സംശയങ്ങൾക്ക് വിരാമമിട്ട് സ്ഫടികം 2 ന്റെ ഓൺലൈൻ ടീസർ ഇന്ന് പുറത്തിറങ്ങും. ചിത്രം ഇറങ്ങുമോ ഇല്ലയോ എന്ന സംശയങ്ങൾക്ക് വിരാമമിട്ട് ചിത്രത്തിന്റെ ബിജു ജെ കാട്ടാക്കൽ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സ്ഫടികത്തിന്റെ ഇരുപത്തിനാലാം വർഷമാഘോഷിക്കുന്ന അതേ ദിനത്തിൽ തന്നെയാണ് ടീസർ പുറത്തിറക്കുന്നതെന്നും ബിജു പോസ്റ്റിൽ പറയുന്നു.
സ്ഫടികത്തിലൂടെ എക്കാലത്തേയും വലിയ ഹിറ്റ് കഥാപാത്രമായി മാറിയ മോഹൻലാലിന്റെ ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണിയെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും സ്ഫടികം 2. ആടുതോമയെ മലയാളികൾ മനസിൽ കൊത്തിവച്ചുവെങ്കിൽ ഇരുമ്പൻ സണ്ണിയുടെ പേരും അതേ പോലെ മനസിൽ പതിപ്പിക്കുമെന്നും സംവിധായകൻ പറയുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ പുറത്തു വിട്ടിരുന്നു.
രണ്ടാം ഭാഗത്തിനെതിരേ മോഹൻലാലിന്റെ ഫാൻസ് അസോസിയേഷനുകൾ അടക്കമുള്ളവരുടെ ഭാഗത്തു നിന്നുമുള്ള പ്രതിഷേധങ്ങൾ തുടരുമ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതിൽ നിന്ന് പിന്മാറില്ല എന്ന് തന്നെയായിരുന്നു സംവിധായകന്റെ നിലപാട്. സൂപ്പർതാരമായ ഒരു യുവ നടനാണ് ഇരുമ്പൻ സണ്ണിയാകുകയെന്നും സിൽക്ക് സ്മിതയുടെ മകളായി സണ്ണി ലിയോൺ എത്തുമെന്നും ബിജു അറിയിച്ചിരുന്നു.'യുവേഴ്‌സ് ലവിങ്ലി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു.