Latest News

സൂപ്പര്‍ ഡിലക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയെ മോശമായി ചിത്രീകരിക്കുന്നു; സംവിധായകനും നടനുമെതിരെ കേസ് കൊടുക്കുമെന്നും ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍

Malayalilife
 സൂപ്പര്‍ ഡിലക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയെ മോശമായി ചിത്രീകരിക്കുന്നു; സംവിധായകനും നടനുമെതിരെ കേസ് കൊടുക്കുമെന്നും ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ ത്യാഗരാജൻ കുമാരരാജ ഒരുക്കിയ ചിത്രമാണ് സൂപ്പർ ഡിലക്‌സ്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിനെതിരെ ഇപ്പോൾ ട്രാൻസ്‌ജെന്റേഴ്‌സ് കമ്യൂണിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൽ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ട്രാൻസ്‌ജെൻഡർ സാമൂഹ്യ പ്രവർത്തക രേവതി പറയുന്നു. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് രേവതിയും വേറെ ചില ട്രാൻസ്ജൻഡേഴ്‌സും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ശിൽപ്പ എന്ന ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.മുംബൈയിൽ ജീവിക്കുന്ന കാലത്ത് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി പിച്ചക്കിരുത്തുന്നതിൽ താനും അറിയാതെ ഭാഗമായിപ്പോയെന്ന് ശിൽപ്പ എന്ന കഥാപാത്രം കുറ്റസമ്മതം നടത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിനെതിരേയാണ് രേവതിയുടെ പ്രധാന വിമർശനം. ഈ രംഗം ട്രാൻസ്‌ജെൻഡർ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് രേവതി പറയുന്നു.

വിജയ് സേതുപതി സാറിനോട് മാത്രമാണ് എനിക്ക് പറയാനുള്ളത്. താങ്കളോട് ജനങ്ങൾ അളവിലധികം മര്യാദയയും സ്‌നേഹവും കാണിച്ചിരുന്നു. താങ്കൾക്കും ഞങ്ങളോട് അങ്ങനെ തന്നെയാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത്. സിനിമ എടുക്കുന്നത് പണത്തിനാണ്. എന്നിരുന്നാൽ പോലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ വികാരത്തെ മാനിക്കണം.

മുംബൈയിൽ ഏത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. ഞങ്ങൾ ആ തൊഴിലാണ് അവിടെ ചെയ്യുന്നതെന്ന് ആര് താങ്കൾക്ക് പറഞ്ഞു തന്നു. രണ്ടാമതൊരു കാര്യം ട്രാൻസ്‌ജെൻഡറായതിന് ശേഷം സാരി ധരിച്ച് ആദ്യമായി താങ്കൾ വീട്ടിലേക്ക് ചെല്ലുന്ന രംഗമുണ്ട്. ഒരു ട്രാൻസ്‌ജെൻഡറിന് അത്ര പെട്ടെന്ന് സാരി ധരിച്ചു വീട്ടിലേയ്ക്ക് കയറിച്ചെല്ലാൻ കഴിയില്ല. അതത്ര എളുപ്പമുള്ള കാര്യമല്ല.

എന്റെ ആത്മകഥ വായിച്ചു നോക്കൂ. അത് ഒരു രേവതിയുടെ കഥയല്ല. ആയിരക്കണക്കിന് രേവതിമാരുടെ കഥയാണ്. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ അച്ഛനായി പിന്നീട് ട്രാൻസ്‌ജെൻഡറായി മാറുന്ന കഥാപാത്രമാണ് താങ്കളുടേത്. അതെങ്ങനെ സാധിക്കും.

പതിമൂന്നാമത്തെ വയസ്സിൽ എന്നിലുള്ള സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. ഞാൻ സ്ത്രീയായി മാറാൻ ഒരുപാട് യാതനകൾ സഹിച്ചു. വീട്ടുകാരുടെ അടിവാങ്ങി, പ്ലാറ്റ്ഫോമിൽ ഉറങ്ങി. ഇങ്ങനെ ഒരു സിനിമയിൽ താങ്കൾ അഭിനയിച്ചത് എന്നെ വേദനിപ്പിക്കുന്നു'- രേവതി പറയുന്നു.

ബോംബെയിൽ ജീവിക്കാൻ പിച്ചയെടുത്തിട്ടുണ്ടെന്ന് മറ്റൊരു ട്രാൻസ്‌ജെൻഡറായ പ്രേമ പറയുന്നു. അത്ര കഷ്ടപ്പെട്ടാണ് ജീവിച്ചതെന്നും ആരെയും പിച്ചയെടുപ്പിച്ചിട്ടില്ലെന്നും പ്രേമ പറയുന്നു.

ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ കഷ്ടപ്പാടുകളെ നിസാരവൽക്കരിച്ച സിനിമാ സംവിധായകനെതിരേയും അഭിനയിച്ച വിജയ് സേതുപതിക്കെതിരേയും കേസെടുക്കണമെന്നും പ്രേമ ആവശ്യപ്പെട്ടു. അതിനു വേണ്ടി സുപ്രീംകോടതി വരെ പോകുമെന്നും പ്രേമ പറഞ്ഞു.

Super Deluxe movie transgenders against Vijay Sethupathi and Director

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES