ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ താനും കുടുംബവും നേരിടേണ്ടി വന്ന കടുത്ത വിവേചനങ്ങളെയും കഷ്ടപ്പാടുകളെയും കുറിച്ച് തുറന്നുപറഞ്ഞ് നടി റിയ ചക്രവര്‍ത്തി. വിവാദങ്ങളുടെ പേരില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ തന്റെ പിതാവിന് ജോലി നഷ്ടപ്പെടേണ്ടി വന്ന സാഹചര്യം റിയ വെളിപ്പെടുത്തി. പ്രശസ്ത കോറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാന്റെ യൂട്യൂബ് വ്ലോഗില്‍ സംസാരിക്കുകയായിരുന്നു റിയ.
നഗരത്തിലെ ഒരു വലിയ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്പര്‍വൈസറായി പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തിക്ക് ജോലി ലഭിച്ചിരുന്നുവെന്ന് റിയ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂവിന് ശേഷം കുടുംബപ്പേര് 'ചക്രവര്‍ത്തി' എന്ന് തിരിച്ചറിഞ്ഞതോടെ 'നിങ്ങള്‍ റിയ ചക്രവര്‍ത്തിയുടെ അച്ഛനാണ്, അതിനാല്‍ ഇവിടെ ജോലി നല്‍കാന്‍ സാധിക്കില്ല' എന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
2020-ല്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തെ തുടര്‍ന്ന് റിയയും സഹോദരന്‍ ഷെവിക് ചക്രവര്‍ത്തിയും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും നിയമനടപടികള്‍ക്കും ഇരയായിരുന്നു. കേസില്‍ ലഹരിമരുന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍, മാസങ്ങള്‍ക്ക് മുന്‍പ് കേസില്‍ സി.ബി.ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും റിയയ്ക്ക് പൂര്‍ണ്ണമായ ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ 'ദി ട്രെയിറ്റേഴ്സ്' സീസണ്‍ 2-ലൂടെ അഭിനയരംഗത്ത് വീണ്ടും സജീവമായി ക്കൊണ്ടിരിക്കുകയാണ് റിയ.