ബോക്സ് ഓഫീസില്‍ വന്‍ ചലനം സൃഷ്ടിച്ച തമിഴ് ആക്ഷന്‍ ചിത്രം 'ബ്ലാസ്റ്റിന്റെ' വിശേഷങ്ങളും ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നേരിട്ട കഠിനമായ അനുഭവങ്ങളും തുറന്നുപറഞ്ഞ് പ്രിയനടി അഭിരാമി. സുബാഷ് കെ. രാജ് സംവിധാനം ചെയ്ത് അര്‍ജുന്‍ സര്‍ജ, അഭിരാമി, പ്രീതി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് കേരളത്തില്‍ നിന്നാണ് ഏറ്റവും വലിയ വരവേല്‍പ്പ് ലഭിച്ചതെന്ന് അഭിരാമി വെളിപ്പെടുത്തി. തന്റെ പുതിയ ചിത്രമായ 'ലോ ആന്‍ഡ് ഓര്‍ഡറിന്റെ' പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
താന്‍ മുന്‍പ് കരാട്ടെ ഒന്നും പഠിച്ചിട്ടില്ലെന്നും 'ബ്ലാസ്റ്റ്' സിനിമയ്ക്ക് വേണ്ടി പ്രത്യേക പരിശീലനം നേടുകയായിരുന്നു എന്നും അഭിരാമി വ്യക്തമാക്കി. ആക്ഷന്‍ സീനുകളില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജ നല്‍കിയ പിന്തുണ വലുതായിരുന്നു. പൊസിഷനുകള്‍ ശരിയാക്കുന്നതിലും ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നതിലും അര്‍ജുന്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും താരം ഓര്‍ത്തെടുത്തു. ആകെ 20 ദിവസത്തോളമാണ് ചിത്രീകരണത്തിനായി മാറ്റിവെച്ചിരുന്നത്. അതില്‍ 15-16 ദിവസവും കഠിനമായ ആക്ഷന്‍ രംഗങ്ങളായിരുന്നു. ഷൂട്ടിങ് സെറ്റില്‍ വെച്ച് പരിക്കുകളോ വേദനയോ അറിയില്ലെങ്കിലും റൂമിലെത്തുമ്പോഴാണ് യഥാര്‍ത്ഥ ദുരിതം തുടങ്ങുന്നത്. ശരീരം മുഴുവന്‍ സഹിക്കാന്‍ കഴിയാത്ത വേദനയായിരിക്കും.
ദിവസവും റൂമിലെത്തി തിരുമ്മലും തൈലം തേക്കലും മരുന്ന് കഴിക്കലുമായിരുന്നു പ്രധാന പണിയെന്ന് അഭിരാമി ചിരിയോടെ പറഞ്ഞു. വൈകുന്നേരമാകുമ്പോഴേക്കും 'ഇതിന്റെ വല്ല ആവശ്യവുമുണ്ടോ? ഇത് നിനക്ക് പറ്റിയ പണിയാണോ?' എന്ന് സ്വന്തം ശരീരം തന്നെ ചോദിക്കുന്ന അവസ്ഥയായിരുന്നു. എന്നാല്‍ സിനിമയിലെ ആക്ഷന്‍ സീനുകള്‍ പ്രേക്ഷകര്‍ ഇത്രത്തോളം ഏറ്റെടുക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.
അര്‍ജുന്‍ സര്‍ജയുടെ ഫിറ്റ്നസിനെയും എനര്‍ജിയെയും പറ്റി സംസാരിക്കവേ, 'അന്നും ഇന്നും അദ്ദേഹത്തിന് ഒരു മാറ്റവുമില്ല; അതേ ഫോക്കസും ഊര്‍ജ്ജവുമാണ്' എന്നും നടി പ്രശംസിച്ചു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലുമെല്ലാം മികച്ച പ്രതികരണം ലഭിച്ചെങ്കിലും കേരള പ്രേക്ഷകര്‍ 'ബ്ലാസ്റ്റ്' നെഞ്ചിലേറ്റിയത് പോലെ മറ്റൊരു നാട്ടിലും കണ്ടിട്ടില്ലെന്നും താരം ആവേശത്തോടെ വ്യക്തമാക്കി.