കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രഗത്ഭ നേതാവും കെ. കരുണാകരന്റെ അതീവ വിശ്വസ്തയുമായിരുന്ന കല്ലറ സരസമ്മയുടെ മരണത്തോടെ, തെന്നിന്ത്യയിലെ പ്രശസ്ത സിനിമാ താര കുടുംബത്തില്‍ ആഭ്യന്തര തര്‍ക്കങ്ങളും നിയമപോരാട്ടങ്ങളും രൂക്ഷമാകുന്നു. പ്രശസ്ത നടിമാരായ അംബികയ്ക്കും രാധയ്ക്കുമിടയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പും വസ്തു തര്‍ക്കങ്ങളും പരസ്യമായതോടെയാണ് കുടുംബത്തിലെ വിള്ളല്‍ പൊതുസമൂഹത്തിന് മുന്നിലെത്തിയത്. ചെന്നൈയിലും തിരുവനന്തപുരത്തുമുള്ള കോടികളുടെ ആസ്തികളെ ചൊല്ലിയാണ് സഹോദരിമാര്‍ തമ്മില്‍ നിയമപരമായ യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
സിനിമാ രംഗത്തും രാഷ്ട്രീയ വൃത്തങ്ങളിലും ഒരുപോലെ സജീവമായിരുന്ന കല്ലറ സരസമ്മ ജീവിച്ചിരുന്ന കാലമത്രയും മക്കളെയും കുടുംബത്തിലെ ബിസിനസ്സ് സാമ്രാജ്യത്തെയും ഒന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. എ.ഐ.സി.സി. ജോയിന്റ് സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് ഭാരവാഹിയുമായിരുന്ന സരസമ്മ, ചെന്നൈയിലെ എ.ആര്‍.എസ്. സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയതും മക്കളുടെ സിനിമാ ജീവിതം കെട്ടിപ്പടുത്തതും സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ടായിരുന്നു. എന്നാല്‍ അവരുടെ അന്ത്യത്തോടെ കുടുംബത്തെ ഏകോപിപ്പിച്ചു നിര്‍ത്തിയിരുന്ന ആ കരുത്തുറ്റ അടിത്തറ തകരുകയായിരുന്നു.
കല്ലറ സരസമ്മയ്ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്; തെന്നിന്ത്യന്‍ സിനിമ ഭരിച്ച അംബിക, രാധ എന്നിവര്‍ക്ക് പുറമേ മല്ലിക എന്ന മകള്‍ കൂടിയുണ്ട്. അംബികയും രാധയും തമ്മിലുള്ള തര്‍ക്കം കോടതികളിലേക്കും പോലീസ് സ്റ്റേഷനുകളിലേക്കും നീളുമ്പോള്‍, കുടുംബത്തിലെ മൂന്നാമത്തെ മകളായ മല്ലികയുടെ നിലപാട് എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. സ്വത്ത് വീതവെപ്പിലും സാമ്പത്തിക ഇടപാടുകളിലും മല്ലിക സ്വീകരിക്കുന്ന നിലപാട് ഈ കേസിന്റെ തുടര്‍നടപടികളില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. സഹോദരിയും നടിയുമായ അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ അത്യന്തം ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുമായി രാധ ഗ്രേറ്റര്‍ ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയതോടെയാണ് വിഷയം പരസ്യമായത്. ഒന്നിച്ച് താമസിച്ചിരുന്ന സമയത്ത് ഒപ്പിട്ടു വെച്ചിരുന്ന കറന്റ് അക്കൗണ്ടിലെ ബ്ലാങ്ക് ചെക്കുകള്‍ ദുരുപയോഗം ചെയ്ത് അംബികയും സഹോദരനും ചേര്‍ന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധയുടെ പരാതിയില്‍ പറയുന്നത്.
ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്നും രാധ ആരോപിക്കുന്നു.
ചെന്നൈ എ.ആര്‍. സ്ട്രീറ്റിലെ വസതിയില്‍ രണ്ട് നിലകളിലായിട്ടാണ് സഹോദരങ്ങള്‍ താമസിച്ചിരുന്നത്. ബിസിനസ്സ്, വ്യക്തിപരമായ യാത്രകള്‍ക്കായി രാധ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലേക്കും പോയ അവസരത്തില്‍ അംബിക മുറിയില്‍ അതിക്രമിച്ചു കയറി ചെക്കുകള്‍ കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ചെന്നൈ പോലീസിന് നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. എ.ആര്‍.എസ്. ഗാര്‍ഡന്‍ സ്റ്റുഡിയോയുടെ ചെലവുകള്‍ക്കായി കരുതിയിരുന്ന പഴയ ചെക്ക് ബുക്കിലെ അഞ്ചു ചെക്കുകള്‍ അംബിക ബാങ്കില്‍ മാറാനായി നല്‍കിയതായും ഇ-മെയില്‍ വഴി വിവരം അറിഞ്ഞപ്പോള്‍ താന്‍ ബാങ്കിനെ സമീപിച്ച് ഇടപാട് തടയുകയായിരുന്നു എന്നും രാധ പറയുന്നു. എന്നാല്‍, രാധയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കൊണ്ട് അംബിക തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. രാധ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും, താന്‍ ചെക്ക് തട്ടിയെടുത്തതല്ലെന്നും രാധ തന്നെയാണ് അത് നല്‍കിയതെന്നും അംബിക വ്യക്തമാക്കി. മുന്‍പ് രാധ അനധികൃതമായി തട്ടിയെടുത്ത വസ്തുക്കളുടെയും സ്വര്‍ണ്ണത്തിന്റെയും കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് ചെക്കുകള്‍ തനിക്ക് കൈമാറിയതെന്നാണ് അംബികയുടെ വാദം.
മധുരവൊയലിലെ 50 സെന്റ് സ്ഥലം, എ.ആര്‍.എസ്. ഗാര്‍ഡന്‍സ് സ്റ്റുഡിയോയിലെ അര്‍ഹമായ വിഹിതം, ഇന്‍കം ടാക്സ് പരിശോധനയ്ക്കിടെ ലഭിച്ച 1299 ഗ്രാം സ്വര്‍ണ്ണം എന്നിവ രാധ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നിലവില്‍ നിയമപോരാട്ടം നടക്കുന്നുണ്ടെന്ന് അംബിക വെളിപ്പെടുത്തി. മദ്രാസ് ഹൈക്കോടതിയിലും തിരുവള്ളൂര്‍ കോടതിയിലും തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലും ഇതിന്മേല്‍ കേസുകള്‍ നിലവിലുണ്ടെന്നും, വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കിയാണ് രാധ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ശ്രമിച്ചതെന്നും അംബിക കുറ്റപ്പെടുത്തി. ഈ തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കുന്നതിനായി രാധ സ്വയം ഒപ്പിട്ടു നല്‍കിയ ചെക്കാണിതെന്നും, ചെക്ക് മടങ്ങിയ സാഹചര്യത്തില്‍ രാധയ്ക്കെതിരെ നിയമനടപടിയും ക്രിമിനല്‍ പരാതിയും നല്‍കുമെന്നും അംബിക മുന്നറിയിപ്പ് നല്‍കി. തനിക്കെതിരെ വഞ്ചനാക്കുറ്റം ആരോപിക്കുന്നത് തന്റെ പൊതുപ്രതിച്ഛായ തകര്‍ക്കാനാണെന്നും അംബിക കൂട്ടിച്ചേര്‍ത്തു. ഇതോടെ രണ്ട് പ്രമുഖ നടിമാര്‍ തമ്മിലുള്ള പോര് തെരുവിലേക്ക് നീണ്ടിരിക്കുകയാണ്.
ആറ്റിങ്ങലിലെ സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച കല്ലറ സരസമ്മയ്ക്ക് കേരളത്തിലും തമിഴ്നാട്ടിലും ഡല്‍ഹി രാഷ്ട്രീയത്തിലും വലിയ സ്വാധീനമുണ്ടായിരുന്നു. കെ. കരുണാകരന്റെ വിശ്വസ്തയായി കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിറഞ്ഞുനിന്ന അവര്‍, രാജീവ് ഗാന്ധിയുമായും ഗാന്ധി കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കരുണാനിധി, എം.ജി.ആര്‍., എല്‍.കെ. അദ്വാനി, രജനീകാന്ത് തുടങ്ങിയ വന്‍നിരക്കാരുമായി അടുത്ത വ്യക്തിബന്ധം വെച്ചുപുലര്‍ത്തിയ സരസമ്മയാണ് മക്കളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ചെന്നൈയില്‍ തെന്നിന്ത്യയിലെ ആദ്യത്തെ സ്ഥിരം സിനിമാ സെറ്റായ എ.ആര്‍.എസ്. സ്റ്റുഡിയോ സ്ഥാപിച്ചതും നിര്‍മ്മാണ കമ്പനിയെ വളര്‍ത്തിയതും സരസമ്മയുടെ തന്ത്രപരമായ ഭരണമികവിലായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അംബികയെയും രാധയെയും സൂപ്പര്‍ നായികമാരായി വളര്‍ത്തുന്നതിലും ഈ അമ്മയുടെ ശ്രദ്ധയുണ്ടായിരുന്നു. എന്നാല്‍ സരസമ്മയുടെ വിയോഗത്തോടെ ആ സാമ്രാജ്യത്തിന്റെ നിയന്ത്രണം ആര്‍ക്കെന്ന ചോദ്യമാണ് സഹോദരിമാരെ ശത്രുക്കളാക്കി മാറ്റിയത്.
അംബികയും രാധയും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ബിജെപി നേതാവും വ്യവസായിയുമായ ചെങ്കല്‍ രാജശേഖരന്‍ നായര്‍ അടക്കമുള്ള മരുമക്കളുടെയും മറ്റ് സഹോദരങ്ങളുടെയും ഇടപെടലുകളും നിരീക്ഷണത്തിലാണ്. കുടുംബത്തിലെ ആണ്‍മക്കളായ മല്ലികാര്‍ജുനനും സുരേഷും വിവിധ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ അംബികയും രാധയുമായിരുന്നു സജീവമായിരുന്നത്. നിലവില്‍ ചെന്നൈ പോലീസ് അന്വേഷിക്കുന്ന 46 കോടിയുടെ ചെക്ക് തട്ടിപ്പ് കേസും തിരുവനന്തപുരത്തുള്ള സ്വത്ത് കേസുകളും കൂടുതല്‍ സങ്കീര്‍ണ്ണമായ തലത്തിലേക്ക് മാറുകയാണ്.
രണ്ട് ഭാഗത്തുനിന്നും പരസ്പരവിരുദ്ധമായ എഫ്.ഐ.ആറുകളും മൊഴികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പോലീസ് ബാങ്ക് രേഖകളും ഒപ്പുകളും പരിശോധിക്കാനൊരുങ്ങുകയാണ്. അമ്മ കല്ലറ സരസമ്മയുടെ മരണത്തോടെ ഉണ്ടായ കുടുംബ തര്‍ക്കത്തില്‍ മൂന്നാമത്തെ മകള്‍ മല്ലികയുടെ നിലപാടായിരിക്കും ഇനി നിര്‍ണ്ണായകം. മല്ലിക ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നത് കേസുകളുടെ ഗതി മാറ്റിയേക്കാം. തെളിവുകളുടെയും ആധാരങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് തുടരന്വേഷണം ശക്തമാക്കുമ്പോള്‍, തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അമ്പരപ്പിച്ച ഈ താരകുടുംബത്തിലെ കലഹം വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് വഴിവെക്കും.
