പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.പൃഥ്വിരാജിന്റെ കഥാപാത്രമായ നജീബിന്റെ മരൂഭൂമിയിലെ ദുരിത ജീവിതം വെളിവാക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ ചിത്രങ്ങള്‍ക്ക് ആശംസയുമായി നിരവധി പേരാണ് എത്തുന്നത്.
ആടുജീവിതത്തിന്റെ പ്രീമിയര്‍ ഷോ കണ്ട് കമല്‍ ഹാസനും മണിരത്നവും തങ്ങളുടെ വാക്കുകള്‍ പങ്ക് വച്ചു. വീഡിയോ സന്ദേശത്തിലൂടെ കമല്‍ ഹാസന്‍ പൃഥ്വിരാജിനെയും ബ്ലെസിയെയും അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. ഏറ്റവും മികച്ച സിനിമ ഒരുക്കാനുള്ള സംവിധായകന്റെ ദാഹമാണ് ഈ ചിത്രം കണ്ടപ്പോള്‍ തനിക്ക് മനസിലായതെന്നും ഇടവേള ആയപ്പോഴേക്കും തൊണ്ട വരണ്ടുപോയെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
ഇത്രയും കഷ്ടപ്പെട്ട് ചെയ്ത് ഈ സിനിമ യാഥാര്‍ഥ്യമാക്കിയതിന് ഞാന്‍ ബ്ലെസിക്ക് നന്ദി പറയുന്നു. ഇതു ശരിക്കും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ഞെട്ടിപ്പോവുകയാണ്. ബ്ലെസി എങ്ങനെ ഈ സിനിമ ചെയ്തു എന്ന് മണിരത്നം അദ്ഭുതത്തോടെ ചോദിച്ചു.
സിനിമയുടെ ഇടവേളയില്‍ തൊണ്ട വരണ്ട് വെള്ളം കുടിക്കാന്‍ പരവേശം അനുഭവപ്പെടുന്നത് പോലെ തോന്നി. വ്യത്യസ്തമായ ഒരു സിനിമ ചെയ്യാനുള്ള നിങ്ങളുടെ ദാഹം സിനിമയില്‍ പ്രകടമാകുന്നുണ്ട്. പൃഥ്വിരാജ് ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്.ഇത്രയധികം അദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹം കുളിക്കുന്ന സീനൊക്കെ അത്രകണ്ട് യാഥാര്‍ഥ്യമായി തോന്നിപ്പോയി. ക്യാമറാമാന്‍ സുനില്‍ കെ.എസ്. ഈ സിനിമയ്ക്കു വേണ്ടി എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സിനിമക്കാരായ ഞങ്ങള്‍ക്ക് മനസിലാകും
പ്രേക്ഷകരും ഇതെല്ലാം മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വളരെ മികച്ച സിനിമയാണ് ആടുജീവിതം, പ്രിയപ്പെട്ട പ്രേക്ഷകരും ഈ സിനിമയെ പിന്തുണയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. കമലിന്റെ വീഡിയോ പങ്കുവച്ച് ഈ വാക്കുകള്‍ തനിക്ക് ലഭിച്ച വലിയ പുരസ്‌കാരമാണ് എന്നാണ് പൃഥിരാജ് പങ്ക് വച്ചു
പൃഥ്വിരാജുമായി ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്ന നടന്മാരില്‍ ഒരാളാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബഡേ മിയാന്‍ ചോട്ടെ മിയാന്‍ എന്ന ചിത്രത്തില്‍ പൃഥ്വിയുടെ സഹനടന്‍ കൂടിയാണ് അക്ഷയ് കുമാര്‍. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായ ആടുജീവിതം തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ, പൃഥ്വിയെ അഭിനന്ദിച്ചുകൊണ്ട് അക്ഷയ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ആടുജീവിതത്തിനായി പൃഥ്വിരാജ് സമര്‍പ്പിച്ച നീണ്ട വര്‍ഷങ്ങളെ കുറിച്ചറിഞ്ഞപ്പോള്‍ അക്ഷയ് കുമാര്‍ പോലും നിശബ്ദനായി. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന ബഡേ മിയാന്‍ ചോട്ടെ മിയാന്‍ ട്രെയിലര്‍ ലോഞ്ചിനിടെയാണ്, അക്ഷയ് പൃഥ്വിരാജിനോടുള്ള അതിരറ്റ ആരാധന പ്രകടിപ്പിച്ചത്. പൃഥ്വി തന്നേക്കാള്‍ മികച്ച നടനാണെന്നും അക്ഷയ് പറഞ്ഞു.സിനിമയില്‍ ഞങ്ങളേക്കാള്‍ കൂടുതല്‍ ഡയലോഗുകള്‍ അദ്ദേഹത്തിനുണ്ട്! എന്നാല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ രസകരമായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് ഞാന്‍ അഭിനയത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിച്ചത്. ഞാന്‍ നിങ്ങളേക്കാള്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതിനാല്‍ ഞാന്‍ മികച്ചവനാണെന്ന് അര്‍ത്ഥമാക്കുന്നില്ല! നിങ്ങളൊരു മികച്ച നടനാണ്,'' അക്ഷയ് പറഞ്ഞു.
ആടുജീവിതത്തെക്കുറിച്ചും അക്ഷയ് കുമാര്‍ വാചാലനായി. ആടുജീവിതത്തിന്റെ ട്രെയിലര്‍ തന്നെ അമ്പരപ്പിച്ചുവെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു. ''അദ്ദേഹം എന്നെ ട്രെയിലര്‍ കാണിച്ചു, സാധാരണയായി ഞാന്‍ സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് പോകാറില്ല, പക്ഷേ എന്നെ സ്‌ക്രീനിംഗിന് വിളിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വളരെ രസകരമായി തോന്നുന്നതിനാല്‍ ഞാന്‍ അതിനായി പോകും. നിങ്ങള്‍ എല്ലാവരും ഇത് കാണണം
. ''ഒരു സിനിമയ്ക്ക് 16 വര്‍ഷമോ വിശ്വസിക്കാന്‍ കഴിയുന്നില്ല', 'നിങ്ങള്‍ 2-3 വര്‍ഷമായി ഈ സിനിമയില്‍ പ്രവര്‍ത്തിക്കുകയാണല്ലേ?' എന്ന് അക്ഷയ് ചോദിച്ചപ്പോള്‍, '16 വര്‍ഷമായി,'' എന്ന് പൃഥ്വി തിരുത്തി. പൃഥ്വിയുടെ മറുപടി അക്ഷയിനെ അമ്പരപ്പിക്കുകയും നിശബ്ദനാക്കുകയും ചെയ്തു. '16 വര്‍ഷമായി നിങ്ങള്‍ എന്താണ് ചെയ്യുന്നത്? ഈ മനുഷ്യന്‍ 16 വര്‍ഷമായി ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്! അവിശ്വസനീയം. ഇവിടെ, ഞങ്ങള്‍ക്ക് 16 മാസത്തേക്ക് ഒരു സിനിമയില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയില്ല). ഹാറ്റ്‌സ് ഓഫ്,'' അത്ഭുതത്തോടെ അക്ഷയ് കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ ഏതു കോണിലായിരുന്നാലും ആദ്യദിവസം തന്നെ താന്‍ ആടുജീവിതം കാണാന്‍ ശ്രമിക്കുമെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ആടുജീവിതത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും സൂര്യ ആശംസകളറിയിച്ചത്. സിനിമയുടെ ട്രെയിലറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിജീവനത്തിന്റെ കഥ പറയാനുള്ള 14 വര്‍ഷത്തെ അഭിനിവേശം, ഈ പരിവര്‍ത്തനവും ഇതുണ്ടാക്കാനുള്ള പരിശ്രമവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കൂ! ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നാണ് സൂര്യ പോസ്റ്റ് ചെയ്തത്.
2008-09 കാലഘട്ടത്തിലാണ് ബെന്യാമിന്റെ ബെസ്റ്റ് സെല്ലര്‍ നോവലായ ആടുജീവിതം സിനിമയാക്കാന്‍ സംവിധായകന്‍ ബ്ലെസി തീരുമാനിച്ചത്. താമസിയാതെ പൃഥ്വിരാജ് ഈ പ്രൊജക്ടില്‍ ജോയിന്‍ ചെയ്തു. എന്നിരുന്നാലും, തിരക്കഥയുടെ ജോലികള്‍ ആരംഭിക്കാന്‍ ബ്ലെസിക്ക് ആറ് വര്‍ഷം കൂടി വേണ്ടി വന്നു. ആറ് വര്‍ഷം മുന്‍പ് ചിത്രീകരണം ആരംഭിച്ചെങ്കിലും, കൊവിഡ് മഹാമാരിയും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും കാരണം ആടുജീവിതം നീണ്ടുപോവുകയായിരുന്നു. 16 വര്‍ഷം മുന്‍പ് ബ്ലെസിയും പൃഥ്വിയും കണ്ട ആ സ്വപ്നം നാളെ തിയേറ്ററുകളിലേക്ക് എത്തുന്ന ആവേശത്തിലാണ് മലയാള സിനിമാലോകവും പ്രേക്ഷകരും.