നര്‍ത്തകിയും അഭിനേത്രിയുമായ ഉത്തര ഉണ്ണി വിവാഹിതയായത് അടുത്തിടെയായിരുന്നു. മാട്രിമോണിയലിലൂടെയായിരുന്നു ഊര്‍മ്മിള ഉണ്ണി മകള്‍ക്കായി വരനെ കണ്ടെത്തിയത്. ബിസിനസുകാരനായ നിതേഷായിരുന്നു ഉത്തരയെ ജീവിതസഖിയാക്കിയത്. വിവാഹ ശേഷവും തന്റെ പാഷനായ നൃത്തം കൂടെക്കൂട്ടിയിട്ടുണ്ട് ഉത്തര. കൊവിഡ് കാലമായതിനാല്‍ നേരത്തെ നിശ്ചയിച്ച വിവാഹം ഒരു വര്‍ഷം കഴിഞ്ഞായിരുന്നു നടത്തിയത്.
ഇപ്പോഴിതാ, വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. 3 ദിവസങ്ങളിലായി 7 ചടങ്ങുകളായാണ് വിവാഹം നടത്തിയത്. മകളുടെ വിവാഹം ഊര്‍മ്മിള ഉണ്ണി വലിയ സ്വപ്നമായി കൊണ്ടുനടന്നതായിരുന്നു. അമ്മയുടെ ആഗ്രഹങ്ങളുടെ പൂര്‍ണ്ണത കൂടിയായിരുന്നു അത്. ചടങ്ങുകള്‍ക്കായി കുടുംബാംഗങ്ങളെല്ലാം ഒത്തുചേര്‍ന്നിരുന്നു. വ്യ്ത്യസ്തമായ പരിപാടികളാക്കി മാറ്റി ആളുകളെ ക്ഷണിച്ചതിനാല്‍ എല്ലാവരേയും കാണാനും സംസാരിക്കാനും കഴിഞ്ഞിരുന്നുവെന്നും ഉത്തര പറയുന്നു.
വിവാഹനിശ്ചയത്തില്‍ വളരെ കുറച്ച് പേരാണ് പങ്കെടുത്തത്. എല്ലാവരുടേയും മുന്നില്‍ വെച്ച് പ്രൊപ്പോസ് ചെയ്യുമെന്ന് നിതേഷ് പറഞ്ഞിരുന്നു. കാലില്‍ ചിലങ്ക കെട്ടിയായിരുന്നു നിതേഷ് പ്രൊപ്പോസ് ചെയ്തത്. അത് പ്രതീക്ഷിച്ചിരുന്നില്ല. ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ചിലങ്കമണി കൊണ്ട് ഗുരുവായൂരില്‍ തുലാഭാരം നടത്തുമെന്ന് നേര്‍ന്നിരുന്നു അമ്മ. ഈ കഥയൊന്നും നിതേഷിന് അറിയില്ലായിരുന്നു.