നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍ വന്‍ വിജയം ആണ് നേടിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങിനെക്കുറിച്ച് സംവിധായകന്‍ പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.'ബെത്ലഹേം കുടുംബ യൂണിറ്റി'ന്റെ സെറ്റില്‍ വെച്ച് തനിക്ക് പാനിക് അറ്റാക്ക് പോലെയുണ്ടായെന്നും, കാര്യങ്ങളെ അമിതമായി ചിന്തിച്ച് വശളാക്കുന്ന സ്വഭാവമാണ് തന്റേതെന്നും ഗിരീഷ് എ ഡി പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഏതൊരു കാര്യത്തിന്റെയും നെഗറ്റീവ് വശങ്ങള്‍ ആദ്യം കാണുകയും അമിതമായി ചിന്തിച്ച് കാര്യങ്ങള്‍ വശളാക്കുകയും ചെയ്യുന്ന സ്വഭാവമാണ് എന്റേത്. ഷൂട്ടിംഗ് ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കാന്‍ പോലും തോന്നാറില്ല. പരീക്ഷയ്ക്ക് പോകുന്ന ഒരു കുട്ടിയുടെ ഭയത്തോടും മാനസിക സമ്മര്‍ദ്ദത്തോടും കൂടിയാണ് ഓരോ ദിവസവും സെറ്റിലേക്ക് പോകുന്നത് (ചിരി). എന്നാല്‍, സെറ്റിലെത്തി ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞാല്‍ പിന്നീട് പ്രശ്‌നങ്ങളൊന്നുമുണ്ടാകാറില്ല.
സെറ്റിലുണ്ടാകുന്ന തമാശകളില്‍ വെറുതെയൊന്ന് ചിരിക്കുമെങ്കിലും, അതിലേക്ക് മാനസികമായി ഇറങ്ങിച്ചെല്ലാനോ ആസ്വദിക്കാനോ സാധിക്കാറില്ല. 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ വലിയ തോതിലുള്ള മാനസിക സമ്മര്‍ദ്ദമാണ് അനുഭവപ്പെട്ടത്. ഒരു സീന്‍ എടുക്കുന്നതിനിടയില്‍ ഭയം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ വരെയുണ്ടായി.
വലിയ സീനൊന്നുമല്ലാതിരുന്നിട്ട് കൂടി പെട്ടെന്ന് പാനിക് അറ്റാക്ക് പോലെയൊരു അവസ്ഥയുണ്ടാവുകയായിരുന്നു, മറ്റാരും അറിയാതെ എങ്ങനെയൊക്കെയോ അത് നിയന്ത്രിക്കുകയായിരുന്നു. 'പ്രേമലു'വിന്റെ വന്‍ വിജയത്തിന് ശേഷം ചെയ്യുന്ന സിനിമയായതിനാലാകാം ഇത്രയും സമ്മര്‍ദ്ദം അനുഭവപ്പെട്ടത്, എന്നാല്‍ അത്തരം ഭാരങ്ങള്‍ തലയിലേറ്റേണ്ടതില്ലെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു'; ഗിരീഷ് എ ഡി പറഞ്ഞു.
മഹാ നടന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് ഗിരീഷ് എ ഡി. എന്നാല്‍ അത്തരമൊരു പ്രൊജക്റ്റിലേക്ക് കടക്കുമ്പോള്‍ വലിയ ഉത്തരവാദിത്തവും അതോടൊപ്പം ഭയവും ഉള്ളിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍താരങ്ങളെ മുന്‍നിര്‍ത്തി ഒരു സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകരുടെയും ഇന്‍ഡസ്ട്രിയുടെയും പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും.
കൈയില്‍ കൃത്യമായ കഥയും അതിനുപറ്റിയ ശക്തമായ തിരക്കഥയും ഉണ്ടെങ്കില്‍ മാത്രമേ അത്തരം ഒരു ചര്‍ച്ചയ്ക്ക് വഴിതുറക്കൂ. അങ്ങനെ ഒരു അവസരം ഉണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച ചെയ്യാമെന്ന സാഹചര്യം നിലവിലുണ്ടെങ്കിലും, അതിന് അനുയോജ്യമായ കഥകള്‍ ഇപ്പോള്‍ മനസ്സില്‍ വരുന്നില്ലെന്നാണ് ഗിരീഷ് എ.ഡി പറയുന്നത്.