ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ മത്സരാര്‍ത്ഥിയായി എത്തി മലയാളികള്‍ക്ക് സുപരിചിതയായി മാറിയ മുഖമാണ് ജാസ്മിന്‍ ജാഫര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന രീതിയിലും ഏറെ സജീവമാണ് ജാസ്മിന്‍. ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറേ ദിവസങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ജാസ്മിന്‍ ജാഫര്‍. യൂറോപ്പ് യാത്രയിലാണ് ജാസ്മിന്‍. ജീവിതത്തിലെ ആദ്യത്തെ സോളോ ട്രിപ്പിന്റെ വിശേഷങ്ങള്‍ ജാസ്മിന്‍ സ്വന്തം യൂട്യൂബ് വ്‌ലോഗിലൂടെ നിരന്തരം പങ്കുവെക്കുന്നുണ്ട്.
ആഡംബരക്കാറുകള്‍ ഓടിച്ചും പാരീസിലൂടെ കറങ്ങിനടന്നും അവധിക്കാലം ആഘോഷിക്കുന്നതിനിടയില്‍ തന്റെ കഠിനമായ ഭൂതകാലത്തെക്കുറിച്ചും നേരിട്ട മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും ജാസ്മിന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വല്ലാതെ സങ്കടം വരുന്ന ചില ദിവസങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. രാവിലെ നല്ല മൂഡില്‍ എഴുന്നേറ്റാലും പെട്ടെന്ന് സങ്കടം വരും, മനസ്സ് കൈവിട്ടുപോകും. എല്ലാം ഭേദമായി എന്ന് കരുതിയാലും ചെറുപ്പകാലം മുതലുള്ള പല ട്രോമകളും ഇപ്പോഴും ഉള്ളില്‍ കിടക്കുന്നുണ്ട്. അങ്ങനെ വല്ലാതെ തകര്‍ന്നുപോയ ഒരു ദിവസമായിരുന്നു ഇത്. ബിഗ് ബോസ് കണ്ടവര്‍ക്ക് എന്റെ കരച്ചിലും സങ്കടവുമൊന്നും പുതിയ കാര്യമല്ലാത്തതിനാലും, എന്നെ ഒരു പ്രചോദനമായി കാണുന്ന ഒട്ടേറെ പെണ്‍കുട്ടികളുള്ളതിനാലും മാത്രമാണ് ഈ അവസ്ഥ നിങ്ങളോട് തുറന്നുപറയുന്നത്,' ജാസ്മിന്‍ പറഞ്ഞു.
തനിക്ക് എവിടെ നിന്നാണ് ഇത്രയും പണം എന്ന് നിരന്തരം സംശയം ചോദിക്കുന്നവര്‍ക്കും ജാസ്മിന്‍ ശക്തമായ മറുപടി നല്‍കി. 'പണമില്ലാത്തത് ഒരൊറ്റ കാരണം കൊണ്ടാണ് എനിക്ക് ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്. പത്തൊന്‍പതാം വയസ്സുമുതല്‍ അധ്വാനിച്ചുണ്ടാക്കിയതാണ് എന്റെ ഓരോ രൂപയും. ഞാന്‍ ഒരു കണ്ടെന്റ് ക്രിയേറ്ററാണ്, നിരവധി ബ്രാന്‍ഡ് പ്രൊമോഷനുകള്‍ ചെയ്യുന്നുണ്ട്, അതില്‍നിന്ന് മാന്യമായ പ്രതിഫലവും വാങ്ങുന്നുണ്ട്. ആ വരുമാനം കൊണ്ടാണ് ഞാന്‍ എന്റെ ജീവിതവും ആഗ്രഹങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്.'
'ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയുന്ന ഞാന്‍ പലരുടെയും അഭിപ്രായം കേട്ട് എന്റെ പല തീരുമാനങ്ങളും ഇഷ്ടങ്ങളും മാറ്റി നിര്‍ത്തിയ ആളാണ്. പലതിന്റെ പേരിലും മാനസികമായി വേദനിച്ചു, ഡിപ്രഷനടിച്ചു പണ്ടാരമടങ്ങി, കരഞ്ഞ് മെഴുകി, ഡിപ്രഷന്റെ മരുന്ന് കുടിച്ചു, തകര്‍ന്ന് പോയിരുന്നു. അവിടെ നിന്നെല്ലാം എഴുന്നേറ്റ് ഓടാന്‍ എന്നെ സഹായിച്ചത് എന്റെ വാശിയാണ്. പുനലൂരിലെ ഒരു ഗ്രാമത്തിലെ ഒരു സാധാരണ മീന്‍ കച്ചവടക്കാരന്റെ മകളായ ഞാന്‍ ഇന്ന് ഇവിടെ വരെ വന്നു നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം, ഒരാള്‍ക്ക് മുന്നിലും തോറ്റു കൊടുക്കില്ല എന്ന വാശിയും, നന്നായി ജീവിക്കാനുള്ള എന്റെ ആഗ്രഹവുമാണ്,' ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന്റെ എതിര്‍പ്പുകളെ മറികടന്നാണ് താന്‍ ഈ മേഖലയിലേക്ക് വന്നതെന്നും ജാസ്മിന്‍ ഓര്‍ത്തെടുത്തു. ലിപ്സ്റ്റിക് ഇടുന്നതില്‍ പോലും നിയന്ത്രണങ്ങള്‍ വച്ചിരുന്ന കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മാറ്റിയെടുക്കുകയായിരുന്നു. സ്വന്തമായി സമ്പാദിച്ചു തുടങ്ങിയാല്‍ മാത്രമേ ലോകവും വീട്ടുകാരും പെണ്‍കുട്ടികളുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കൂ എന്ന് ജാസ്മിന്‍ ചൂണ്ടിക്കാട്ടി.
ആംസ്റ്റര്‍ഡാമിലെ വിശേഷങ്ങളടങ്ങിയ വീഡിയോ പങ്ക് വച്ച് ജാസ്മിന്‍ കുറിച്ചത് ഇങ്ങനെയാണ്. മരിക്കുന്നതിന് മുന്‍പുള്ള എന്റെ ഏഴ് മിനിറ്റില്‍ ഈ ഇടം ഉള്ളില്‍ ഉണ്ടാവും'', എന്ന തലക്കെട്ടോടെയാണ് ജാസ്മിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്ന്. താന്‍ ഏറെ ആഗ്രഹിക്കുന്ന ഒരു കാര്യവും ജാസ്മിന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
''ഞാനൊരു പുരുഷ വിരോധിയൊന്നുമല്ല. എന്നെങ്കിലുമൊരുക്കല്‍, എനിക്ക് ചേരുന്ന ഒരു പങ്കാളി വന്നാല്‍, വന്നാല്‍ മാത്രം അയാള്‍ക്കൊപ്പം എനിക്കിവിടെ വരണം, എന്നിട്ട് ഈ ബെഞ്ചില്‍ ഇരിക്കണം. എന്നെ ചേര്‍ത്തു കെട്ടാന്‍ പറ്റുന്ന ഒരു കയര്‍ പടച്ചവന്‍ എവിടെയെങ്കിലും കണ്ടുവച്ചിട്ടുണ്ടാവും. ഇനി അങ്ങനെ ഒരാളില്ല എങ്കിലും ഞാന്‍ ഈ ജീവിതത്തില്‍ ഹാപ്പിയാണ്. ചിലപ്പോഴൊക്കെ വിഷമം തോന്നുമെങ്കിലും, ഒറ്റയ്ക്കും ഞാന്‍ ജീവിക്കും. അങ്ങനെയാണെങ്കിലും ഒരിക്കല്‍ കൂടെ ഞാന്‍ വരും. ഈ യാത്ര ഞാന്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ എനിക്കത് ഏറ്റവും വലിയ നഷ്ടമായിപ്പോയേനെ. ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് ഈ സോളോ ട്രിപ്. എനിക്ക് പലതും ഹീല്‍ ആവുന്നുണ്ട്, എനിക്കത് അനുഭവപ്പെടാന്‍ കഴിയുന്നുണ്ട്'', എന്നാണ് ജാസ്മിന്‍ വീഡിയോയില്‍ പറയുന്നത്.