ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത 'ഇനിയൊന്നു വിശ്രമിക്കട്ടെ' എന്ന പരമ്പരയിലൂടെയായിരുന്നു വിനയന്‍ എന്ന സംവിധായകന്റെ തുടക്കം. മലയാള സിനിമയിലെ 'വിപ്ലവ സംവിധായകന്‍' എന്ന രീതിയില്‍ വിനയന്‍ ശ്രദ്ധിക്കപ്പെടുന്നത്. 1990-ല്‍ മോഹന്‍ലാലിനോട് രൂപസാദൃശ്യമുണ്ടായിരുന്ന കാവാലം ശശികുമാറിനെ നായകനാക്കി 'സൂപ്പര്‍ സ്റ്റാര്‍' എന്ന ചിത്രം ചെയ്തുകൊണ്ടായിരുന്നു മലയാള സിനിമയിലേക്കുള്ള വിനയന്റെ അരങ്ങേറ്റം. തുടര്‍ന്നു വന്ന വര്‍ഷങ്ങളില്‍ ആയിരം ചിറകുള്ള മോഹം, ശിപായി ലഹള, കല്യാണ സൗഗന്ധികം, 1996-ല്‍ മിസ്റ്റര്‍ ക്ലീന്‍, അനുരാഗ കൊട്ടാരം തുടങ്ങി ചില ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്തിരുന്നുവെങ്കിലും 1999 ആയിരുന്നു വിനയന്റെ വര്‍ഷമായി മാറിയത്. ഒരു വര്‍ഷം തന്നെ ഇറങ്ങിയ നാല് ചിത്രങ്ങളും (ഇന്‍ഡിപെന്‍ഡന്‍സ്, ആകാശഗംഗ, പ്രണയ നിലാവ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും) സൂപ്പര്‍ ഹിറ്റ് ആക്കി മാറ്റിയ അദ്ദേഹം മലയാള സിനിമാലോകത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു.
കലാഭവന്‍ മണി എന്ന ഹാസ്യ നടനെ അദ്ദേഹത്തിന്റെ എല്ലാ അഭിനയ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ഒരു നടനാക്കി മാറ്റിയ ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. രാമു എന്ന അന്ധന്റെ ജീവിതം വെള്ളിത്തിരയിലേക്ക് വിനയന്‍ പകര്‍ത്തിയപ്പോള്‍ ഒരു സംവിധായകന്റെ പൂര്‍ണതയിലേക്ക് അദ്ദേഹം എത്തുകയായിരുന്നു. ആ വര്‍ഷത്തെ ദേശീയ പുരസ്‌കാര ചടങ്ങില്‍ ചര്‍ച്ചാ വിഷയമായ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള അവാര്‍ഡ് എംജി ശ്രീകുമാറും, സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ കലാഭവന്‍ മണിയും നേടി. എന്നാല്‍ കലാഭവന്‍ മണിക്ക് മികച്ച നടനുള്ള അവാര്‍ഡ് നിഷേധിച്ചത് വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. എങ്കിലും ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം കലാഭവന്‍ മണിക്ക് തന്നെയായിരുന്നു. ടൈപ്പ് കാസ്റ് ചെയ്യപ്പെട്ടിരുന്ന മണിയേപ്പോലൊരു കലാകാരന് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് സമ്മാനിച്ചത് വിനയന്‍ ആയിരുന്നു. അതിനൊരുദാഹരണമായിരുന്നു 'ഇന്‍ഡിപെന്‍ഡന്‍സ്' എന്ന ചിത്രത്തില്‍ മണിക്ക് അദ്ദേഹം നല്‍കിയ വേഷം. 1999-ല്‍ തന്നെയാണ് വിനയന്‍ എന്ന സംവിധായകനില്‍ നിന്നും മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ സിനിമകളില്‍ ഒന്നായ ആകാശഗംഗയും പിറക്കുന്നത്.
2000-ല്‍ ദാദാസാഹിബ്, ദൈവത്തിന്റെ മകന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ അദ്ദേഹം ചെയ്തു. ചര്‍ച്ച ചെയ്ത പ്രമേയം കൊണ്ട് ദാദാസാഹിബ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇസ്ലാമോഫോബിയ പിടിപെട്ട് മുസ്ലീം നാമധാരികളെ പോലും തീവ്രവാദികളായി മുദ്രകുത്തുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനെതിരെ സംവദിച്ച ചിത്രം, മമ്മൂട്ടിയുടെ അഭിനയമികവുകൊണ്ടും ചര്‍ച്ചയായി. 2001-ല്‍ വീണ്ടും കലാഭവന്‍ മണിക്ക് കരിയറില്‍ ഒരു ഇമേജ് ബ്രേക്ക് നല്‍കിയ രണ്ട് ചിത്രങ്ങള്‍ ആയിരുന്നു വിനയന്‍ സംവിധാനം ചെയ്തത്. രാക്ഷസരാജാവ് എന്ന മമ്മൂട്ടി ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട കലാഭവന്‍ മണി അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. അതുവരെ ചിരിപ്പിക്കാന്‍ മാത്രം സ്‌ക്രീനില്‍ വന്നിരുന്ന കലാഭവന്‍ മണിയുടെ രൂപമാറ്റം അക്ഷരാത്ഥത്തില്‍ അത്ഭുതമുളവാക്കുന്നതായിരുന്നു. കരുമാടിക്കുട്ടനിലൂടെ ആ വര്‍ഷം തന്നെ മികച്ച പ്രകടനം കാഴ്ചവച്ച കലാഭവന്‍മണി തനിക്ക് കല്പിച്ചു തന്ന അതിര്‍വരമ്പുകളില്‍ നിന്നും വഴിമാറി നടക്കാന്‍ തുടങ്ങി. അതിന് വഴിയൊരുക്കിയതും പിന്നീട് അതേ നടനില്‍ നിന്നും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ സിനിമാ ലോകത്തിനു ലഭിക്കാന്‍ കാരണമായതും വിനയന്‍ എന്ന സംവിധായകന്‍ ആയിരുന്നു.
കലാഭവന്‍ മണിയുടെ സിനിമാജീവിതം മാത്രമല്ല, ഇന്ന് മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന ഒട്ടേറെ താരങ്ങളെ സിനിമയില്‍ എത്തിച്ചത് വിനയന്‍ ആയിരുന്നു. ജയസൂര്യ, ഇന്ദ്രജിത് സുകുമാരന്‍, അനൂപ് മേനോന്‍, ഹണി റോസ്, ലക്ഷ്മി മേനോന്‍, പ്രിയാമണി, മണിക്കുട്ടന്‍, സുരേഷ് കൃഷ്ണ, മേഘ്‌ന രാജ്, ദിവ്യ ഉണ്ണി തുടങ്ങിയവര്‍ അവരുടെ സിനിമാജീവിതം ആരംഭിച്ചത് വിനയന്‍ ചിത്രങ്ങളിലൂടെ ആയിരുന്നു. 2002 മുതല്‍ 2004 വരെയുള്ള വര്‍ഷങ്ങളില്‍ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, വാര്‍ ആന്‍ഡ് ലവ്, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, വെള്ളിനക്ഷത്രം, തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം തിയറ്ററുകളില്‍ എത്തിച്ചു. 2005-ല്‍ വീണ്ടും വിനയന്റെ സംവിധാന ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം അത്ഭുതദ്വീപ് എന്ന അത്ഭുത സിനിമ മലയാളിക്ക് സമ്മാനിച്ചു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ പല വിഭാഗങ്ങളില്‍ ആയി സ്ഥാനം പിടിച്ച ചിത്രം മലയാളിക്ക് വേറിട്ടൊരു അനുഭവവും ഉണ്ടപക്രു എന്ന അജയന്റെ സിനിമ ജീവിതത്തില്‍ ഒരു വഴിത്തിരിവുമായിരുന്നു. ഏറ്റവും ഉയരം കുറഞ്ഞ നായക നടനായി അദ്ദേഹം ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടുകയുണ്ടായി. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്റെ (തമിഴ്) റീമെയ്ക് ആയ 'എന്‍ മനവാതില്‍' ലൂടെ ജയസൂര്യക്ക് തമിഴില്‍ വിനയന്‍ ഇന്‍ഡ്രൊഡക്ഷന്‍ നല്‍കി. 2001-ല്‍ വിനയന്‍ തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' കാശി എന്നപേരില്‍ തമിഴിലേക്ക് റീമെയ്ക് ചെയ്തപ്പോള്‍ നായകനായി വിക്രം ആയിരുന്നു കാസ്റ് ചെയ്യപ്പെട്ടത്. മലയാളത്തിലേതു പോലെ തന്നെ തമിഴിലും ചിത്രം പ്രേക്ഷകശ്രദ്ധ നേടി. വിക്രത്തിനു കാശിയിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും ലഭിച്ചു. കാവ്യാമാധവന്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചതും കാശിയിലൂടെ ആയിരുന്നു.
പിന്നീടുള്ള വര്‍ഷങ്ങളില്‍ തിയറ്ററില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയ ചിത്രങ്ങള്‍ വിനയനില്‍ നിന്നുമുണ്ടായില്ല. മലയാള സിനിമാസംഘടനകള്‍ക്കെതിരെ വിനയന്‍ ചില പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും സംഘടനകള്‍ വിനയനെതിരെ രംഗത്തിറങ്ങുകയും വിലക്കുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതായിരുന്നു അതിന് കാരണം. തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന വിനയന്‍ പിന്നോട്ട് പോകാനോ തന്റെ വീക്ഷണങ്ങളിലോ നിലപാടുകളിലോ മാറ്റം വരുത്താനോ തയ്യാറായില്ല. വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് താരങ്ങള്‍ക്കും, സഹകരിക്കുന്നതില്‍ ടെക്‌നീഷ്യന്‍സിനും വിലക്കുകളുണ്ടായി. വിനയന്‍ സിനിമാലോകത്തേയ്ക്ക് കൈപിടിച്ചുകൊണ്ടുവന്നവര്‍ പോലും അദ്ദേഹത്തിനുനേരെ പുറം തിരിഞ്ഞു നിന്നു. ആര്‍ക്കുമുന്നിലും കീഴടങ്ങാതെ വിനയന്‍ 'താരങ്ങളില്ലാതെ' സിനിമകള്‍ ചെയ്തു. അതിശയന്‍, യക്ഷിയും ഞാനും, ഡ്രാക്കുള, രഘുവിന്റെ സ്വന്തം റസിയ, ലിറ്റില്‍ സൂപ്പര്‍മാന്‍ എന്നീ ചിത്രങ്ങള്‍ അദ്ദേഹം പ്രതിസന്ധികള്‍ മറികടന്നു തിയെറ്ററുകളില്‍ എത്തിച്ചവയാണ്. അതില്‍ത്തന്നെ ലിറ്റില്‍ സൂപ്പര്‍മാനിലെ ഒരു കൊലപാതകരംഗം, 'കുട്ടികളുടെ ചിത്രം' എന്ന നിലയില്‍ അനുചിതമാണെന്ന് ചില ക്രൈസ്തവ പുരോഹിതന്മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ചിത്രം പിന്‍വലിക്കുകയും റീ ഷൂട്ട് ചെയ്ത് തിയെറ്ററുകളില്‍ എത്തിക്കുകയും ചെയ്തതായിരുന്നു. നല്ല അഭിപ്രായങ്ങള്‍ നേടിയിട്ടും ചിത്രം ഭൂരിപക്ഷ പ്രേക്ഷകരാല്‍ ശ്രദ്ധിക്കപ്പെട്ടില്ല.
വിനയന്റെ സിനിമാജീവിതത്തിലെ 28 വര്‍ഷങ്ങള്‍ പിന്നോട്ട് ശ്രദ്ധിച്ചാല്‍ സംഘടനാവിലക്കുകള്‍ നേരിടുന്നതിനു മുന്‍പുവരെ ഒരു ഹിറ്റ് മേക്കറെന്നോ, മികച്ച സംവിധായകനെന്നോ വിളിക്കാമായിരുന്ന വിനയന്‍ പതിയെ, പരാജയ സിനിമകളുടെ സംവിധായകന്‍ എന്ന ലേബലില്‍ അറിയപ്പെട്ടു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, മലയാള സിനിമാ സംഘടനകള്‍ ഒരു നല്ല സംവിധായകനെ അടിച്ചമര്‍ത്തി. സിനിമയെ ഗൗരവപൂര്‍വ്വം വീക്ഷിക്കുന്ന ഓരോ മലയാളിയും വിനയന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. അമ്മ, ഫെഫ്ക എന്നീ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്കെതിരെ 2016-ല്‍ കോംപറ്റീഷന്‍ കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്ത വിനയന് അനുകൂലമായി വിധി വന്നു. വിനയനെതിരെയുള്ള വിലക്കുകള്‍ നീങ്ങുകയും, അമ്മ, ഫെഫ്ക സംഘടനാ ഭാരവാഹികള്‍ വിനയന് നഷ്ടപരിഹാരത്തുക നല്‍കേണ്ടികരികയും ചെയ്തു.
അതെ, വിനയന്‍ തിരിച്ചുവരികയാണ്. ഈ വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന, കലാഭവന്‍ മണിയുടെ ജീവിതകഥയായ 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യിലൂടെ.! കലാഭവന്‍ മണി എന്ന നടനെ ഇത്രത്തോളം ഉപയോഗപ്പെടുത്തിയതും, അറിഞ്ഞതുമായ മറ്റൊരു സംവിധായകന്‍ മലയാള സിനിമയില്‍ ഉണ്ടാകാന്‍ വഴിയില്ല. അതുകൊണ്ടുതന്നെ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്നപേരില്‍ മണിച്ചേട്ടന്റെ ജീവിതം സിനിമയാക്കി പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യനായ സംവിധായകന്‍ വിനയനാണ്. സെന്തില്‍ കൃഷ്ണ നായകനായഭിനയിക്കുന്ന, മണിയുടെ ബാല്യം മുതല്‍ മരണം വരെയുള്ള ഈ യാത്രയില്‍, ജോജു ജോര്‍ജ്ജ്, ഹണി റോസ്, ധര്‍മ്മജന്‍, രമേഷ് പിഷാരടി, വിഷ്ണു ഗോവിന്ദന്‍, എസ്.പി ശ്രീകുമാര്‍ തുടങ്ങിയവരും ഒന്നുചേരുന്നു. ബിജിബാല്‍ ഒരിടവേളയ്ക്കുശേഷം സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ ചിത്രം തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. കാരണം സംവിധായകന്‍ മലയാളത്തിന്റെ സ്വന്തം 'വിനയന്‍' ആണ്, പരാമര്‍ശിക്കപ്പെടുന്ന ജീവിതം കലാഭവന്‍ മണി എന്ന 'മനുഷ്യന്റെയും.'