നടനും എംഎല്‍എയുമായ മുകേഷിനെതിരെ മീടൂ ക്യാംപൈന്റെ ഭാഗമായി ആരോപണം ഉയരുമ്പോള്‍ രണ്ടുമാസം മുമ്പ് സംവിധായകന്‍ വിനയന്‍ മുകേഷിനെതിരെ പറഞ്ഞതാണ് ഇപ്പോള്‍ സിനിമാക്കാരില്‍ പലരും ഓര്‍ക്കുന്നത്. ഫേസ്ബൂക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ അന്ന് മുകേഷിനെതിരെ ആഞ്ഞടിച്ചത്.
താരസംഘടനയായ അമ്മ'യുടെ യോഗത്തില്‍ ഷമ്മി തിലകനും മുകേഷും ഏറ്റുമുട്ടിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിനയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുകേഷിനെതിരെ രംഗത്തെത്തിയത്. താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മുകേഷിന് ഇത്ര വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ കഴിയുന്നത് എങ്ങനെയാണെന്നും വിനയന്‍ ചോദിച്ചിരുന്നു.
മറ്റുള്ളവരുടെ സിനിമ മുടക്കുവാനും, വൈരാഗ്യം തീര്‍ക്കാനും അതിനായി ഷമ്മി തിലകനെ പോലുള്ള നടന്മാരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട് രസിക്കാനും കോമഡി ഉണ്ടാക്കാനുമാണ് ജനനേതാവിന് ഏറെ ഇഷ്ടം എന്നും വിനയന്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. വെറുപ്പിന്റെ പാരയുമായി നടക്കുന്ന സ്വാര്‍ത്ഥന്മാര്‍ ഇടതുപക്ഷ മുന്നണിയുടെ ലേബലില്‍ നിന്ന് എം.എല്‍.എ വരെ ആകുന്നു എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
2014ല്‍ എന്റെ സിനിമയ്ക്ക് വേണ്ടി 50,000 രൂപ അഡ്വാന്‍സ് വാങ്ങിയ ഷമ്മി തിലകന്‍ പിന്നീട് പ്രൊജക്ടില്‍ നിന്ന് പിന്മാറിയതിന് പിന്നില്‍ മുകേഷ് ആയിരുന്നു എന്ന് അറിഞ്ഞതിനെ തുടര്‍ന്നുള്ള അമര്‍ഷം കൂടിയായിരുന്നു വിനയന്റെ ഫേസ് ബുക്ക് കുറിപ്പില്‍ ഉള്ളത്. തിലകനെ വിലക്കിയതിന് പിന്നില്‍ നടന്ന ഗൂഢ തന്ത്രങ്ങളുണ്ടെന്നും വിനയന്‍ പറയാന്‍ മറന്നില്ല. വിനയന്‍ പറഞ്ഞതാണ് ശരിയെന്ന് എല്ലാവര്‍ക്കും മനസ്സിലായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും ജനങ്ങള്‍ കാണുന്നത് മാത്രമല്ല മുകേഷിന്റെ മുഖം എന്ന് വിനയന്‍ പറഞ്ഞതാണ് ഇപ്പോള്‍ മീടൂ ക്യാംപൈന്റെ ഭാഗമായി ആരോപണം ഉയരുമ്പോള്‍ ചിലരെങ്കിലും ശരിയാണ് വിശ്വസിക്കുന്നത്.