കല്ലറയില്‍ നിന്ന് ഡല്‍ഹിവരെ; ഒരു അമ്മ പടുത്തുയര്‍ത്തിയ വിജയ സാമ്രാജ്യം
തിരുവനന്തപുരത്തെ കല്ലറ എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ചെന്നൈയിലെ വെള്ളിത്തിരയിലേക്കും ഡല്‍ഹിയിലെ കേന്ദ്ര രാഷ്ട്രീയ ഇടനാഴികളിലേക്കും സ്വന്തം മക്കളെ നയിച്ച് വിജയഗാഥ രചിച്ച അപൂര്‍വ്വ വ്യക്തിത്വമാണ് കല്ലറ സരസമ്മ. തെന്നിന്ത്യന്‍ സിനിമയെ ഒരു കാലത്ത് ഏകോപിപ്പിച്ച് ഭരിച്ച അംബിക, രാധ എന്നീ നടിമാരുടെ വളര്‍ച്ചയ്ക്കു പിന്നില്‍ ഈ അമ്മയുടെ നിതാന്ത ജാഗ്രതയും കഠിനാധ്വാനവുമുണ്ടായിരുന്നു. മക്കളുടെ സിനിമാ തീയതികള്‍ തേടിയെത്തുന്ന പ്രമുഖ നിര്‍മ്മാതാക്കളോടുപോലും 'സിനിമയിലെ വൃത്തികേടുകളൊന്നും എന്റെ അടുത്ത് കാണിക്കരുത്' എന്ന് മുഖത്തുനോക്കി പറയാനുള്ള തന്റേടം സരസമ്മ പ്രകടിപ്പിച്ചിരുന്നു.
സിനിമാ ലോകത്തേക്കുള്ള ചുവടുവെപ്പ്
മകള്‍ അംബികയുടെ നൃത്തത്തിലുള്ള കഴിവ് കണ്ടാണ് അവളെ ഒരു നടിയാക്കണമെന്ന ആഗ്രഹം സരസമ്മയില്‍ ഉദിക്കുന്നത്. ചലച്ചിത്ര നിര്‍മ്മാതാവ് മെരിലാന്‍ഡ് സുബ്രഹ്മണ്യത്തെ കണ്ടെങ്കിലും, അരോമ മണിയുടെ 'ചോറ്റാനിക്കര അമ്മ' എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു അംബികയുടെ തുടക്കം. പിന്നീട് സുകുമാരന്‍ നായകനായ 'അണിയാത്ത വളകള്‍' എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ തമിഴകത്തുനിന്നും ക്ഷണങ്ങളെത്തി.
തുടര്‍ന്ന് മകളുമായി ചെന്നൈയിലെത്തിയ സരസമ്മ, മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി അണ്ണാദുരെയുടെ വീടിന് സമീപം സ്ഥലം വാങ്ങി 'എ.ആര്‍.എസ് സ്റ്റുഡിയോ' ആരംഭിച്ചു. എം.ജി.ആറാണ് ഈ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. എം.ജി.ആറിന്റെ ഭാര്യ ജാനകിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സരസമ്മ, പിന്നീട് 'അംബിക-രാധ-സരസമ്മ' എന്ന പേരില്‍ എ.ആര്‍.എസ് സംരംഭത്തെ ഒരു വലിയ ബിസിനസ് സാമ്രാജ്യമായി വളര്‍ത്തിയെടുത്തു. മോഹന്‍ലാല്‍ നായകനായ 'അയിത്തം' എന്ന സിനിമ നിര്‍മ്മിച്ചതും എ.ആര്‍.എസ് പ്രൊഡക്ഷന്‍സ് ആയിരുന്നു.
രാഷ്ട്രീയവും സൗഹൃദങ്ങളും
സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള ആറ്റിങ്ങലിലെ കുടുംബത്തിലായിരുന്നു സരസമ്മയുടെ ജനനം. ആന്ധ്രാ സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് പരേതനായ കുഞ്ഞന്‍നായരുടെ സുഹൃത്തായിരുന്നു മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു. ഈ ബന്ധമാണ് സരസമ്മയെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. കേരളത്തില്‍ തിരിച്ചെത്തിയ ശേഷം കെ. കരുണാകരന്‍, ലീലാ ദാമോദരമേനോന്‍, ദേവകീകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ സജീവമായി.
ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അവര്‍ രാജീവ് ഗാന്ധിയുടെ തമിഴ്‌നാട് പര്യടനത്തില്‍ ഉടനീളം ഒപ്പമുണ്ടായിരുന്നു. ശ്രീപെരുംപുത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന്റെ തലേന്നുപോലും സരസമ്മ അദ്ദേഹത്തെ കണ്ടിരുന്നു. പിറ്റേന്ന് കേള്‍ക്കേണ്ടി വന്നത് ഐ.ജി വാള്‍ട്ടര്‍ ദേവാരത്തിന്റെ 'അമ്മാ, രാജീവ്ജി പോയി' എന്ന ഞെട്ടിക്കുന്ന ഫോണ്‍ സന്ദേശമായിരുന്നു.
എം.ജി.ആര്‍, കരുണാനിധി, മൂപ്പനാര്‍, എന്‍.ടി. രാമറാവു, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ പ്രമുഖരുമായി സരസമ്മയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഒരിക്കല്‍ കരുണാനിധിയെ കാണാന്‍ വീട്ടില്‍ ചെന്ന സരസമ്മയെ കാവല്‍ക്കാരന്‍ തടഞ്ഞു. പുറത്ത് വഴക്കിടുന്നത് കണ്ട കരുണാനിധി 'അന്ത വായാടിയെ അകത്തേക്ക് വിടൂ' എന്ന് പറഞ്ഞത് സരസമ്മ ഓര്‍ത്തെടുക്കാറുണ്ടായിരുന്നു. സൂപ്പര്‍ താരം രജനീകാന്തും ഭാര്യയും സരസമ്മയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു; സരസമ്മയുണ്ടാക്കുന്ന നാടന്‍ കേരള സ്റ്റൈല്‍ കോഴിക്കറി രജനീകാന്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു.
രാധയുടെ അരങ്ങേറ്റവും മക്കളുടെ അഭിനയവും
ഉദയചന്ദ്രിക എന്ന രണ്ടാമത്തെ മകളെ 'രാധ'യെന്ന പേരില്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തിയതും സരസമ്മയായിരുന്നു. ഭാരതിരാജയുടെ 'അലൈകള്‍ ഓയ്വതില്ലൈ' എന്ന ചിത്രത്തിലൂടെയായിരുന്നു രാധയുടെ അരങ്ങേറ്റം. നായികമാര്‍ക്ക് 'ര' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരിടുന്ന ശീലമുള്ള ഭാരതിരാജയാണ് ഉദയചന്ദ്രികയെ രാധയാക്കിയത്. ശിവാജി ഗണേശനോടൊപ്പം അഭിനയിച്ച 'മുതല്‍ മര്യാദ' എന്ന ചിത്രത്തിലെ രാധയുടെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നഷ്ടപ്പെട്ടതില്‍ ജൂറി അംഗമായിരുന്ന നടന്‍ പ്രേംനസീര്‍ പിന്നീട് സരസമ്മയോട് നേരിട്ട് ഖേദം പ്രകടിപ്പിച്ചിരുന്നു.
പെണ്‍മക്കള്‍ക്ക് പുറമേ ആണ്‍മക്കളായ മല്ലികാര്‍ജുന്‍ ഭാരതിരാജയുടെ തമിഴ് സിനിമയിലും, സുരേഷ് 'നിന്നിഷ്ടം എന്നിഷ്ടം 2', 'നീലത്താമര' എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മാതൃകാപരമായ നേതൃത്വം തെന്നിന്ത്യയിലെ ആദ്യത്തെ സ്ഥിരം സിനിമാ സെറ്റായിരുന്ന ചെന്നൈയിലെ എ.ആര്‍.എസ് സ്റ്റുഡിയോ, എ.ആര്‍.എസ് പ്രൊഡക്ഷന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി എന്നിവയുടെ അമരക്കാരിയായി തിളങ്ങിയ സരസമ്മ, സ്വന്തം നാടായ കല്ലറയോടും ആബന്ധം പുലര്‍ത്തിപ്പോന്നു. കല്ലറയില്‍ ഒരു സിനിമാ തിയേറ്ററും കല്യാണ മണ്ഡപവും സ്ഥാപിച്ചാണ് അവര്‍ ജന്മനാടിനോടുള്ള സ്നേഹം പ്രകടമാക്കിയത്