അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് നടി മാളവിക നായര്‍. ഡിസംബര്‍ 26ന് ഹൃദയാഘാതം മൂലമായിരുന്നു മാളവികയുടെ അമ്മ സുചിത്രയുടെ അപ്രതീക്ഷിത മരണം. മാളവികയുടെ കൂടെ മുംബൈയിലായിരുന്നു സുചിത്ര താമസിച്ചിരുന്നത്. അവിടെവച്ചായിരുന്നു മരണം.
അമ്മയുടെ ഓര്‍മകള്‍ പങ്കിട്ട് ഒരു വൈകാരിക കുറിപ്പാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയെ കൊണ്ടുപോയതിനാല്‍ താന്‍ വെറുക്കുന്ന വര്‍ഷമാണ് 2025 എന്നും എന്റെ വെളിച്ചം നഷ്ടമായെന്നും മാളവിക പറയുന്നു.
ഇതൊരു ദുഃസ്വപ്നം മാത്രമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു. ഉണരുമ്പോള്‍, എപ്പോഴത്തെയും പോലെ പുഞ്ചിരിച്ചു കൊണ്ട് അമ്മ എന്റെയരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്. അമ്മയായിരുന്നു എന്റെയെല്ലാം. എന്റെ ഓരോ തീരുമാനങ്ങളിലെയും വഴികാട്ടി, ഞാന്‍ തളര്‍ന്നപ്പോള്‍ എന്റെ ശക്തി, ഞാന്‍ എവിടെയായിരുന്നാലും എന്റെ വീട്. എന്നെ നയിച്ചിരുന്ന വെളിച്ചം അണഞ്ഞതു പോലെയാണ് എനിക്ക് തോന്നുന്നത്.
പക്ഷേ അമ്മേ, ഞാന്‍ വാക്ക് നല്‍കുന്നു. അമ്മയുടെ സ്വപ്നങ്ങള്‍ ഞാന്‍ യാഥാര്‍ത്ഥ്യമാക്കും, അമ്മ ആഗ്രഹിച്ചതുപോലെ ഞാന്‍ ജീവിക്കും. എന്റെ ഓരോ ശ്വാസത്തിലും, ഞാന്‍ ചെയ്യുന്ന ഓരോ കാര്യത്തിലും അമ്മയുടെ സ്‌നേഹം എന്റെ കൂടെയുണ്ടാകും.അമ്മ ഇപ്പോള്‍ അമ്മയുടെ അച്ഛനും അമ്മയ്ക്കും ഒപ്പം സമാധാനമായിരിക്കുന്നുവെന്നും അവിടെയിരുന്ന് എന്നെ നോക്കുന്നുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. അമ്മയെ വീണ്ടും കാണുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കും.2025 എന്നെ അത്രമേല്‍ തകര്‍ത്തു കളഞ്ഞു. അമ്മയെ എന്നില്‍ നിന്ന് തട്ടിയെടുത്ത ഈ വര്‍ഷത്തെ ഞാന്‍ അത്രമാത്രം വെറുക്കുന്നു,' മാളവിക കുറിച്ചു.
റിട്ടയേര്‍ഡ് ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണറായിരുന്ന പരേതനായ പി. ഹരിദാസന്റെയും ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളജിലെ അധ്യാപികയായ പരേതനായ പ്രഫ. ബേബി ജി നായരുടെയും മകളാണ് സുചിത്ര. ചൊവ്വന്നൂര്‍ പറപ്പൂര്‍ വീട്ടില്‍ സേതുമാധവന്‍ നായരാണ് ഭര്‍ത്താവ്. മാളവികയ്ക്ക് സുജിത്ത് ഹരിദാസ് എന്നൊരു സഹോദരന്‍ കൂടിയുണ്ട്.
'കറുത്തപക്ഷികള്‍' എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായാണ് മാളവിക എത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും മാളവിക സ്വന്തമാക്കി. ഓര്‍ക്കുക വല്ലപ്പോഴും, ശിക്കാര്‍, മായ ബസാര്‍, അക്കല്‍ധാമയിലെ പെണ്ണ്, ഭ്രമം, സിബിഐ 5, ഡഫേദാര്‍ എന്നിവയാണ് മാളവികയുടെ മറ്റു ചിത്രങ്ങള്‍.