Latest News

കടുവയിലും ജനഗണമനയിലും ഗോള്‍ഡിലും അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയില്ല; സഹ നിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം സ്വന്തമാക്കിയെന്ന് കണ്ടെത്തല്‍; പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Malayalilife
കടുവയിലും ജനഗണമനയിലും ഗോള്‍ഡിലും അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയില്ല; സഹ നിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം സ്വന്തമാക്കിയെന്ന് കണ്ടെത്തല്‍; പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. 

മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അഭിനേതാവെന്ന നിലയില്‍ പണം വാങ്ങുമ്പോള്‍ അതിന് നികുതി കൂടുതലാണ്. എന്നാല്‍ പാതി നിര്‍മാതാവ് എന്ന നിലയില്‍ പണം വാങ്ങുമ്പോള്‍ നികുതി താരതമ്യേന കുറവാണ്. മൂന്ന് സിനിമകളിലായി 40 കോടിയോളം രൂപ പൃഥ്വിരാജിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയതെന്നാണ് വാര്‍ത്തകള്‍. നേരത്തേയും പൃഥ്വിരാജിനോട് ആദായ നികുതി വകുപ്പ് വിശദീകരണം ചോദിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് പൃഥ്വിരാജ് നിഷേധിക്കുകയും ചെയ്തിട്ടുള്ളതാണ്. പുതിയ വാര്‍ത്തകളോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

വിശദീകരണം ചോദിച്ചിരിക്കുന്ന മൂന്ന് സിനിമകളും 2022 ല്‍ പുറത്തിറങ്ങിയവയാണ്. ഈ ചിത്രങ്ങളിലെ വരുമാനവുമായി ബന്ധപ്പെട്ട് മുമ്പും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ഐ.ടി. വകുപ്പില്‍ നിന്നുള്ള വിശദീകരണം. മാര്‍ച്ചില്‍ ഒരു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഇക്കാര്യത്തില്‍ വിശദീകരണം തേടിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. ഇ-മെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. നേരിട്ടോ അല്ലാതെയോ മറുപടി നല്‍കാനാണ് നിര്‍ദേശമെന്ന് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു. എമ്പുരാന്‍ സിനിമാ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നോട്ടീസും ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരിക്കുന്നത്. എമ്പുരാന്‍ ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള നീക്കവുമെന്നത് ശ്രദ്ധേയമാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

മറ്റ് മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫിസുകളില്‍ 2022 ഡിസംബര്‍ 15ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് ഇന്ന് നല്‍കിയ വാര്‍ത്തയില്‍ മനോരമയും പറയുന്നു. എമ്പുരാന്‍ ഇഫക്ട് അല്ലെന്നും മുന്‍ ചിത്രങ്ങളിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

Read more topics: # പൃഥ്വിരാജ്
prithviraj RAID

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES