വരാനിരിക്കുന്ന പുതിയ ചിത്രം 'ടോക്‌സിക്'ലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും അതിനോട് ഭാര്യ രാധിക പണ്ഡിറ്റ് എങ്ങനെ പ്രതികരിക്കുന്നുവെന്നും വെളിപ്പെടുത്തി കന്നഡ സൂപ്പര്‍താരം യഷ്. ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ പങ്കാളിക്ക് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഒരു നടി കൂടിയായ രാധികയ്ക്ക് അതിനെ പക്വതയോടെ കാണാന്‍ അറിയാമെന്നും യഷ് പറഞ്ഞു. പ്രശസ്ത അഭിമുഖ പരിപാടിയായ 'ആപ് കി അദാലതി'ലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
ഏതൊരു പങ്കാളിക്കും ഇത് കണ്ടാല്‍ അസ്വസ്ഥത തോന്നും, അതില്‍ കള്ളം പറയേണ്ടതില്ല. രാധികയ്ക്കും ഇതില്‍ പൂര്‍ണ്ണ സന്തോഷം കാണില്ല. എന്നാല്‍ ഇതൊരു കലയാണെന്നും സിനിമയുടെ കഥയ്ക്ക് അത് അനിവാര്യമാണെന്നും നമ്മള്‍ തിരിച്ചറിയണം. ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനും എന്റെ സുരക്ഷിത വലയത്തിന് പുറത്തുകടന്നാണ് ഇത് ചെയ്തത്,' യഷ് വ്യക്തമാക്കി. രാധികയും ഒരു നടിയായതിനാല്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ഭര്‍ത്താവല്ല, കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടന്‍ മാത്രമാണെന്ന് മനസ്സിലാക്കാനുള്ള പക്വത അവള്‍ക്കുണ്ടെന്നും തന്നില്‍ അവള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും യഷ് കൂട്ടിച്ചേര്‍ത്തു.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ഓഗസ്റ്റ് 26-നാണ് ആഗോളതലത്തില്‍ തിയറ്ററുകളിലെത്തുന്നത്. കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താരാ സുതാരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.