ഒരിടവേളയ്ക്ക് ശേഷം തന്റെ പുതിയ വിശേഷങ്ങളുമായി എത്തിയ ബാലയുടെ പുതിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തമിഴ് മാധ്യമമായ ഇന്ത്യ ഗ്ലിറ്റ്‌സിനാണ് ബാലയും കോകിലയും ഒരുമിച്ച് വിശേഷങ്ങള്‍ പങ്ക് വച്ചത്. എന്നാല്‍ ബാലയുടെ പുതിയ അഭിമുഖത്തിന് താഴെ ജസ്റ്റിസ് ഫോര്‍ എലിസബത്ത് വിളികള്‍ ഉയരുകയാണ്.
ബാലയുടെ വാക്കുകള്‍ ഇങ്ങനെ- 'ജീവിതത്തില്‍ മറ്റൊരാളെ അമ്മേയെന്ന് വിളിക്കാന്‍ എനിക്ക് സാധിക്കില്ല. എന്റെ അമ്മ എന്നെ സ്‌നേഹിച്ച് കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. അതുപോലെ ഒരു അമ്മയുടെ വാത്സല്യമാണ് ഭാര്യയായ കോകിലയില്‍ നിന്ന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു പെണ്ണിനെ നോക്കുമ്പോള്‍ കാമമോ പ്രേമമോ എനിക്ക് വരില്ല. അതെല്ലാം ഇവള്‍ എനിക്ക് തന്നു. തെറ്റ് ചെയ്യാതിരിക്കാന്‍ ആണുങ്ങള്‍ക്ക് മേല്‍ നിയന്ത്രണം വെക്കണമെന്ന് പറയുമല്ലോ, അങ്ങനെ വെച്ചത് കൊണ്ട് ഒരു കാര്യവുമില്ല, കാരണം തെറ്റ് ചെയ്യണമെങ്കില്‍ അവന്‍ തീര്‍ച്ചയായും ചെയ്യും. ആണായാലും പെണ്ണായാലും നമ്മള്‍ കമ്മിറ്റഡ് ആണെങ്കില്‍ വേറെ ആരുമായെങ്കിലും ബന്ധം ഉണ്ടാകേണ്ടെന്ന് തോന്നിയാല്‍ ഒരിക്കലും വേറൊരു ബന്ധം സംഭവിക്കില്ല.
കല്യാണത്തിന് ശേഷമാണ് കോകിലയുടെ ഡയറി ഞാന്‍ കാണുന്നത്. അവളുടെ കൈയ്യെഴുത്തിലെ വ്യത്യാസങ്ങള്‍ തന്നെ അവര്‍ എപ്പോള്‍ ആ ഡയറി എഴുതി തുടങ്ങിയെന്ന് മനസിലാകും. നമ്മള്‍ എപ്പോഴാണ് കണ്ടത്, കണ്ട് പോയത് എന്നതൊക്കെ അവള്‍ അതില്‍ എഴുതിയിട്ടുണ്ട്. എനിക്ക് കോകിലയില്‍ എല്ലാം ഇഷ്ടമാണ്. കോകില സിനിമ നടിയോ ഗായികയോ വലിയ നീളമുള്ള ആളോ ഒന്നുമല്ല. തടിയുള്ള സ്ത്രീയാണ്. പക്ഷെ അവള്‍ തന്നെയാണ് എനിക്ക് ഈ ലോകത്തില്‍ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീ. ഞാന്‍ ചെറിയ വയസ് തൊട്ട് കോകിലയെ കാണുന്നുണ്ട്. എന്നാല്‍ ഒരിക്കലും അങ്ങനെയൊരു തോന്നല്‍ അവളോട് ഉണ്ടായിട്ടില്ല.
ജീവിതത്തില്‍ എനിക്ക് തുണ വേണമെന്ന് തോന്നിയൊരു സമയം ഉണ്ട്. അപ്പോഴാണ് അമ്മ പറയുന്നത് അവള്‍ നിന്നെ ആഗ്രഹിക്കുന്നുണ്ടെന്ന്. ഞാന്‍ പറഞ്ഞത് എനിക്ക് കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞതാണ് വേണ്ടെന്ന്. എന്നാല്‍ ഞാന്‍ എന്ന തീരുമാനത്തില്‍ അവള്‍ ഉറച്ചുനിന്നു. ഞാന്‍ കോകിലയെ മറ്റൊരു രീതിയില്‍ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ ശരിയാവില്ലെന്ന് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞത് ഇടപെട്ട് നോക്കൂ, മനസിലാകും എന്നാണ്. അങ്ങനെ ഇടപെട്ടപ്പോള്‍ എനിക്ക് മനസിലായി, കാതല്‍, കാമം, നട്പ് എല്ലാം ഞാന്‍ തിരിച്ചറിഞ്ഞു, ഇതെല്ലാം ഒരു ഇടത്ത് നിന്ന് ലഭിക്കുമ്പോള്‍ വീട് ഒരു സ്വര്‍ഗമാവും. ശരിയായ സമയത്ത്, ശരിയായ ആളിനെ ശരിയായ സാഹചര്യത്തില്‍ ദൈവത്തിന്റെ അനുഗ്രഹത്തോടെ ലഭിക്കുമ്പോള്‍ ജീവിതത്തില്‍ എല്ലാം ശരിയാകും.
ഞങ്ങള്‍ വിവാഹം കഴിച്ചിട്ട് ഹണിമൂണ്‍ പോയിട്ടില്ല. വിവാഹം കഴിച്ചിട്ട് മൂന്നുമാസമേ ആയുള്ളൂ. അതിനോടകം തന്നെ ആളുകള്‍ ചോദിക്കുന്നത് എപ്പോഴാണ് കുട്ടികള്‍ ആകുകയെന്നാണ്. ഞാന്‍ അവള്‍ക്കും അവള്‍ക്ക് ഞാനും തന്നെയാണ് കുട്ടികള്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെ പ്രേമിച്ചിരുന്നു. ഞാന്‍ ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണെന്നൊക്കെ തെറ്റായ വാര്‍ത്തകള്‍ വന്നിരുന്നു. അവള്‍ ഇപ്പോള്‍ അമേരിക്കയിലാണ്. രണ്ട് കുട്ടികളുണ്ട്. അടുത്തിടെ എന്നെ വിളിച്ചിരുന്നു. ആദ്യം ഞാന്‍ ഫോണ്‍ കൊടുത്തത് കോകിലയ്ക്കാണ്. ഇപ്പോള്‍ അവര്‍ രണ്ടും നല്ല സുഹൃത്തുക്കളാണ്.
അമേരിക്കയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി എന്നെ എട്ട് വര്‍ഷം മുന്‍പ് പ്രൊപ്പോസ് ചെയ്തിരുന്നു. അവര്‍ എട്ട് വര്‍ഷത്തിന് ശേഷം എന്നെ പ്രൊപ്പോസ് ചെയ്യാന്‍ വന്നു. തൃഷയെ പോലെയാണ് കാണാന്‍. അവര്‍ എന്റെ മറ്റൊരു വീട്ടിലാണ് വന്നത്. വീണ്ടും വന്നത് വീണ്ടുമെന്നെ പ്രെപ്പോസ് ചെയ്യാനാണ്. വീട്ടില്‍ സിസിടിവി ഉണ്ട്. ഈ ദൃശ്യങ്ങള്‍ സിസിടിവില്‍ ഉണ്ട്. ദൂരെ നിന്ന അവര്‍ മെല്ലെ മെല്ലെ അടുത്ത് വന്നു, ദേഹത്ത് കൈവെച്ചു. ബാല ചേട്ടാ എന്ന് വിളിച്ചു, ഇതിനിടയില്‍ കോകില മുറിയില്‍ നിന്ന് വന്നു, ഇതാരാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു മാമ പൊണ്ണ് ആണെന്ന്. ഓ കഴിഞ്ഞ ദിവസം വന്നതാണോയെന്ന് ചോദിച്ചു, അല്ല കുറേയായി അവര്‍ ഇവിടെ കഴിയുന്നുവെന്ന് ഞങ്ങള്‍ പറഞ്ഞു. ഇതോടെ മുഖം വല്ലാതെയായി.