ചാക്കോ മാഷിന് മകൻ ആടുതോമായോട് വാത്സല്യമുണ്ടായിരുന്നോ എന്ന് ഇന്നും പ്രേക്ഷകർക്ക് സംശയമുണ്ടാകാം. എന്നാൽ ആടുതോമായുടെ ഫാൻസിന് ആടുതോമായുടെ മകനോട് സ്‌നേഹം അശേഷമില്ലെന്ന പ്രഖ്യാപനമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. സ്ഫടികം 2 ഇറങ്ങുമോ ഇല്ലയോ എന്ന സംശയങ്ങൾക്ക് വിരാമമിട്ട് ചിത്രത്തിന്റെ ടീസർ പുറത്തു വന്നതിന്റെ പിന്നാലെയാണ് മോഹൻലാൽ ആരാധകർ ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതാണോ ആടുതോമയുടെ മകൻ എന്ന് ആരാധകർ രോഷത്തോടെ ചോദിക്കുന്നു. 'യുവേഴ്സ് ലവിങ്‌ലി' എന്ന ചിത്രം ഒരുക്കിയ ബിജു ജെ കാട്ടാക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സ്ഫടികം 2 പ്രഖ്യാപിച്ചപ്പോൾ തന്നെ മോഹൻലാൽ ആരാധകർ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. സ്ഥടികത്തിന്റെ സംവിധായകൻ ഭദ്രനും സിനിമക്കെതിരേ രംഗത്ത് വന്നിരുന്നു. സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ...ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ'- എന്നാണ് ഭദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്.
സ്ഫടികത്തിലൂടെ എക്കാലത്തേയും വലിയ ഹിറ്റ് കഥാപാത്രമായി മാറിയ മോഹൻലാലിന്റെ ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണിയെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് പുതിയ ചിത്രമെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ആടുതോമയെ മലയാളികൾ മനസിൽ കൊത്തിവച്ചുവെങ്കിൽ ഇരുമ്പൻ സണ്ണിയുടെ പേരും അതേ പോലെ മനസിൽ പതിപ്പിക്കുമെന്നും സംവിധായകൻ അവകാശപ്പെടുന്നു. എന്നാൽ ചിത്രത്തിന്റെ ടീസറിന് നേരേ കടുത്ത വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
രണ്ടാം ഭാഗത്തിനെതിരേ മോഹൻലാലിന്റെ ഫാൻസ് അസോസിയേഷനുകൾ അടക്കമുള്ളവരുടെ ഭാഗത്തു നിന്നുമുള്ള പ്രതിഷേധങ്ങൾ തുടരുമ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതിൽ നിന്ന് പിന്മാറില്ല നിലപാടിൽ തന്നെയാണ് സംവിധായകൻ. അതിന്റെ ഭാഗമായാണ് ടീസർ പുറത്ത് വിട്ടത്. ചിത്രത്തിൽ സിൽക്ക് സ്മിതയുടെ മകളായി സണ്ണി ലിയോൺ എത്തുമെന്നും ബിജു പറയുന്നു.