ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് സായ് പല്ലവിയുടെ അനുജത്തി വിവാഹിതയായത്. അപ്പോഴെല്ലാം ആരാധകര്‍ ചോദിച്ചത് സായ് പല്ലവിയ്ക്ക് വിവാഹം കഴിക്കണ്ടേ.. നടി പ്രണയത്തിലാണോ എന്നൊക്കെയാണ്. എന്നാല്‍ പ്രണയമൊന്നും തന്നെ ഇല്ലാത്ത നടി ബാച്ചിലര്‍ ലൈഫ് ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോഴുള്ളത്. അതിനിടെയാണ് താരത്തിന്റെ കുടുംബത്തില്‍ നിന്നും മറ്റൊരു വിവാഹ വാര്‍ത്ത പുറത്തു വരുന്നത്. അതു മറ്റാരുടേതുമല്ല, നടിയുടെ സഹോദരന്റെയാണ്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷമാക്കിയ കല്യാണത്തിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
സഹോദരന്റെ വിവാഹാഘോഷത്തില്‍ മതിമറന്ന് ഡാന്‍സ് ചെയ്യുന്ന സായ് പല്ലവിയുടെ വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുന്നത്. ബന്ധുക്കള്‍ക്കൊപ്പം പരമ്പരാഗത ശൈലിയിലുള്ള ബഡഗ നൃത്തം ചെയ്യുന്ന സായ് പല്ലവിയെ ആണ് വീഡിയോയില്‍ കാണാനാവുക. മറ്റൊരു വീഡിയോയില്‍, നാത്തൂന്റെ താലി മുറുക്കി കെട്ടി കൊടുക്കുന്ന സായ് പല്ലവിയെയും കാണാം. ബന്ധുക്കള്‍ക്കൊപ്പം കുരവയിട്ടും കൈകൊട്ടിയും ആഘോഷത്തിന് ഓളം നല്‍കുന്നുണ്ട് സായി പല്ലവിയും. ബഡഗ സമുദായക്കാരാണ് സായ് പല്ലവി. അവരുടെ വിവാഹ ചടങ്ങുകളും ഏറെ വ്യത്യസ്തമാണ്. നാടോടി സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശക്തമായ പാരമ്പര്യവും ബഡഗകള്‍ക്ക് ഉണ്ട്. ബഡഗ സമുദായത്തിന്റെ പരമ്പരാഗത നൃത്തങ്ങളും പാട്ടുകളും ഇന്നും പരിശീലിക്കപ്പെടുന്നു.
തമിഴ്‌നാട്ടിലെ നീലഗിരിയില്‍ വേരുകളുള്ള 'ബഡഗ' സമുദായത്തിലുള്ളവരാണ് സായ് പല്ലവിയുടെ കുടുംബം. അവരുടെ വ്യതിരിക്തമായ സംസ്‌കാരത്തിനും ഭാഷയ്ക്കും പാരമ്പര്യത്തിനും പേരുകേട്ടവരാണ് ബഡഗകള്‍. ദ്രാവിഡ ഭാഷയായി കണക്കാക്കപ്പെടുന്ന ബഡഗയാണ് ഇവരുടെ ഭാഷ. എന്നാല്‍ വളരെ കുറച്ചു ആളുകള്‍, പ്രത്യേകിച്ചും ബഡഗ മുദായത്തിലെ പ്രായമായ അംഗങ്ങള്‍ മാത്രമാണ് ഇന്ന് ബഡഗ ഭാഷ സംസാരിക്കുന്നത്. സായ് പല്ലവിയും ബഡഗ ഭാഷയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.
മുന്‍പൊരു അഭിമുഖത്തില്‍ സായി പല്ലവി ബഡഗ സമുദായത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ''എനിക്ക് പ്രായമായപ്പോള്‍, ഞാന്‍ ഒരു ബഡഗയെ വിവാഹം കഴിക്കണമെന്ന് എന്നോടു പറഞ്ഞു. പലരും സമൂഹത്തിന് പുറത്ത് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ, അവര്‍ കോത്തഗിരിയിലെ ഹട്ടിയില്‍ താമസിക്കുന്നില്ല. എന്റെ അച്ഛനും അമ്മയും കോയമ്പത്തൂരിലാണ് താമസിക്കുന്നത്, അതിനാല്‍ മറ്റുള്ളവര്‍ അവരെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന സമ്മര്‍ദ്ദം അവര്‍ക്കില്ല.'
''ഞങ്ങളുടെ നാട്ടില്‍ ബഡഗയല്ലാത്ത ഒരാളെ വിവാഹം കഴിച്ചാല്‍, ഗ്രാമത്തിലെ ആളുകള്‍ നിങ്ങളെ വ്യത്യസ്തരായി കാണും. അവര്‍ നിങ്ങളോട് കൂട്ടുകൂടില്ല. അവരുടെ ഉത്സവങ്ങള്‍ക്കും പരിപാടികള്‍ക്കും നിങ്ങളെ ക്ഷണിക്കുകയില്ല. ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അത് അവരുടെ ജീവിതശൈലിയെ ബാധിക്കും. നാട്ടില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് അവരെ സമുദായം അകറ്റി നിര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്,' ബഡഗ സമുദായത്തിലെ വിവാഹരീതികളെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകളിങ്ങനെ ആയിരുന്നു..
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സായ് പല്ലവി. ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകള്‍ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം. വളരെ ലളിതമായ ജീവിതം നയിക്കുന്നൊരാള്‍ കൂടിയാണ് സായ് പല്ലവി.