Latest News

ദക്ഷിണേന്ത്യയെ 'പാട്ടിലാക്കിയ' ആ സ്വരമാധുര്യം ഇനിയില്ല; പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു; അന്ത്യം മൈസുരുവിലെ അപ്പോളോ ആശുപത്രിയില്‍; വിടപറഞ്ഞത് ദക്ഷിണേന്ത്യയുടെ വാനമ്പാടി; 17 ഭാഷകളില്‍ വിസ്മയം തീര്‍ത്ത ജാനകി അമ്മയ്ക്ക് ആദരാഞ്ജലികള്‍ 

Malayalilife
 ദക്ഷിണേന്ത്യയെ 'പാട്ടിലാക്കിയ' ആ സ്വരമാധുര്യം ഇനിയില്ല; പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു; അന്ത്യം മൈസുരുവിലെ അപ്പോളോ ആശുപത്രിയില്‍; വിടപറഞ്ഞത് ദക്ഷിണേന്ത്യയുടെ വാനമ്പാടി; 17 ഭാഷകളില്‍ വിസ്മയം തീര്‍ത്ത ജാനകി അമ്മയ്ക്ക് ആദരാഞ്ജലികള്‍ 

തെന്നിന്ത്യന്‍ ജനതയുടെ ഹൃദയം കവര്‍ന്ന പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ വൈകിട്ട് 7.30-ഓടെയാണ് വിടവാങ്ങിയത്. മരണവിവരം കൊച്ചുമകള്‍ അപ്‌സര വിദ്യുലയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കുടുംബം അതീവ ദുഃഖത്തിലാണെന്നും ഈ പ്രയാസകരമായ ഘട്ടത്തില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അപ്‌സര അഭ്യര്‍ത്ഥിച്ചു. 

പരേതനായ വി. രാമപ്രസാദാണ് ഭര്‍ത്താവ് (1958ലായിരുന്നു വിവാഹം, 1990-ല്‍ അദ്ദേഹം മരണപ്പെട്ടു). ഏക മകന്‍ മുരളീകൃഷ്ണയും മരുമകള്‍ ഉമയുമാണ്. അമൃതവര്‍ഷിണി, അപ്സര എന്നിവര്‍ പേരക്കുട്ടികളാണ്. അഖിലേന്ത്യാ മത്സരത്തിലൂടെ തുടക്കം, തെന്നിന്ത്യ കീഴടക്കിയ ശബ്ദം 1938 ഏപ്രില്‍ 23-ന് ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയിലുള്ള (ഇന്നത്തെ ആന്ധ്രാപ്രദേശ്) ഗുണ്ടൂര്‍ ജില്ലയിലെ രെപല്ലെ താലൂക്കിലെ പല്ലപത്ലയിലായിരുന്നു ജാനകിയുടെ ജനനം. പിതാവ് സിസ്ത്ല ശ്രീരാമമൂര്‍ത്തി ആയുര്‍വേദ ഡോക്ടറായും അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. സിര്‍സില്ലയില്‍ ചെലവഴിച്ച കുട്ടിക്കാലത്ത്, ഒന്‍പതാം വയസ്സിലാണ് ജാനകി ആദ്യമായി വേദിയില്‍ പാടുന്നത്. പൈഡിസ്വാമി എന്ന നാദസ്വര വിദ്വാനില്‍ നിന്ന് സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിച്ചുവെങ്കിലും അവര്‍ ശാസ്ത്രീയ സംഗീതത്തില്‍ ഔദ്യോഗികമായ യാതൊരു പരിശീലനവും നേടിയിരുന്നില്ല. 

. 1956-ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതാണ് ജാനകിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദില്‍ നിന്നാണ് അവര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് 1957-ല്‍ മദ്രാസിലെ എവിഎം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ ചലപതി റാവുവിനുവേണ്ടി 'വിധിയിന്‍ വിളയാട്ട്' എന്ന തമിഴ് ചിത്രത്തില്‍ പാടിയാണ് അവര്‍ ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ആ വര്‍ഷം തന്നെ മലയാളം ഉള്‍പ്പെടെ ആറു ഭാഷകളില്‍ പാടാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. 1957-ല്‍ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ 'ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍' എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടിയത്. 

