തന്റെ വസ്ത്രധാരണത്തെയും സ്റ്റേജ് പ്രകടനത്തെയും ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന മോശം കമന്റുകള്‍ക്ക് മറുപടിയുമായി പ്രശസ്ത ഗായിക അഭയ ഹിരണ്മയി. താനൊരു കലാകാരിയാണെന്നും കാണികളെ രസിപ്പിക്കുക എന്നതാണ് തന്റെ ജോലിയെന്നും അഭയ ഒരു പൊതുപരിപാടിയില്‍ വെച്ച് തുറന്നു പറഞ്ഞു. പ്രമുഖ മാളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന അഭയ ഹിരണ്മയിയുടെ സംഗീത പരിപാടിയുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഈ വീഡിയോകള്‍ക്ക് താഴെ വസ്ത്രധാരണത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും നിരവധി മോശം കമന്റുകളാണ് വന്നത്. താന്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച് സ്റ്റേജില്‍ നൃത്തം ചെയ്തതിനെതിരെയാണ് ഇത്തരം വൃത്തികെട്ട കമന്റുകള്‍ ഉയര്‍ന്നതെന്ന് അഭയ വ്യക്തമാക്കി. 'ഞാനൊരു ആര്‍ട്ടിസ്റ്റാണ്. സ്റ്റേജില്‍ കയറുമ്പോള്‍ ഞാന്‍ എന്റെ ചിന്തകളെല്ലാം മാറ്റിവെച്ച് കാണികള്‍ക്കായി നൃത്തം ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം മുന്നിലിരിക്കുന്ന ജനങ്ങളെ രസിപ്പിക്കണം. ഞാനും ആസ്വദിച്ചാല്‍ മാത്രമേ കാണികളെ രസിപ്പിക്കാന്‍ സാധിക്കൂ,' അഭയ പറഞ്ഞു
അങ്ങനെ ആസ്വദിച്ച്, എന്റെ രീതിയില്‍ നൃത്തം ചെയ്ത്, അവര്‍ക്ക് വേണ്ടി പാട്ട് പാടുന്നതിനെതിരെയാണ് മോശം കമന്റുകള്‍ വരുന്നത്,' അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യത്യസ്തമായ ശബ്ദം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭയ ഹിരണ്മയിക്ക് മുന്‍പും പലപ്പോഴും സമാനമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കുറിക്ക് കൊള്ളുന്ന മറുപടികള്‍ നല്‍കിയിട്ടുള്ള വ്യക്തി കൂടിയാണ് അവര്‍.
അഭയയെ പിന്തുണച്ചും ഇപ്പോള്‍ നിരവധി പേര്‍ എത്തുന്നുണ്ട്. സ്റ്റേജില്‍ ആടിപ്പാടുന്നതിനെ കുറിച്ച് മോശമായ കമന്റുകള്‍ വരുമ്പോള്‍ അത് കലാകാരെ ബാധിക്കുമെന്നും അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ചു. വിമര്‍ശനങ്ങള്‍ ആവശ്യമാണെന്നും, എന്നാല്‍ അധിക്ഷേപിക്കുകയും ക്രൂരമായി കളിയാക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെ ഒരിക്കലും പിന്തുണക്കാനാകില്ലെന്നും ഇവര്‍ പറഞ്ഞു.
മുപ്പത്തിയാറുകാരിയായ അഭയ ഹിരണ്‍മയി നാക്കുപെന്റ നാക്കുടാക്ക എന്ന സിനിമയിലൂടെയാണ് പിന്നണി ?ഗാനരം?ഗത്തേക്ക് ചുവടുവെച്ചത്. ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണിയിലൂടെ സിനിമ അഭിനയത്തിലേക്കും ചുവടുവെച്ചു.