Latest News

മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മല്ലികാ സുകുമാരന്‍; പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചെന്ന് സ്ഥിരീകരിച്ച് നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക; എമ്പുരാനിലെ പ്രതിരോധമൊരുക്കല്‍ മകന് വേണ്ടി തുടരാന്‍ അമ്മ 

Malayalilife
 മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മല്ലികാ സുകുമാരന്‍; പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചെന്ന് സ്ഥിരീകരിച്ച് നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക; എമ്പുരാനിലെ പ്രതിരോധമൊരുക്കല്‍ മകന് വേണ്ടി തുടരാന്‍ അമ്മ 

കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചെന്ന് സ്ഥിരീകരിച്ച് നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലികാ സുകുമാരന്‍. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മല്ലികാ സുകുമാരന്‍ പ്രതികരിച്ചു. 2022 ല്‍ പുറത്തിറങ്ങിയ മൂന്ന് സിനിമകളില്‍ നിന്നുള്ള പൃഥ്വിരാജിന്റെ വരുമാനം സംബന്ധിച്ച് വിശദീകരണം തേടിയാണ് ആദായ നികുതി വകുപ്പ് മാര്‍ച്ച് 29 ന് നോട്ടീസയച്ചത്. ഈ വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സിനിമകളുടെ സഹ നിര്‍മാതായിരുന്നു പൃഥ്വിരാജ്. നടനെന്ന രീതിയില്‍ ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. സഹ നിര്‍മാതാവെന്ന നിലയില്‍ നിര്‍മാണകമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്നു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. 

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടും പൃഥ്വിരാജിനെ അനുകൂലിച്ച് രംഗത്ത് വന്നത് അമ്മയായ മല്ലികാ സുകുമാരനായിരുന്നു. പൃഥ്വിയ്ക്കായി വലിയ പ്രതിരോധം മല്ലിക ഉയര്‍ത്തുകയും ചെയ്തു. എമ്പുരാന്‍ വിവാദത്തില്‍ പൃഥിരാജിനെ കല്ലെറിയുന്നത് എന്തിനെന്ന് മല്ലിക സുകുമാരന്‍ ചോദിച്ചിരുന്നു. തിരക്കഥ എല്ലാവരും കണ്ടതാണ്. സീന്‍ നമ്പര്‍ ഒന്ന് മുതല്‍ പല ആവര്‍ത്തി വായിച്ചതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ഒരു സംഘടനയുടേയും സംഘത്തിന്റേയും പേര് പറഞ്ഞ് പേടിപ്പിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ആരുമില്ലാത്ത അനാഥാവസ്ഥയിലാണ് മല്ലികാസുകുമാരനും കുടുംബവുമെന്ന് ആരും ധരിക്കരുത്. ഇപ്പോഴത്തെ ഈ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ചെറുപ്പക്കാരുടെ നേതാക്കന്മാരുടെ നേതാക്കന്മാര്‍ ജീവിച്ചിരുന്ന കാലത്ത് ഈ ഭൂമിയിലുള്ളതാണ് മല്ലികാ സുകുമാരന്‍. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പറയുമ്പോള്‍ പഠിച്ച് സംസാരിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. പൃഥിരാജിന് ആരെയെങ്കിലും ചതിക്കുന്നതിന്റെയോ ഒരു പ്രസ്ഥാനത്തില്‍നിന്നോ രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നോ ഒരു പൈസ വാങ്ങേണ്ടതിന്റെയോ ആവശ്യമില്ല. അങ്ങനെ ഒന്നും ഞങ്ങളെ ആരും പേടിപ്പിക്കണ്ട.പൃഥിരാജിനെതിരായ ആരോപണമല്ല, ഇതെല്ലാം പറയാന്‍ ആരോ പണം കൊടുത്തിരിക്കുകയാണ്. 

എമ്പുരാന്റെ ഫിലിം മേക്കര്‍ പൃഥിരാജല്ല. ഫിലിം മേക്ക് ചെയ്യണമെന്ന് പറഞ്ഞ് കാശുള്ളവര്‍ പൃഥിരാജിനെ വിളിച്ചു. സംവിധാനം ചെയ്യണം, ലൂസിഫറിന്റെ രണ്ടാംഭാഗം എടുക്കണമെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ വലിയ അവസരം പരമാവധി വിനിയോഗിച്ചു. തിരക്കഥ എഴുതിയയാളും പണം മുടക്കുന്നയാളും പ്രധാനനടനായ മോഹന്‍ലാലുമായും എത്രയോ ആഴ്ചകള്‍ ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തതെന്നും മല്ലിക പറഞ്ഞിരുന്നു. മേജര്‍ രവിയുടെ പോസ്റ്റ് കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്നും അതിനാലാണ് പ്രതികരിച്ചതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. മോഹന്‍ലാല്‍ ഒരു പോസ്റ്റിട്ടാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ അത് ഷെയര്‍ ചെയ്യേണ്ടത് ഒരു മര്യാദയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടുവെന്ന് പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി മെസേജ് ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. വിശ്രമവേളയിലും പിന്തുണ അറിയിച്ച് മമ്മൂട്ടി മെസേജ് ഇട്ടത് ജീവിതത്തില്‍ മറക്കില്ല. പെരുന്നാളായിട്ട് മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് തോന്നി. മറ്റാര്‍ക്കും അത് തോന്നിയില്ലെന്നും മറ്റാരും മെസേജ് അയച്ചില്ലെന്നും മല്ലിക സുകുമാരന്‍ എമ്പുരാന്‍ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.
 

mallika mukumaran reacts on prithviraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES