സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാലതാരമായാണ് നസ്രിയ അഭിനയ ലോകത്തേക്ക് ചുവട് വച്ചത്. തുടർന്ന് നായികയായി മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് സജീവമാകുകയും ചെയ്തു. അടുത്ത മാസം ഏഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരങ്ങള്‍. എന്നാൽ ഇപ്പോൾ സഹപാഠികളെ വിവാഹം ക്ഷണിക്കാന്‍ നസ്രിയ മറന്ന് പോയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.
എന്റെ മകന്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവന്റെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളാണ് നസ്രിയ നസിമും ശ്രീലക്ഷ്മി ശ്രീകുമാറും. പാച്ചിക്ക (ഫാസില്‍) യുമായി എനിക്ക് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിലടക്കം ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഫഹദ് ഫാസിലിന്റെ കല്യാണം എന്നെ വിളിച്ചില്ല. ഞാന്‍ അന്വേഷിച്ചപ്പോള്‍ ആരെയൊക്കെ കല്യാണത്തിന് പങ്കെടുപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം ഫഹദ് തന്നെ കൊടുത്തു എന്ന് അറിഞ്ഞു.
വിളിക്കാത്തതില്‍ എനിക്ക് പരിഭവമില്ല. പക്ഷേ എന്റെ മകളുടെ ക്ലാസില്‍ പഠിച്ച കുട്ടിയാണല്ലോ. അതുകൊണ്ട് കൂട്ടുകാരിയുടെ കല്യാണത്തിന് കൂടാന്‍ സഹപാഠികള്‍ക്ക് ആഗ്രഹമുണ്ട്. അവര്‍ വിചാരിച്ചത് ഞാന്‍ സംവിധായകനൊക്കെ ആയത് കൊണ്ട് കല്യാണകുറി കിട്ടുമെന്നാണ്. അവരെന്നെ വിളിച്ച് ഞങ്ങള്‍ മൂന്ന് പേര്‍ക്ക് നസ്രിയയുടെ കല്യാണത്തില്‍ പങ്കെടുക്കണമെന്നുണ്ട്. ഓരോ ലെറ്റര്‍ തരുമോന്ന് ചോദിച്ചു.
ഞാനെങ്ങനെ തരാനാണ്? ഫഹദോ നസ്രിയയോ ഫാസിലോ ആണ് തരേണ്ടതെന്ന് പറഞ്ഞു. എന്നെ പോലും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അല്ലാതെ പോകാന്‍ പറ്റുമോ എന്നായി അവര്‍. കല്യാണ കത്ത് ഇല്ലാതെ വിളിക്കാത്ത കല്യാണത്തിന് പോവരുതെന്ന് പറഞ്ഞ് അവരെ ഞാന്‍ നിരുത്സാഹപ്പെടുത്തി. കൂടെ പഠിച്ചവരില്‍ രണ്ടോ മൂന്നോ പേരെയെ നസ്രിയ വിളിച്ചിട്ടുള്ളു.
സ്‌കൂള്‍ കഴിഞ്ഞ പാടെ സിനിമയില്‍ തിരക്കായതോടെ ഒന്നിച്ച് പഠിച്ചവരെ ഒക്കെ മറന്നിട്ടുണ്ടാവാം. എന്റെ മകന്‍ ഭരത് ചന്ദ്രനെയും വിളിച്ചിട്ടില്ല. അത് ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട്. എന്ത് കൊണ്ട് നസ്രിയ കൂടെ പഠിച്ച സുഹൃത്തുക്കളെ വിളിക്കാത്തതെന്ന്. പത്തോ ഇരുപതോ പേരെ വിളിച്ചാല്‍ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല.
നസ്രിയയെ പോലെ തന്നെ ജഗതി ശ്രീകുമാര്‍ ചേട്ടന്റെ മകള്‍ ശ്രീലക്ഷ്മിയും. എറണാകുളത്ത് വെച്ചായിരുന്നു കല്യാണം. ശ്രീലക്ഷ്മിയുടെ അമ്മ കലയ്ക്ക് എന്നെ നല്ല പരിചയമുണ്ട്. അമ്പിളി ചേട്ടന്‍ കല്യാണം കഴിക്കുന്നതിന് മുന്നെ എനിക്ക് പരിചയമുണ്ട്. ക്രൈസ്റ്റ് നഗറില്‍ വച്ച് പലവട്ടം കാണുകയും ശ്രീലക്ഷ്മിയോടും അമ്മയോടും ഞാന്‍ സംസാരിച്ചിട്ടുമുണ്ട്. എങ്കിലും വിവാഹം വിളിച്ചില്ല. അത് സാരമില്ല. പാവം കുട്ടിയാണ്. അച്ഛന്‍ അസുഖബാധിതനായിരിക്കുന്നു. അമ്മയും അവളും കൂടെയാണ് എല്ലാം ചെയ്തത്. നന്നായി വരട്ടേ എന്നേ ഞാന്‍ പ്രാര്‍ഥിച്ചുള്ളു. ആ പരിഭവം എനിക്കില്ല. ഗള്‍ഫില്‍ എവിടെയോ സന്തോഷമായി അവള്‍ ജീവിക്കുന്നുണ്ട്.