ഒക്ടോബര്‍ 16, 2023, കൊച്ചി : ജോയ് മൂവീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ''ആട്ടം'' ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സില്‍ (ഐ.എഫ്.എഫ്.എല്‍. എ) മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് ജൂറി അവാര്‍ഡിന് അര്‍ഹമായി. ചേംബര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന, ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദര്‍ഭികമായി ചുരുളഴിച്ച് കൊണ്ടുവരുന്ന രീതിയില്‍ നിര്‍മിച്ചിട്ടുള്ള ചിത്രം മേളയില്‍ നിറഞ്ഞ പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. പതിയെ പതിയെ പുറത്തുവരുന്ന നിരവധി സസ്‌പെന്‍സുകളാണ് ചിത്രത്തിന്റെ പ്രത്യേകത.
നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫിലിം ബസാര്‍ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകള്‍ക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയില്‍ ''ആട്ട''വും ഇടംപിടിച്ചതോടെയാണ് ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സെറിന്‍ ശിഹാബ് , വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവരോടൊപ്പം 9 പുതുമുഖങ്ങളുമായി വരുന്ന 'ആട്ടം' ശക്തമായ പ്രകടനങ്ങളുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡോ.അജിത് ജോയ് ആണ് നിര്‍മാണം. അനുരുദ്ധ് അനീഷ് ക്യാമറയും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ബേസില്‍ സി.ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിന് അനുയോജ്യമായ രീതിയില്‍ ശബ്ദമിശ്രണം നിര്‍വഹിച്ചിട്ടുള്ളത് ജിക്കു എം. ജോഷിയും വിപിന്‍ നായരും ചേര്‍ന്നാണ്. ശ്രീക് വാര്യരാണ് കളര്‍ ഗ്രേഡിംഗ്.
ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനുകള്‍ യെല്ലോടൂത്സ് ആണ് നിര്‍വഹിച്ചിട്ടുള്ളത്. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്ടര്‍. നിശ്ചല ഛായാഗ്രഹണം രാഹുല്‍ എം. സത്യന്‍. ഷഹീന്‍ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകള്‍. അനൂപ് രാജ് എം. ആണ് ഫിനാന്‍സ് കണ്‍ട്രോളര്‍. സ്റ്റോറീസ് സോഷ്യലിനു വേണ്ടി സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ്, കമ്മ്യുണിക്കേഷന്‍ എന്നിവ നിര്‍വഹിക്കുന്നത്. ജോയ് മൂവീസ് പ്രൊഡക്ഷനാണ് ചിത്രം വിതരണം ചെയ്യുന്നത്.