Latest News

ചൈനാ ചൈനാ ടൗണിലെ ഗൗഡാജിയായി മലയാളത്തിലും കൈയ്യടി നേടി; ഗജനി അടക്കം ഇന്ത്യന്‍ സിനിമയിലെ കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങി; ബോളിവുഡ്  നടന്‍ പ്രദീപ് റാവത്തിന്റെ മരണം അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെ

Malayalilife
ചൈനാ ചൈനാ ടൗണിലെ ഗൗഡാജിയായി മലയാളത്തിലും കൈയ്യടി നേടി; ഗജനി അടക്കം ഇന്ത്യന്‍ സിനിമയിലെ കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങി; ബോളിവുഡ്  നടന്‍ പ്രദീപ് റാവത്തിന്റെ മരണം അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെ

ചൈനാ ടൗണ്‍ എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പറയുന്ന ജയ് ജയ് ഗൗഡാജി എന്ന ഡയലോഗ് ഇന്നും മലയാളികളുടെ സിനിമ ഡയലോഗുകളുടെ ലിസ്റ്റില്‍ ഒന്നാണ്. ചിത്രത്തില്‍ ഗൗഡാജി എന്ന കഥാപാത്രമായി എത്തിയ നടന്‍ പ്രദീപ് റാവത്താണ് അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ വിട പറഞ്ഞത്.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.നാല് വര്‍ഷം മുമ്പ് അര്‍ബുദ രോഗമുക്തി നേടിയിരുന്നെങ്കിലും ഒന്നര മാസം മുമ്പ് രോഗം വീണ്ടും ബാധിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആഗസ്റ്റ് 4-ന് വൈകിട്ട് 6-നും 6.30-നും ഇടയിലാണ് അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ് തിവാരി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് നിരക്ക് താഴുകയും ആരോഗ്യം വഷളാവുകയുമായിരുന്നു.

 

ബുധനാഴ്ച വൈകിട്ടോടെ മുംബൈ ഗോരേഗാവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഭാര്യ കല്യാണി റാവത്തും മകന്‍ വിക്രമാദിത്യയുമാണ് അദ്ദേഹത്തിന്റെ കുടുംബം. നടന്‍ യശ്പാല്‍ ശര്‍മ്മ ഉള്‍പ്പെടെയുള്ള ചലച്ചിത്ര മേഖലയിലെ പ്രമുഖരും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

2005ല്‍ പുറത്തിറങ്ങിയ ഗജനി എന്ന തമിഴ് ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമായി അദ്ദേഹം മാറിയത്. ഗജനിയുടെ ഹിന്ദി റീമേക്കിലും വില്ലന്‍ വേഷം കൈകാര്യം ചെയ്തത് പ്രദീപ് സിങ് തന്നെയായിരുന്നു. 2004ല്‍ എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത സെയ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

തുടര്‍ന്ന് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി കാരക്ടര്‍ റോളുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. തികഞ്ഞ വില്ലനായും ചരിത്ര കഥാപാത്രങ്ങളായും അനായാസം വേഷപ്പകര്‍ച്ച നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കരിയറിലെ വില്ലന്‍ വേഷങ്ങളിലൂടെയാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ എന്നും ഓര്‍ത്തിരുന്നത്.

ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ പ്രദീപ് റാവത്ത് 1988-ല്‍ ബി.ആര്‍. ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തിലൂടെയാണ് രാജ്യത്തുടനീളം ശ്രദ്ധേയനായത്.

ഗജനി എന്ന തമിഴ് ചിത്രത്തിലെ ഡബിള്‍ റോള്‍ വില്ലന്‍ വേഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വമായ ഒന്നായിരുന്നു. ഉണ്ണി മുകുന്ദന്‍ നായകനായ ഇത് പാതിരാമണല്‍ എന്ന ചിത്രത്തിലും അദ്ദേഹം മലയാളത്തില്‍ വേഷമിട്ടിരുന്നു. നാല് പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സിനിമയില്‍ ശക്തമായ സാന്നിധ്യമായി നിറഞ്ഞുനിന്ന പ്രദീപ് സിങ് റാവത്തിന്റെ വിയോഗം സിനിമാലോകത്തിന് തീരാനഷ്ടമാണ്. 


 

actor Pradeep Rawat

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES