ചെന്നൈയിലെ പ്രശസ്തമായ കാര്‍ത്തിക് ഫൈന്‍ ആര്‍ട്സ് ഫെസ്റ്റില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ സാധിച്ചതിനുള്ള സന്തോഷം പങ്കിടുകയാണ് നവ്യ നായര്‍. കച്ചേരിയ്ക്ക് ശേഷം ഗുരു പ്രിയദര്‍ശിനി ഗോവിന്ദ് നന്നായെന്ന് പറഞ്ഞതും തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെന്നാണ് നവ്യ പറയുന്നത്.
ചെന്നൈയിലെ വിഖ്യാതമായ കാര്‍ത്തിക് ഫൈന്‍ ആര്‍ട്സിലെ എന്റെ ആദ്യത്തെ പെര്‍ഫോമന്‍സ് ആയിരുന്നു ഇന്നലെ. ആകാംഷയും ഉത്കണ്ഠയോടും കൂടിയാണ് ഞാന്‍ സ്റ്റേജിലേക്ക് കയറിയത്.ഒരു ചിന്ത മാത്രം എന്റെ മനസില്‍ മുഴങ്ങിക്കൊണ്ടിരുന്നു. എന്റെ ഗുരു, ഭരതനാട്യത്തിലെ ഏറ്റവും പ്രമുഖയായ പ്രതിഭ, ശ്രീമതി പ്രിയദര്‍ശിനി ഗോവിന്ദ് കാഴ്ചക്കാര്‍ക്കൊപ്പമിരുന്ന് എന്റെ നൃത്തം കാണുന്നുണ്ടാകും.
ഞാന്‍ മുമ്പും സ്റ്റേജില്‍ കയറിയിട്ടുണ്ട്. പക്ഷെ ഒരു സമ്പൂര്‍ണ ഭരതനാട്യ കച്ചേരി അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണ്. പുണ്യ മാസമായ മാര്‍ഗഴിയില്‍ ചെന്നൈ ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിലെ കച്ചേരിയെന്നത് ഓരോ നര്‍ത്തകിയും ആരാധനയോടെ കാണുന്ന വേദിയാണ്. ആ ഉത്തരവാദിത്തത്തിന്റെ ഭാരത്താല്‍ എന്റെ ഹൃദയം വിറയ്ക്കുകയായിരുന്നു.
നൃത്തം കഴിഞ്ഞപ്പോള്‍ അക്ക ഗ്രീന്‍ റൂമിലേക്ക് വന്നു. 'നവ്യാ നീ നന്നായി ചെയ്തു'വെന്ന് പറഞ്ഞു. കേള്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത വാക്കുകള്‍. കണ്ണുനീര്‍ തടഞ്ഞു നിര്‍ത്താനായില്ല. ആ നിമിഷം എല്ലാ ഭയവും, കഷ്ടപ്പാടുകളും നിശബ്ദ പ്രാര്‍ത്ഥനകളും കൃതജ്ഞതയില്‍ അലിഞ്ഞു ചേര്‍ന്നു.
ചെന്നൈയിലെ ഒരു സ്റ്റേജില്‍ നൃത്തം ചെയ്യാനാകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. അതും സഹനര്‍ത്തകരുടേയും ആസ്വാധകരുടേയും മുന്നില്‍. എനിക്ക് ലഭിച്ച സ്നേഹവും പ്രശംസയുമെല്ലാം എന്റെ ഗുരുവിനുള്ളതാണ്. അവരുടെ വിശ്വാസവും കാഴ്ചപ്പാടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അച്ചടക്കവും സ്നേഹവുമില്ലാതെ കലയുടെ ഈ മനോഹരമായ ലോകത്തേക്ക് കാലെടുത്തു വെക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു
അതേസമയം തന്റെ നൃത്തം കാണാനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും നവ്യ നായര്‍ പങ്കുവച്ചിട്ടുണ്ട്. പുതിയ വര്‍ഷം ഇതിലും നന്നായി തുടങ്ങാനാകില്ലെന്നാണ് നവ്യ നായര്‍ പറയുന്നത്. പാര്‍വതി, വിനീത്, അനുമോള്‍ തുടങ്ങിയ താരങ്ങളും നവ്യയുടെ നൃത്തം കാണാനെത്തിയിരുന്നു.
പുതുവത്സരം ആരംഭിക്കാന്‍ എനിക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം, പുതുവത്സരാശംസകള്‍ പ്രിയപ്പെട്ടവരേ. ഈ ദിവസം എന്നെന്നം ഓര്‍മിക്കാനുള്ളത്രയും അര്‍ത്ഥവത്താക്കി തീര്‍ത്ത എന്റെ പ്രിയപ്പെട്ടവര്‍ക്ക്, എന്നെ കാണാനും അനുഗ്രഹിക്കാനും സമയം ചെലവഴിച്ചതിന് നന്ദി. എന്റെ ഗുരു ശ്രീമതി പ്രിയദര്‍ശിനി ഗോവിന്ദിന് എന്റെ ഹൃദയംഗമമായ പ്രാര്‍ത്ഥനകള്‍ - അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം, അനുഗ്രഹങ്ങള്‍, അചഞ്ചലമായ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.
എന്റെ പെര്‍ഫോമന്‍സ് കാണാന്‍ എത്തിയതിന് പാര്‍വ്വതി ചേച്ചിക്ക് (പാര്‍വ്വതി ജയറാം) നന്ദി. എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ ആരാധിക്കുന്ന നര്‍ത്തകനായ വിനീത് ഏട്ടന്‍, നിങ്ങളുടെ സാന്നിധ്യം എനിക്ക് വളരെ പ്രധാനമാണ്. വീണയില്‍ മാജിക് സൃഷ്ടിക്കുന്ന രാജേഷ് വൈദ്യ സാറിനും എന്റെ ദീര്‍ഘകാല സുഹൃത്തും സ്ഥിരം അഭ്യുദയകാംക്ഷിയുമായ സുകുവേട്ടനും എന്റെ ആദരപൂര്‍വ്വം നന്ദി പറയുന്നു.
എന്റെ പ്രിയ സുഹൃത്ത് അനുമോള്‍ തന്റെ ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്ന് ഹാഫ് ഡേ ബ്രേക്ക് എടുത്ത് ഇവിടെ വന്നത് എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഷിജിത്ത് സാറിന്റെയും പാര്‍വതി മാഡത്തിന്റെയും സാന്നിധ്യത്തിനും പ്രോത്സാഹനത്തിനും ഞാന്‍ നന്ദിയുള്ളവളാണ്. വയലിനിലെ യഥാര്‍ത്ഥ മാന്ത്രികനായ ശിഖാമണി സാറിന് എന്റെ പ്രണാമങ്ങള്‍.
ഭരതനാട്യ നര്‍ത്തകിയായ പവിത്ര ഭട്ട്, തന്റെ സാന്നിധ്യം കൊണ്ട് സദസ്സിനെ ആകര്‍ഷിച്ചത് ഈ അവസരത്തെ ശരിക്കും സവിശേഷമാക്കി. കുട്ടിക്കാലം മുതല്‍ ഞാന്‍ അവരെ ആരാധിക്കുന്നു (പ്രത്യേകിച്ച് അവരുടെ എഫ്ടിക്യുയുടെ കാര്യത്തില്‍) രേഖാ മേനോന്‍ വന്നതും എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്.
മേതില്‍ ദേവിക ചേച്ചിയും ഗോപിക വര്‍മ്മയും മാഡം, നല്ലി കുപ്പു സ്വാമി സാര്‍, ബിവിബി രാമസ്വാമി സാര്‍, ശേഖര്‍ സാര്‍ ഇവരൊന്നും ചിത്രങ്ങളില്‍ പതിഞ്ഞിട്ടില്ലെങ്കിലും, അവരുടെ അനുഗ്രഹം എന്റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടാകും. എന്റെ ബന്ധുക്കളും മാതാപിതാക്കളും, എപ്പോഴും എന്റെ ലക്ഷ്മിയും എന്റെ സായിക്കുട്ടനും- എന്നാണ് നവ്യ നായരുടെ പോസ്റ്റ്