തനിക്ക് വല്ല സാധ്യതയും ഉണ്ടോയെന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു. സാധാരണ ഇങ്ങനെയൊരു പെണ്‍കുട്ടിയൊക്കെ വന്നാല്‍ എന്തായിരിക്കും ഭാര്യമാരുടെ പ്രതികരണം. അവര്‍ക്ക് ദേഷ്യം വരില്ലേ, എന്നാല്‍ കോകില ചിരിച്ചാണ് അതിനെ കൈകാര്യം ചെയ്തത്. ഇതുവരെ എന്റെ ഫോണിന് ഒരു പാസ്വേഡ് പോലും ഞാന്‍ ഇട്ടിട്ടില്ല. എന്റെ ഫോണ്‍ തന്നെ കോകിലയുടെ കൈയ്യിലാണ്. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം അവളാണ് നോക്കുന്നത്. ഞാനും ഒരു കാലഘട്ടത്തില്‍ എല്ലാം കണ്ടുവന്ന ആളാണ് ഞാന്‍. ഞാന്‍ ഒരു ഗാന്ധിയനൊന്നും അല്ല. പക്ഷേ ഇപ്പോള്‍ എല്ലാം മാറി', ബാല പറഞ്ഞു. അതേസമയം ബാലയുടെ പുതിയ അഭിമുഖത്തിന് താഴെയും നടനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബാല മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അഭിനയിക്കുകയാണെന്നും ലൈംലൈറ്റില്‍ നില്‍ക്കാനുള്ള തന്ത്രങ്ങളാണ് ഇതൊക്കെയെന്നുമാണ് ചിലരുടെ വിമര്‍ശനം.
ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്ത് നടത്തിയ ചില വെളിപ്പെടുത്തലിന് പിന്നാലെ ബാലയ്‌ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ബാലയില്‍ നിന്നും താന്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ എന്തൊക്കെയാണെന്ന് മുന്‍ ഭാര്യ എലിസബത്ത് വിവരിച്ചത്. കടുത്ത മാനസിക-ശാരീരിക പീഡനം തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്നും ഒടുവില്‍ ഗത്യന്തരമില്ലാതെ ബാലയുടെ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നുമാണ് എലിസബത്ത് ആരോപിച്ചത്.
താന്‍ കൂടെയുള്ളപ്പോള്‍ തന്നെ നിരവധി സ്ത്രീകളുമായി ബാല ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എലിസബത്ത് ആരോപിച്ചിരുന്നു. അമേരിക്കയില്‍ നിന്നും ഒരു പെണ്‍കുട്ടി ബാലയെ തേടി വന്നുവെന്നും ആ പെണ്‍കുട്ടിയടക്കമുള്ളവരെ വിവാഹ വാഗ്ദാനം നല്‍കി ബാല വഞ്ചിച്ചുവെന്നാണ് എലിസബത്ത് ആരോപിച്ചത്. അതേസമയം എലിസബത്തിന്റെ വിവാദ വീഡിയോകള്‍ക്ക് പിന്നാലെ അവര്‍ക്കെതിരെ ബാല നിയമ നടപടി സ്വീകരിച്ചിരുന്നു. തനിക്കെതിരെ അനാവശ്യ ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നതെന്നും അവര്‍ അടിയന്തരമായി മാനസിക ആരോഗ്യത്തിന് ചികിത്സ തേടണമെന്നുമാണ് ബാല പറഞ്ഞത്. എലിസബത്തിനെ ചിലര്‍ ആയുധമാക്കുകയാണെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ചിലര്‍ കൂടി ഉണ്ടെന്നും ബാല ആരോപിച്ചിരുന്നു.