്ചത്. അമൃതയുമായി പ്രണയത്തിലാകുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഹിന്ദു മാര്യേജ് ആക്ട് പ്രകാരമുള്ള ഈ വിവാഹം. തുടര്‍ന്ന് അമൃതയെ വിവാഹം കഴിക്കുവാന്‍ വേണ്ടി വിവാഹ മോചനം നേടുകയായിരുന്നു. ഇക്കാര്യം അറിഞ്ഞുകൊണ്ടായിരുന്നു അമൃത ബാലയെ സ്വീകരിക്കുവാന്‍ തീരുമാനിച്ചത്. അമൃതയുടെ അച്ഛനും അമ്മയും അടക്കം എതിര്‍ത്തപ്പോഴും അമൃതയുടെ ആഗ്രഹത്തിന്മേലായിരുന്നു വിവാഹം. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ ജനിച്ചതിനു പിന്നാലെ ഇരുവരും വേര്‍പിരിയുകയും ചെയ്തു. തുടര്‍ന്ന് വിവാഹ മോചനം നേടിയതിനു പിന്നാലെയാണ് എലിസബത്തിനെ വിവാഹം കഴിച്ചത്. 

സോഷ്യല്‍ മീഡിയ വഴി ബാലയോട് ഇഷ്ടം പറയുകയും അതുവഴി അടുക്കുകയും ചെയ്തവരായിരുന്നു എലിസബത്തും ബാലയും. ഒരുമിച്ച് ജീവിതം തുടങ്ങിയ ശേഷമായിരുന്നു ഇരുവരും വിവാഹ റിസപ്ഷന്‍ അടക്കം സംഘടിപ്പിച്ചതും. എന്നാല്‍ ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ല. അടുത്തിടെയുണ്ടായ അമൃതയുടെ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങള്‍ പുറത്തു വന്നത്. അതുകൊണ്ടു തന്നെ, നിയമപരമായിട്ടുള്ള മൂന്നാം വിവാഹവും അല്ലാതെയുള്ള നാലാം വിവാഹവുമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അമൃതാ സുരേഷുമായുള്ള വിവാഹശേഷം വലിയ ആരാധക നിരയായിരുന്നു നടന്‍ ബാലയ്ക്കുണ്ടായിരുന്നത്. വേര്‍പിരിയലിനു ശേഷം നടന്റെ ഓരോ വെളിപ്പെടുത്തലും വാര്‍ത്തകളായി മാറുകയും ചെയ്തിരുന്നു. പിന്നാലെ എലിസബത്തിനെ വിവാഹം കഴിച്ചപ്പോഴും ആരാധക പിന്തുണയ്ക്ക് മാറ്റമൊന്നും വന്നില്ല.

നടന്‍ ബാലയുടെ വിവാഹത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഗായിക അമൃത സുരേഷ്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം നിറ ചിരിയോടെ നില്‍ക്കുന്ന ചിത്രമാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. ഒരു കൂപ്പ്‌കൈയുടെ ചിഹ്നവും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. പിന്നാലെ അമൃതയെ പിന്തുണയിക്കുന്ന കമന്റും ലൈക്കും പോസ്റ്റിന് ലഭിക്കുന്നുണ്ട്. 'ആ ചിരിയില്‍ എല്ലാമുണ്ട്','ഇത്രയും മനസമാധാനത്തോടെ നിറഞ്ഞ ചിരി ചിരിക്കുന്നത് കുറെ കാലങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്', 'എന്നും നന്മകള്‍ ഉണ്ടാകട്ടെ', 'കഷ്ടകാലവും, ബാധ ഉപദ്രവവും ഒക്കെ പോയി..ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ', 'ക്യാപ്ഷന്റെ ആവശ്യം ഇല്ല എല്ലാം ഈ ഫോട്ടോയില്‍ ഉണ്ട്' 'അമൃതയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു... ഇനി സമാധാനം ഉണ്ടാകട്ടെ' 'എന്തായാലും ഇന്ന് ചിരി നിറഞ്ഞ മുഖം സോഷ്യല്‍ മീഡിയയില്‍ ഇട്ടത് വളരെ നന്നായി', തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amritha Suressh (@amruthasuresh)

Read more topics: # ബാല
actor bala wedding cousin kokila

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES