ദളപതി വിജയ് ചിത്രം 'ജന നായകന്‍' സിനിമയിലെ 'ദളപതി കച്ചേരി' എന്ന ഗാനത്തിന് മലയാളത്തിന്റെ പ്രിയതാരം അജു വര്‍ഗീസ് ചുവടുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. അജുവിന്റെ നൃത്തച്ചുവടുകള്‍ക്ക് നടന്‍ നിവിന്‍ പോളി നല്‍കിയ കമന്റാണ് ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകന്‍' പൊങ്കല്‍ റിലീസായി ജനുവരി 9-ന് തിയറ്ററുകളിലെത്തും.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ദളപതി വിജയ്യുടെ അവസാന സിനിമയാണിത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലേഷ്യയില്‍ നടന്ന 'ജന നായകന്റെ' ഓഡിയോ ലോഞ്ചില്‍ വിജയ് നൃത്തം ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായിരുന്നു. 'വില്‍ മിസ് യുവര്‍ മൂവി സര്‍' എന്ന അടിക്കുറിപ്പോടെയാണ് അജു വര്‍ഗീസ് 'ദളപതി കച്ചേരി' ഗാനത്തിന് ചുവടുവെച്ച വീഡിയോ പങ്കുവെച്ചത്.
അജുവിന്റെ ഉറ്റ സുഹൃത്തായ നിവിന്‍ പോളിയുടെ കമന്റാണ് ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയത്. 'നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ നീ' എന്നായിരുന്നു നിവിന്റെ കമന്റ്. ഇതിന് മറുപടിയായി 'എന്നെ പ്രോത്സാഹിപ്പിക്കുകയാണല്ലേ' എന്ന് അജു ചോദിക്കുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
2025 അവസാനത്തോടെ ബോക്സ് ഓഫീസും ഇന്‍സ്റ്റഗ്രാമും അജുവും നിവിനും ചേര്‍ന്ന് തൂക്കിയെന്നും പലരും കുറിച്ചു. 'മലര്‍വാടി ആര്‍ട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അജുവും നിവിനും, മലയാളി പ്രേക്ഷകരുടെ ഇഷ്ട കോംബോകളിലൊന്നാണ്. ഇവരുടെ അടുത്തിടെ പുറത്തിറങ്ങിയ അഖില്‍ സത്യന്‍ ചിത്രം 'സര്‍വ്വം മായ' മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.