1962-ല്‍ പുറത്തിറങ്ങിയ 'കൊഞ്ചും ചിലങ്കൈ' എന്ന തമിഴ്ചിത്രത്തിലെ 'ശിങ്കാര വേലനെ ദേവ' എന്ന ഗാനം തെന്നിന്ത്യന്‍ സംഗീതലോകത്തെ ഇളക്കിമറിക്കുകയും സിനിമാരംഗത്ത് ജാനകിയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. 

 മലയാളികളുടെ പ്രിയപ്പെട്ട ജാനകി അമ്മ 

തെലുങ്ക് മാതൃഭാഷയാണെങ്കിലും മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കാനും എഴുതാനും ജാനകിക്ക് കഴിഞ്ഞിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കുവേണ്ടിയും പാടിയിട്ടുണ്ടെങ്കിലും എം.എസ്. ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികള്‍ക്ക് ഏറ്റവുമധികം അനുഭവവേദ്യമായത്.

 'തളിരിട്ട കിനാക്കള്‍തന്‍..' (മൂടുപടം), 'അഞ്ജന കണ്ണെഴുതീ...' (തച്ചോളി ഒതേനന്‍), 'സൂര്യകാന്തീ..' (കാട്ടുപൂവ്), 'ഒരു കൊച്ചു സ്വപ്നത്തിന്‍' (തറവാട്ടമ്മ), 'താമര കുമ്പിളിലല്ലോ മമഹൃദയം' (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇവയ്ക്ക് പുറമെ 'മഞ്ഞണിപ്പൂനിലാവില്‍', 'നിദ്രതന്‍ നീരാഴി', 'ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍', 'സന്ധ്യേ കണ്ണീരിതെന്തേ', 'ഉണരൂ വേഗം നീ', 'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍', 'ഇളം മഞ്ഞിന്‍ കുളിരുമായി', 'മാനത്തിന്‍ മുറ്റത്ത്', 'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍', 'മഞ്ഞണിക്കൊമ്പില്‍', 'ഗോപികേ നിന്‍ വിരല്‍', 'തേനും വയമ്പും', 'മൈനാകം', 'നാഥാ നീവരും കാലൊച്ച' തുടങ്ങിയ നൂറുകണക്കിന് അനശ്വരഗാനങ്ങളിലൂടെ ആ മാന്ത്രികശബ്ദം മലയാളിഹൃദയങ്ങളെ കീഴടക്കി. 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജര്‍മന്‍ ഉള്‍പ്പെടെ 17 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങളാണ് ജാനകി ആലപിച്ചിട്ടുള്ളത്. 

 പുരസ്‌കാരങ്ങളും പത്മഭൂഷണ്‍ നിരസിക്കലും 

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നാല് തവണയാണ് ജാനകിയെ തേടിയെത്തിയത്. 1981-ല്‍ 'ഓപ്പോള്‍' എന്ന സിനിമയിലെ 'ഏറ്റുമാനൂരമ്പലത്തില്‍' എന്ന ഗാനത്തിനാണ് മലയാളത്തില്‍ ആദ്യമായി ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. രണ്ടു തവണ തമിഴ് ഗാനങ്ങള്‍ക്കും ഒരു തവണ തെലുങ്ക് ഗാനത്തിനുമാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 11 തവണയും ആന്ധ്രാ സര്‍ക്കാരിന്റെ അവാര്‍ഡ് (നന്തി അവാര്‍ഡ്) 10 തവണയും തമിഴ്നാട് സംസ്ഥാന അവാര്‍ഡ് ഏഴു പ്രാവശ്യവും ഒറീസ സര്‍ക്കാരിന്റെ അവാര്‍ഡ് ഒരു തവണയും ഉള്‍പ്പെടെ 33-ലധികം വിവിധ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 

2013-ല്‍ ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും ജാനകി അത് നിരസിച്ചു. ഇന്ത്യന്‍ സംഗീതത്തിന് താന്‍ നല്‍കിയ വിപുലമായ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ ഭാരതരത്നത്തിന് തന്നെ പരിഗണിക്കേണ്ടതായിരുന്നുവെന്നും, ഈ അംഗീകാരം വളരെ വൈകിപ്പോയ ഒന്നാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു അന്ന് അവര്‍ അവാര്‍ഡ് നിരസിച്ചത്. തെന്നിന്ത്യയുടെ വാനമ്പാടിയുടെ വേര്‍പാടില്‍ സംഗീത ലോകവും ആരാധകരും ഒന്നടങ്കം ആഴത്തിലുള്ള ദുഃഖത്തിലാണ്.

Read more topics: # എസ്. ജാനകി
s janaki passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES