ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകിവരുന്ന കാലമാണിത്. ഇപ്പോഴിതാ, നടന്‍ ബാലയ്ക്ക് നേരെയും ഇന്നലെ രാത്രി അത്തരമൊരു ഓണ്‍ലൈന്‍ തട്ടിപ്പ് അരങ്ങേറിയിരിക്കുക യാണ്. അതിന്റെ ഫോണ്‍ റെക്കോര്‍ഡ് ആണ് നടന്‍ ആദ്യം പുറത്തു വിട്ടിരിക്കുന്നത്.
ബാല മുംബൈയില്‍ നിന്നും തായ്വാനിലേക്ക് ഒരു പാഴ്സല്‍ അയച്ചിട്ടുണ്ടെന്നും അതു നിയമലംഘനത്തിന് പിടികൂടിയെന്നുമാണ് ഈ ഫോണ്‍ കോളില്‍ പറയുന്നത്. മുംബൈ കസ്റ്റംസില്‍ നിന്നാണെന്നു പറഞ്ഞാണ് ഫോണ്‍കോള്‍ എത്തിയത്. നടന്റെ പേഴ്സണല്‍ മൊബൈല്‍ ഫോണിലേക്കാണ് ആധാര്‍ നമ്പര്‍ അടക്കം കൃത്യമായി പറഞ്ഞുകൊണ്ട് ഫോണ്‍ കോള്‍ എത്തിയത്. ചതി മനസിലാക്കിയ ബാല കോള്‍ കട്ട് ചെയ്യുകയായിരുന്നു. ഉടനെ പൊലീസ് സംഘത്തെ വിളിച്ച് ഇക്കാര്യം പറഞ്ഞപ്പോഴാണ് ഇത് വിര്‍ച്വല്‍ അറസ്റ്റ് എന്ന തട്ടിപ്പാണെന്നു മനസിലായത്.
ആദ്യം ഇത്തരം ഫോണ്‍ കോള്‍ എത്തുകയും കക്ഷി ഭയന്നെന്നു മനസിലായാല്‍ ഉടന്‍ സ്‌കൈപ്പില്‍ പൊലീസിന്റെ വേഷം ധരിച്ച ആളെത്തി വിര്‍ച്വല്‍ അരസ്റ്റ് എന്ന പേരില്‍ സ്‌ക്രീനിനു മുന്നില്‍ തന്നെ നിര്‍ത്തി കേസ് ഒഴിവാക്കണമെങ്കില്‍ ലക്ഷക്കണക്കിന് രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഈ തട്ടിപ്പ്. കേരളത്തില്‍ ഇപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി വരികയാണ്. കഴിഞ്ഞ ദിവസം കാലടിയിലെ ഒരു ബിസിനസു കാരനെയും ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കുവാന്‍ ശ്രമിച്ചിരുന്നു. തട്ടിപ്പുകാരുടെ നിരന്തര ഭീഷണികള്‍ അവഗണിച്ചതോടെയാണ് അവര്‍ പിന്‍വാങ്ങിയത്.