മലയാള സിനിമയുടെ എക്കാലത്തെയും ഹാസ്യ ചക്രവര്‍ത്തിയായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അപ്രതീക്ഷിതമായി തേഞ്ഞിപ്പലത്ത് വെച്ച് നടന്ന അപകടത്തെത്തുടര്‍ന്നാണ് അദ്ദേഹം വീല്‍ ചെയറിലായത്. ആരോഗ്യനിലയില്‍ വലിയ മാറ്റം വന്ന അദ്ദേഹം ജീവിതത്തിലേക്കുളള മടങ്ങി വരവിലാണ്. ഇനിയും അദ്ദേഹത്തെ സ്‌ക്രീനില്‍ കാണാനുളള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും. ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നിലയെക്കുറിച്ചുളള വാര്‍ത്തകളും ചിത്രങ്ങളും അദ്ദേഹത്തിന്റെ മകള്‍ പാര്‍വ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പാര്‍വ്വതിയും സുഹൃത്ത് ദീപ്തി വിധുപ്രതാപും ഒരുമിച്ചുളള ഒരു ടിക്ടോക് വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നതാണ് വൈറലാകുന്നത്. ജഗതി അഭിനയിച്ച ഒരു സീനാണ് പാര്‍വ്വതി ടിക്ടോക് ചെയ്തിരിക്കുന്നത്.
ജഗതി ശ്രീകുമാര്‍ അവിസ്മരണീയമാക്കിയ രംഗങ്ങളാണ് പാര്‍വതിയും തിരഞ്ഞെടുത്തത്. അടുത്ത സുഹൃത്തായ ദീപ്തി വിധുപ്രതാപും വീഡിയോയിലുണ്ട്. സില്‍വര്‍ സ്‌ക്രീനില്‍ പപ്പയെ മിസ്സ് ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത. അച്ഛന്റെ ഭാവങ്ങളെ അതോ പോലെ പകര്‍ത്താന്‍ മകള്‍ക്കും കഴിഞ്ഞുവെന്നും അച്ഛന്റെ കഴിവ് മകള്‍ക്ക് കിട്ടിയിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകര്‍ വിഡിയോയെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.
സഹപ്രവര്‍ത്തകര്‍ ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. അദ്ദേഹത്തിനൊപ്പം പാട്ട് പാടുന്നതിന്റെ വീഡിയോ അടുത്തിടെ നവ്യ നായര്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സിന്റെ ഭാഗമായി ഇന്നസെന്റ്, ജഗദീഷ്, റിമി ടോമി തുടങ്ങിയവര്‍ ജഗതി ശ്രീകുമാറിനെ കാണാനെത്തിയ വീഡിയോയും വൈറലായിരുന്നു. ടിക് ടോക് വീഡിയോ എത്തിയതോടെ ജഗതിയുടെ അഭിനയ മികവോടെ മകള്‍ സ്‌ക്രീനിലെത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.