ദിവസങ്ങള്‍ക്കു മുമ്പാണ് ഉപ്പും മുളകിലെ സിദ്ധുവായ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ഒരു വീഡിയോ പുറത്തു വന്നത്. കോട്ടയം നാട്ടകത്ത് വച്ച് മദ്യലഹരിയില്‍ അതിവേഗത്തില്‍ വാഹനം ഓടിക്കുകയും തുടര്‍ന്ന് ആ വാഹനം ഇടിച്ച് കാല്‍നട യാത്രക്കാരനായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അടുത്ത ദിവസം തന്നെ നടന് ജാമ്യം ലഭിച്ചുവെങ്കിലും വീഡിയോ വലിയ തോതിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മാത്രമല്ല, മുന്‍പും പല തവണ ഇത്തരം സംഭവങ്ങളുടെ പേരില്‍ സിദ്ധാര്‍ത്ഥ് ഉള്‍പ്പെട്ട വിഷയങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പിന്നാലെ ഉപ്പും മുളകും പരമ്പരയില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഇത്തരം ചര്‍ച്ചകള്‍ ഉയരുന്നുണ്ടെങ്കില്‍ ചാനല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്യുന്ന ഈ സീരിയലില്‍ നിന്നും പല താരങ്ങളും പോവുകയും പുതിയവര്‍ വരികയും ചെയ്തിട്ടുണ്ട്. അങ്ങനെ മാറി വന്ന ഒരാളാണ് സിദ്ധു എന്ന കഥാപാത്രവും.
ഉപ്പും മുളകും പരമ്പരയില്‍ സിദ്ധു എന്ന ലെച്ചുവിന്റെ ഭര്‍ത്താവ് വേഷത്തില്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് മലയാളികളെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് നടന്റെ അപ്രതീക്ഷിതമായ ഒരു വീഡിയോ ക്രിസ്തുമസ് തലേന്ന് രാത്രി പുറത്തു വന്നത്. മദ്യപിച്ച് ബോധമില്ലാതെ വാഹനമോടിക്കുകയും കാല്‍നടയാത്രക്കാരനെയും മറ്റു മൂന്നു വാഹനങ്ങളേയും ഇടിക്കുകയും ചെയ്തപ്പോള്‍ നാട്ടുകാര്‍ പിടികൂടുകയും ചെയ്ത വീഡിയോയാണ് മിനിറ്റുകള്‍ക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചത്. ബോധമില്ലാതിരുന്ന സിദ്ധാര്‍ത്ഥ് നാട്ടുകാരെ ചീത്ത വിളിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം.
അതിനിടെ നാട്ടുകാരും സിദ്ധാര്‍ത്ഥിനെ കൈകാര്യം ചെയ്യുകയായിരുന്നു. 26 വയസുകാരനായ സീരിയല്‍ നടനാണ് സിദ്ധാര്‍ത്ഥ് പ്രഭു. തട്ടീം മുട്ടീമിനു ശേഷം സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലും അഭിനയിച്ച സിദ്ധാര്‍ത്ഥ് അടുത്തിടെയാണ് ഉപ്പും മുളകിലേക്ക് എത്തിയത്. കോട്ടയം എംസി റോഡില്‍ നാട്ടകം ഗവ. കോളജിനു സമീപത്താണ് സിദ്ധാര്‍ഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പനക്കാരനായ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. മറ്റു മൂന്നു വാഹനങ്ങളേയും ഇടിച്ചു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവില്‍ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.