മാതൃദിനത്തില്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കായി ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി ഷംന കാസിമിന്റെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ ഷാനിദ് ആസിഫ് അലി. ഷംനയുടെയും കുഞ്ഞിന്റെയും, ഒപ്പം തന്റെ ഉമ്മയുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിച്ചത്. ഓരോ അമ്മയും ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് വെറും ഒന്‍പത് മാസത്തെ കാത്തിരിപ്പ് കൊണ്ട് മാത്രമല്ലെന്നും, അതിന് പിന്നില്‍ അവര്‍ സഹിക്കുന്ന അതികഠിനമായ വേദനയും ത്യാഗവുമുണ്ടെന്നും ഷാനിദ് കുറിച്ചു.
ഗര്‍ഭകാലത്തെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ സഹിച്ച്, പ്രസവസമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദന മരണസമയത്തെ വേദനയോട് പോലും ഉപമിക്കാവുന്നതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'പ്രസവസമയത്ത് മരിക്കുന്ന സ്ത്രീക്ക് സ്വര്‍ഗം ഉറപ്പാണ്' എന്ന ഇസ്ലാമിക വചനം ഉദ്ധരിച്ചുകൊണ്ട്, അമ്മമാര്‍ അനുഭവിക്കുന്ന സഹനത്തിന്റെ ആഴം അദ്ദേഹം വിവരിച്ചു.
സ്വന്തം സന്തോഷങ്ങള്‍ മാറ്റിവെച്ച്, ഉറക്കമില്ലാത്ത രാത്രികള്‍ താണ്ടി മക്കളുടെ ജീവിതം മനോഹരമാക്കുന്ന അമ്മമാരെ വെറും ഒരു 'ഹാപ്പി മദേഴ്സ് ഡേ' ആശംസയില്‍ മാത്രം ഒതുക്കരുതെന്ന് ഷാനിദ് ഓര്‍മ്മിപ്പിച്ചു. തന്റെ ഉമ്മയെ ഒരിക്കലും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കില്ല എന്ന് ഓരോരുത്തരും പ്രതിജ്ഞ എടുക്കണമെന്നും, അമ്മയാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാനിദിന്റെ ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അമ്മമാരോടുള്ള സ്‌നേഹവും ബഹുമാനവും നിറഞ്ഞ ഈ വാക്കുകളെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഷംന കാസിമിനും ലോകമെമ്പാടുമുള്ള അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകര്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്. മാതൃത്വത്തിന്റെ പവിത്രതയും മക്കള്‍ അമ്മമാരോട് കാണിക്കേണ്ട കടപ്പാടും ഓര്‍മ്മിപ്പിക്കുന്നതാണ് ഷാനിദിന്റെ ഈ വാക്കുകള്‍.