2018 ല്‍ മലയാളസിനിമയില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ കളക്ഷന്‍ റെക്കോഡുമായി തീയേറ്ററുകളില്‍ ഓടിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തില്‍ ആഫ്രിക്കക്കാരെ ചിത്രീകരിച്ചത് വംശീയമായ പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. കേരളത്തില്‍ മാത്രം നടക്കുന്ന ചിത്രത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്ന ആഫ്രിക്കന്‍ ഗാംഗിനെ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ആക്ഷന്‍ രംഗങ്ങളാണ് ഇത്.
പുരോഗമനപരമായ സംസ്ഥാനമായ കേരളത്തിലെ ഒരു സിനിമ ഞാന്‍ അടുത്തിടെ കണ്ടു. അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമ. ചിത്രത്തില്‍ ക്രൂരന്‍മാരും വിഡ്ഢികളുമായ വില്ലന്‍മാര്‍ ആഫ്രിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരാണ്. കേരളത്തില്‍ ആഫ്രിക്കന്‍ ആള്‍ക്കാര്‍ ഇല്ല. എന്നിട്ടും വംശീയത കാണിക്കാന്‍ വേണ്ടി മാത്രം അവരെ ഇറക്കുമതി ചെയ്യുകയാണ്. കേരളത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സമൂഹം ഇങ്ങനെയാണ്.
കലാകാരന്‍മാരും, സിനിമാനിര്‍മ്മാതാക്കളും, നടന്‍മാരും എഴുത്തുകാരും ഇങ്ങനെത്തന്നെയാണ്. ഇരുണ്ട ചര്‍മ്മത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാരാല്‍ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാര്‍ അതേ കാരണത്താല്‍ തന്നെ ആഫ്രിക്കന്‍ വംശജരെയും പരിഹസിക്കുന്നു' ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അരുന്ധതി റോയ് പറഞ്ഞു.
ഉത്തരേന്ത്യക്കാര്‍ ദക്ഷിണേന്ത്യക്കാരെ അവരുടെ തൊലിനിറത്തിന്റെ പേരില്‍ അവഹേളിക്കാറുണ്ട്. അതേ ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ അവരുടെ തൊലിനിറത്തിന്റെ പേരില്‍ അവഹേളിക്കുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.നവ സാമ്രാജ്യത്വ രാഷ്ട്ര സങ്കല്‍പ്പത്തിന്റെ ആഖ്യാനങ്ങള്‍ അധീശത്വം നേടുന്ന കാലത്ത് എങ്ങനെയാണ് കഥ പറച്ചിലിനെ അരുന്ധതി റോയ് സമീപിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഇതു പറഞ്ഞത്. മിത്തുകള്‍ ചരിത്രമായും ചരിത്രം മിത്തായും പരിഗണിക്കപ്പെടുന്ന ഒരു കാലത്തിലൂടെ കഥ പറയുന്നതിന്റെ പ്രശ്‌നങ്ങള്‍ അരുന്ധതി ചര്‍ച്ച ചെയ്യുന്നുണ്ട് അഭിമുഖത്തില്‍. ആള്‍ക്കൂട്ട നീതിയുടെയും മതമൗലികവാദത്തിന്റെയും ജാതിവെറിയുടെയുമെല്ലാം സെന്‍സര്‍ഷിപ്പുകള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയിലൂടെ കഥ പറയുകയെന്നത് കഥപറച്ചിലുകാരെ സംബന്ധിച്ചിടത്തോളം അപായകരമായ ഒരു കാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.