നന്ദനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരമാണ് പൃഥ്വിരാജ്. എന്നു നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി,എസ്ര.ആദം ജോണ്‍ തുടങ്ങി വേറിട്ട കഥാപാത്രങ്ങളുളള നിരവധി ഹിറ്റ് ചിത്രങ്ങളില്‍ പൃഥ്വി നായകാനായി എത്തി. ഇപ്പോള്‍ ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ തന്റെ ഏറ്റവും വലിയ സ്വപ്നമായ സംവിധായകന്റെ കുപ്പായവും പൃഥ്വി അണിയുകയാണ്. എല്ലാ കാര്യത്തെക്കുറിച്ചും വ്യക്തമായി സംസാരിക്കാനും അനീതിയെന്നു തോന്നുന്നിടത്ത് ഉറച്ച നിലപാടെടുക്കുന്ന പൃഥ്വിയുടെ സ്വാഭവത്തിന് വലിയ കയ്യടി ലഭിക്കാറുണ്ട്. ജാടയുളള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതായിരുന്നു പൃഥി. എന്നാല്‍ പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെയും ആരാധകരുമായുളള സൗഹൃദപരമായ പെരുമാറ്റങ്ങളിലൂടെയും ജാടയെന്ന് പറഞ്ഞവരെ കൊണ്ടു തന്നെ അത് മാറ്റി പറയിക്കുകയായിരുന്നു ആ യുവതാരം. ലൂസിഫര്‍ തിയേറ്ററുകളില്‍ എത്താനുളള ആകാംഷയിലാണ് ആരാധകര്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക. പൃഥ്വിരാജിന്റെ സഹോദരന്‍ ഇന്ദ്രജിത്തും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി കഴിഞ്ഞു. സെന്‍സറിങിനു മുന്നോടിയായി അമ്മ മല്ലിക സുകുമാരന്റെ അനുഗ്രഹം തേടി പൃഥ്വി എത്തിയിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ സിദ്ധു പനക്കല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.സെന്‍സറങ് സമയത്ത് പൃഥ്വിക്കൊപ്പം മല്ലിക സുകുമാരനും ഉണ്ടായിരുന്നു.
സിദ്ധു പനക്കലിന്റെ കുറിപ്പ് വായിക്കാം
'ലൂസിഫര്‍ സിനിമയുടെ സെന്‍സറിനു തലേന്ന് രാത്രി, പൃഥ്വിരാജ് അമ്മയെ കാണാനെത്തി. അച്ഛന്റെ സാന്നിധ്യത്തില്‍ അമ്മയുടെ അനുഗ്രഹം വാങ്ങാന്‍. അച്ഛന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു രാജുവിന് 'ലൂസിഫര്‍'.
'സുകുമാരന്‍സാറിന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. പ്രാരംഭ നടപടികള്‍ തുടങ്ങിയതുമാണ്. പക്ഷെ വിധി അതിനനുവദിച്ചില്ല. ആഗ്രഹം പൂര്‍ത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. . തന്റെ ആഗ്രഹം സഫലീകരിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ തിരക്കിനിടയില്‍ ഓടിയെത്തിയ മകനെ നിറഞ്ഞ സ്നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ. മകനെ അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയായി ഞാനും. അച്ഛന്റെ ആഗ്രഹത്തിനും സാക്ഷി.. മകന്റെ പൂര്‍ത്തീകരണത്തിനും സാക്ഷി.. അമ്മയുടെ അനുഗ്രഹത്തിനും സാക്ഷി. ദൃക്‌സാക്ഷി.' സിദ്ധു ഫെയ്സ്ബുക്കില്‍ കുറിച്ചു.
.സുകുമാരന്റെ കുടുംബസുഹൃത്താണ് സിദ്ധു പനക്കല്‍. ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടിയാണ് സിദ്ധു.പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ലൂസിഫര്‍ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യരാണ് ലൂസിഫറിലെ നായിക. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ബാല, തുടങ്ങി വമ്പന്‍ താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. മുരളി ഗോപി തിരക്കഥ ഒരുക്കുന്നു ബിഗ് ബജറ്റ് മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ലൂസിഫര്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.